കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരായ ലഹരിക്കേസിലെ അന്വേഷണത്തില്‍ പിഴവുണ്ടായതായി വിചാരണ കോടതി. നടപടിക്രമങ്ങള്‍ പാലിച്ചല്ല അന്വേഷണം നടന്നിരിക്കുന്നതെന്ന് കോടതി പറഞ്ഞു.
നടനും സുഹൃത്തുക്കളും കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്ന് പരിശോധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പിടിച്ചെടുത്ത കൊക്കെയ്ന്റെ ഘടകങ്ങള്‍ വേര്‍തിരിച്ച് പരിശോധിച്ചില്ലെന്നും കോടതി വിമര്‍ശിച്ചു.
കൂടാതെ പൊലീസ് കണ്ടെടുത്ത വസ്തുക്കള്‍ സെര്‍ച്ച് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി പറയുന്നു.
2025 ഫെബ്രുവരി 12ന് ഷൈന്‍ ഉള്‍പ്പെടെയുള്ളവരെ കൊക്കെയ്ന്‍ കേസില്‍ വെറുതെ വിട്ടിരുന്നു. 2015ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഏഴാം പ്രതി ഒഴികെ എല്ലാവരെയും കോടതി വെറുതെ വിടുകയായിരുന്നു.
2015 ജനുവരി 15നാണ് കടവന്ത്രയിലെ ഫ്ലാറ്റില്‍ നിന്ന് ഷൈന്‍ അടക്കം അഞ്ച് പേര്‍ അറസ്റ്റിലാകുന്നത്. ഇവരുടെ കൈയില്‍ നിന്ന് പൊലീസ് ലഹരിയും കണ്ടെടുത്തിരുന്നു. കേരളത്തിലെ ആദ്യത്തെ കൊക്കെയ്ന്‍ കേസായിരുന്നു ഇത്.
എന്നാല്‍ 2015ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 2018ലാണ് വിചാരണ ആരംഭിച്ചത്. ഇതിനിടെ വിചാരണ നിര്‍ത്തിവെക്കുകയും കേസില്‍ പൊലീസ് തുടരന്വേഷണം നടത്തുകയും ചെയ്തിരുന്നു. അതിനുശേഷം നടന്ന വിചാരണയിലാണ് ഏഴ് പ്രതികളെ വെറുതെ വിട്ടത്.
കേസില്‍ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്. വിചാരണയില്‍ ഹാജരാകാത്തതിനാലാണ് കേസിലെ ഏഴാം പ്രതിയെ നടപടിയില്‍ പരിഗണിക്കാതിരുന്നത്.
നിലവില്‍ പുറത്തുവന്ന ഷൈന്‍ അടക്കമുള്ളവരെ വെറുതെ വിട്ട ഉത്തരവിന്റെ പകര്‍പ്പിലാണ് പൊലീസ് അന്വേഷണത്തിനെതിരായ കോടതിയുടെ വിമര്‍ശനങ്ങള്‍.
കഴിഞ്ഞ ദിവസം ലഹരിക്കേസില്‍ താന്‍ പ്രതിയായത് സ്വാധീനിക്കാന്‍ ആളില്ലാത്തതുകൊണ്ടാണെന്നും ലഹരിക്കേസുകളില്‍ പലതും വാര്‍ത്തയ്ക്ക് വേണ്ടി മാത്രമാണെന്നും ഷൈന്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
തുടര്‍ന്ന് ലഹരി സംബന്ധിച്ച ചോദ്യങ്ങളില്‍ പ്രകോപിതനായി ഷൈന്‍ അഭിമുഖത്തില്‍ നിന്ന് ഇറങ്ങി പോകുകയും ചെയ്തിരുന്നു.
Content Highlight: Cocaine case against Shine Tom Chacko; Trial court finds fault in investigation