നടന്‍ മമ്മൂട്ടിയുടെ 70ാം ജന്മദിനം വലിയ രീതിയില്‍ ആഘോഷിച്ചിരിക്കുകയാണ് മലയാള സിനിമാ ലോകം. ലോകത്തെമ്പാടുമുള്ള മലയാളികള്‍ മമ്മൂട്ടിക്ക് ആശംസകളുമായി എത്തിയിരുന്നു. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും വാചാലരാവുകയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍.
മമ്മൂട്ടിയുടെ പഴയ അഭിമുഖങ്ങളും വ്യത്യസ്തപരിപാടികളുമെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ഗായകന്‍ യേശുദാസിനും നടന്‍ സിദ്ദിഖിനുമൊപ്പം വേദി പങ്കിടുന്ന മമ്മൂട്ടിയുടെ ഒരു പഴയ വീഡിയോയാണ് അത്തരത്തില്‍ ഇപ്പോള്‍ വൈറലാകുന്നത്. യേശുദാസിനെ അനുകരിച്ച് പാട്ടുപാടാന്‍ ശ്രമിക്കുന്ന നടന്‍ സിദ്ദിഖിനെ യേശുദാസിന്റെ മുന്നില്‍ വെച്ച് തന്നെ രസകരമായി ട്രോളുന്ന മമ്മൂട്ടിയെയാണ് വീഡിയോയില്‍ കാണുന്നത്. മമ്മൂട്ടിയുടെ പാട്ടിനേയും താളത്തേയും തിരിച്ച് സിദ്ദിഖും കളിയാക്കുന്നുണ്ട്.
തന്റെ ഒരു ഗാനം മമ്മൂട്ടിയോട് പാടാന്‍ യേശുദാസ് ആവശ്യപ്പെട്ടപ്പോള്‍ ‘ഞാന്‍ പാടാനോ ഞാന്‍ ഇപ്പോള്‍ ബോധം കെട്ടും വീഴും’ എന്നാണ് മമ്മൂട്ടി മറുപടി നല്‍കുന്നത്. മമ്മൂക്കയെ പാടാന്‍ ഞങ്ങള്‍ സമ്മതിക്കില്ലെന്നും ഇത്രയും വലിയ ദ്രോഹമുണ്ടോ എന്നുമാണ് ഇതിന് സിദ്ദിഖ് നല്‍കുന്ന മറുപടി.
ഇതിന് പിന്നാലെയാണ് യേശുദാസ് പാടിയ പഴയ പാട്ടുകള്‍ ഓരോന്നായി വേദിയില്‍ സിദ്ദിഖ് പാടിത്തുടങ്ങുന്നത്. ദാസേട്ടനെ യേശുദാസ് എന്നായിരുന്നു താനും മമ്മൂക്കയും അടക്കമുള്ള ആരാധകര്‍ അന്ന് വിളിച്ചിരുന്നതെന്നും മീശയൊന്നുമില്ലാതെ പാന്റും ഷര്‍ട്ടുമിട്ട് വേദിയില്‍ പാടിയിരുന്ന യേശുദാസിനെയായിരുന്നു ഞങ്ങള്‍ ആരാധിച്ചിരുന്നതെന്നും അന്ന് ഇത്രയും മുഴക്കമുള്ള ശബ്ദമല്ലെന്നും പതിഞ്ഞ ശബ്ദമായിരുന്നെന്നും പറഞ്ഞാണ് സിദ്ദിഖ് യേശുദാസിന്റെ പാട്ടുകള്‍ ഓരോന്നായി സിദ്ദിഖ് പാടി തുടങ്ങിയത്.
”കണ്ണുനീര്‍ മുത്തുമായ് കാണാനെത്തിയ കതിരുകാണാക്കിളി ഞാന്‍…ഇതാണ് ഞാന്‍ ആദ്യം കേട്ട ദാസേട്ടന്റെ പാട്ട്. പിന്നീട് വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരു പെണ്ണ്…എന്ന ഗാനം അല്‍പ്പം കൂടി പതിഞ്ഞ ശബ്ദത്തില്‍ കേട്ടു എന്ന് പറഞ്ഞ് ആ ഗാനത്തിലെ ഏതാനും വരികളും സിദ്ദിഖ് വേദിയില്‍ പാടി.
തങ്ങളുടെ ബാല്യകൗമാര യൗവനങ്ങളിലെല്ലാം ദാസേട്ടന്റെ പാട്ടായിരുന്നു. ദാസേട്ടന്‍ ഒരു പാട്ട് പാടിയങ്ങ് പോകും. ഞങ്ങള്‍ ഇത് പാടിയൊപ്പിക്കാന്‍ പെടുന്ന പാട് ഭയങ്കരമായിരുന്നു. ഞങ്ങളുടെ പ്രണത്തിലൊക്കെ ദാസേട്ടനുണ്ടായിരുന്നു.
