പത്താം തരം തുല്യത കോഴ്‌സിന് ചേര്‍ന്ന് നടന്‍ ഇന്ദ്രന്‍സ്; അഭിനന്ദവുമായി മന്ത്രി എം.ബി രാജേഷ്
Kerala News
പത്താം തരം തുല്യത കോഴ്‌സിന് ചേര്‍ന്ന് നടന്‍ ഇന്ദ്രന്‍സ്; അഭിനന്ദവുമായി മന്ത്രി എം.ബി രാജേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd November 2023, 7:25 pm

തിരുവനന്തപുരം: പത്താം തരം തുല്യത കോഴ്‌സിന് ചേര്‍ന്ന് വീണ്ടും വിദ്യാര്‍ത്ഥിയാകാന്‍ തീരുമാനിച്ച് നടന്‍ ഇന്ദ്രന്‍സ്. ആവശ്യത്തിന് പഠനം ഇല്ലാത്തതിനാല്‍ അംഗീകാരങ്ങള്‍ പലതും ലഭിച്ചിട്ടും പിന്നോട്ട് വലിയേണ്ടി വന്ന സാഹചര്യങ്ങള്‍ താന്‍ നേരിട്ടുണ്ടെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. അത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ടിയാണ് ഈ തീരുമാനമെടുത്തതെന്നും അതിന് കഴിയുന്ന നല്ല അവസരമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്ത് മാസമാണ് പഠനത്തിന്റെ കാലയളവ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹൈസ്‌കൂളില്‍ എല്ലാ ഞായറാഴ്ചയുമാണ് ക്ലാസുകള്‍ നടക്കുക. ഏഴാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയ വ്യക്തിയാണ് ഇന്ദ്രന്‍സ്. അതുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിച്ച ശേഷമാണ് അദ്ദേഹം പഠനം ആരംഭിച്ചിരിക്കുന്നത്.

അതേസമയം പത്താം തരം തുല്യതാ പഠനത്തിന് ചേര്‍ന്നതില്‍ സി.പി.ഐ.എം നേതാവും മന്ത്രിയുമായ എം.ബി. രാജേഷ് ഇന്ദ്രന്‍സിന് അഭിനന്ദനം അറിയിച്ചു. വിദ്യാഭ്യാസമെന്നാല്‍ കേവലം പരീക്ഷകള്‍ പാസാകലോ ഉന്നത ബിരുദങ്ങള്‍ നേടലോ മാത്രമല്ല, വിശാലമായ ലോകവീക്ഷണവും മനുഷ്യപ്പറ്റും ആര്‍ജിക്കുക എന്നത് കൂടിയാണെന്ന് എം.ബി. രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

വിശാലമായ ലോകവീക്ഷണവും മനുഷ്യപ്പറ്റും വേണ്ടുവോളമുള്ള മഹാനടനാണ് ഇന്ദ്രന്‍സെന്നും മന്ത്രി പറഞ്ഞു. വിദ്യാസമ്പന്നരായ പലര്‍ക്കും മാതൃകയാക്കാവുന്ന പലരിലും കാണാത്ത സ്വഭാവ സവിശേഷതകളുമുള്ള മനുഷ്യന്‍ കൂടിയാണ് അദ്ദേഹമെന്നും എം.ബി. രാജേഷ് പറഞ്ഞു.

ഇന്ദ്രന്‍സിന്റെ തീരുമാനം സംസ്ഥാന സാക്ഷരതാ മിഷനും തുടര്‍ വിദ്യാഭ്യാസ പദ്ധതിക്കുമുള്ള അംഗീകാരമാണെന്നും കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യവും ഇന്ദ്രന്‍സിന്റെ അറിയിക്കുന്നതായും എം.ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം കുമാരപുരം സ്‌കൂളിലാണ് ഏഴാം ക്ലാസ് വരെയുള്ള പഠനം ഇന്ദ്രന്‍സ് പൂര്‍ത്തിയാക്കിയത്. ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ ഇന്ദ്രന്‍സ് നേടിയിട്ടുണ്ട്. ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരവും ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് 2018ല്‍ സംസ്ഥാന അവാര്‍ഡും നേടിയിരുന്നു.

Content Highlight: Actor Indrans joins Class 10 Equivalence Course