ടാക്‌സ് കൃത്യമായി കൊടുക്കുന്നുണ്ട്, എന്നിട്ടും നമ്മള്‍ക്ക് വേണ്ട കാര്യങ്ങള്‍ ഇവിടെ കിട്ടുന്നില്ല: ജയസൂര്യ
Entertainment news
ടാക്‌സ് കൃത്യമായി കൊടുക്കുന്നുണ്ട്, എന്നിട്ടും നമ്മള്‍ക്ക് വേണ്ട കാര്യങ്ങള്‍ ഇവിടെ കിട്ടുന്നില്ല: ജയസൂര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 1st October 2022, 9:01 pm

ആദ്യ കാലത്ത് കോമഡി റോളുകളിലൂടെ പ്രേക്ഷക മനസുകള്‍ കീഴടക്കിയ താരമാണ് ജയസൂര്യ. പിന്നീട് സീരിയസ് റോളുകളിലേക്ക് കളം മാറിയ ജയസൂര്യ ഇന്ന് മലയാളത്തില്‍ ഏറെ വ്യത്യസ്ത വേഷങ്ങള്‍ ചെയ്യുന്നൊരു നടനാണ്.

നടനെന്ന പോലെ തന്നെ സാമൂഹിക വിഷയങ്ങളിലും ഇടപെടലുകള്‍ താരം നടത്താറുണ്ട്. റോഡുകളുടെ അവസ്ഥയെക്കുറിച്ച് പറയാന്‍ പൊതുമരാമത്ത് മന്ത്രിയെ ജയസൂര്യ വിളിച്ചിരുന്നു. ഉടനെ തന്നെ പരിഹാരവും മന്ത്രി കണ്ടിരുന്നു.

സിനിമ പ്രവര്‍ത്തകരെ എല്ലാവരുമറിയുന്നത് കൊണ്ടാണ് അവര്‍ പ്രതികരിക്കുന്നത് വാര്‍ത്തയാകുന്നതെന്നും പാര്‍ട്ടിക്കെതിരെയല്ല പ്രതികരിക്കുന്നത് പകരം സിസ്റ്റത്തിനെതിരെയാണ് ആളുകള്‍ പ്രതികരിക്കുന്നതെന്ന് ഇപ്പോള്‍ മീഡിയ വണ്ണിനോട് പറയുകയാണ് ജയസൂര്യ.

”സാധാരണക്കാരെ ആരും അറിയാത്തത് കൊണ്ടാണ് അവര്‍ പ്രതികരിക്കുന്നത് ആരും ശ്രദ്ധിക്കാതെ പോകുന്നത്. സിനിമ നടനെ എല്ലാവര്‍ക്കുമറിയാവുന്നതുകൊണ്ട് അയാള്‍ പ്രതികരിക്കുന്നത് വാര്‍ത്തയാകുന്നത്.

എത്രയാളുകള്‍ റോഡിലെ കുഴിയടയ്ക്കുന്നുണ്ട്. സാധാരണക്കാര്‍ റോഡിലെ കുഴിയടയ്ക്കാന്‍ ഇറങ്ങുന്നുണ്ടെങ്കില്‍ അത് ഈ നാട്ടിലെ സര്‍ക്കാരിന്റെ കുഴപ്പം കൊണ്ടാണെന്നാണ് ഞാന്‍ പറയുക. എന്തുകൊണ്ടാണ് കേരളത്തില്‍ നിന്ന് വിട്ട് യാത്ര ചെയ്യുമ്പോള്‍ നല്ല റോഡും ഫെസിലിറ്റീസുമുണ്ടാകുന്നു.

അപ്പോള്‍ പ്രശ്‌നം നമ്മളുടെ സിസ്റ്റം നല്ലതല്ലാത്തതുകൊണ്ടാണ്. അതില്‍ പ്രതികരിക്കുമ്പോഴേക്കും അയാളുടെ നെഞ്ചത്തേക്ക് കയറുകയല്ല വേണ്ടത്. ഇവിടെ നമ്മള്‍ പ്രതികരിക്കുന്നത് പാര്‍ട്ടിയെ വെച്ചിട്ടല്ല.

ഇവിടത്തെ സിസ്റ്റത്തിനോടാണ് നമ്മള്‍ പ്രതികരിക്കുന്നത്. അടിസ്ഥാനപരമായ സൗകര്യം പോലും ഇവിടെ പലരും ഒരുക്കി തരുന്നില്ല. എല്ലാം നമ്മള്‍ ചെയ്യുന്നുണ്ട്. ടാക്‌സ് കൃത്യമായി കൊടുക്കുന്നുണ്ട്. എന്നിട്ടും നമ്മള്‍ക്ക് വേണ്ട കാര്യങ്ങള്‍ ഇവിടെ കിട്ടുന്നില്ല. അങ്ങനെയല്ലല്ലോ വേണ്ടത്.

വ്യക്തികളെക്കുറിച്ച് പോസ്റ്റുകള്‍ ഇട്ട് പലരും പ്രതികരിക്കുന്നുണ്ട്. എന്തുകൊണ്ട് അതല്ലാത്ത പ്രതികരണങ്ങള്‍ ഉണ്ടാകുന്നില്ല. അതു പറയാന്‍ ആളുകള്‍ വളരട്ടെ, പറയിപ്പിക്കാതിരിക്കാന്‍ സര്‍ക്കാരും വളരട്ടെ. ഏതുസര്‍ക്കാരായാലും അത് പറയിപ്പിക്കാതിരിക്കാന്‍ ശ്രമിക്കാം,” ജയസൂര്യ പറഞ്ഞു.

നാദിര്‍ഷ സംവിധാനം ചെയ്ത ഈശോയാണ് ജയസൂര്യയുടെ പുതിയ സിനിമ. ഏപ്രില്‍ മാസം ആദ്യം റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു. സുനീഷ് വാരനാടാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

Content Highlight: Actor Jayasurya said  taxes are being paid properly, yet we are not getting what we need here