ഇന്ദുലേഖേ.. ഇന്ദുലേഖേ ഇന്ദ്രസദസിലെ നൃത്തലോലെ…. എന്ന പാട്ട് സിദ്ദിഖ് പാടിത്തുടങ്ങിയപ്പോള്‍ കൂടെ മമ്മൂട്ടിയും പാടി. എന്നാല്‍ മമ്മൂട്ടിയോട് മമ്മൂക്ക കൂടെ പാടരുതെന്നും തന്റെ ശബ്ദം ഇത്രയും മോശമായോ എന്ന് താന്‍ വിചാരിച്ചുപോയി എന്നുമായിരുന്നു സിദ്ദിഖിന്റെ രസകരമായ കമന്റ്. മമ്മൂക്ക കൂടെ പാടിയാല്‍ തന്റെ പാട്ട് തെറ്റിപ്പോകുമെന്നും വേണമെങ്കില്‍ മമ്മൂക്ക ഒറ്റയ്ക്ക് പാടിക്കോ എന്നു കൂടി ചിരിച്ചുകൊണ്ട് സിദ്ദിഖ് പറഞ്ഞുവെച്ചു.
എന്നാല്‍ അഹങ്കാരത്തിന് കയ്യും കാലും വെച്ചത് കണ്ടോ എന്നായിരുന്നു ഇതിന് മമ്മൂട്ടി നല്‍കിയ മറുപടി. എന്നാല്‍ ദാസേട്ടന്‍ തന്നെ ശിഷ്യനായി അംഗീകരിച്ചിട്ടുണ്ടെന്ന് സിദ്ദിഖ് മറുപടി നല്‍കി. മമ്മൂട്ടിയും വിട്ടുകൊടുത്തില്ല. ദാസേട്ടനെ കൊണ്ട് ശിഷ്യന്‍ എന്ന് വേണമെങ്കില്‍ ഞാനും വിളിപ്പിക്കാമെന്നും അതിന് വലിയ ബുദ്ധിമൊട്ടുന്നുമില്ലെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.
”സിദ്ദിഖ് രണ്ട് മൂന്ന് പാട്ട് ഇവിടെ പാടി. ദാസേട്ടന്റെ ചെറുപ്പത്തിലെ ആ ശബ്ദം, പ്രായം കൂടിയപ്പോള്‍ ഈ ശബ്ദം, ഇപ്പോള്‍ ഈ ശബ്ദം എന്നൊക്കെ പറഞ്ഞ്. ഇവന്റെ വിചാരം യേശുദാസിന്റെ ശബ്ദത്തിലാണ് ഇവന്‍ ഇതൊക്കെ പാടുന്നതെന്നാണ്”, മമ്മൂട്ടിയുടെ ഈ മറുപടിയെ കയ്യടിയോടെയായിരുന്നു സദസ് പിന്തുണച്ചത്.
പാട്ട് പാടാന്‍ കഴിയാത്തതിലെ അസൂയയാണ് മമ്മൂക്കയ്ക്ക് എന്നായിരുന്നു സിദ്ദിഖിന്റെ തുടര്‍ന്നുള്ള മറുപടി.
”സംഗീത സംവിധായകനായി രവീന്ദ്രന്‍ മാസ്റ്റര്‍ എത്തിയപ്പോഴായിരുന്നു ദാസേട്ടന്റെ അതുവരെ കേട്ടിട്ടില്ലാത്ത ശബ്ദം നമ്മള്‍ കേള്‍ക്കുന്നത്.
തൊണ്ടയില്‍ നിന്നായിരുന്നില്ല ഹൃദയത്തില്‍ നിന്നായിരുന്നു ദാസേട്ടന്റെ ആ ശബ്ദം വന്നത്,” സിദ്ദിഖ് പറഞ്ഞു.
താരകേ.. മിഴിയിതളില്‍ കണ്ണീരുമായി താഴേ തിരയുവതാരേ നീ എന്ന് പാടിയ ശേഷം ദാസേട്ടന്‍ ഇതിന്റെ രണ്ട് വരി പാടണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടു. ഇതോടെ ‘കഴിഞ്ഞ രണ്ടാഴ്ചയായി ഇവന്‍ ഇത് പാടിപ്പടിക്കുകയാണെന്നും ഇതുവരെ ശരിയായിട്ടില്ലെന്നായിരുന്നു’ മമ്മൂട്ടിയുടെ കിടിലന്‍ തഗ്ഗ്
ഇത് കേട്ട് യേശുദാസടക്കം വേദിയില്‍ പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് മമ്മൂട്ടിയുടെ എക്കാലത്തേയും ഹിറ്റ് ചിത്രമായ വടക്കന്‍ വീരഗാഥയിലെ ചന്ദന ലേപസുഗന്ധം എന്ന ഗാനം കൂടി പാടിയാണ് യേശുദാസ് വേദി വിട്ടത്.