Advertisement
Movie Day
ഇവന്‍ മറ്റേ കക്ഷി (സി.പി.ഐ.എം) ആണോയെന്ന് സംശയമുണ്ടെന്ന് ആരെങ്കിലും പറയുമ്പോള്‍ ഏയ് അല്ല ഇവന്‍ നക്‌സലൈറ്റാ എനിക്കുറപ്പാ എന്ന് അച്ഛന്‍ തിരുത്തും : ഹരീഷ് പേരടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 01, 12:00 pm
Friday, 1st July 2022, 5:30 pm

എല്ലാവരും പോകുന്ന വഴിയിലൂടെ ആയിരുന്നില്ല ജീവിതമെന്നതിനാല്‍ എതിര്‍പ്പുകളെയും ചോദ്യം ചെയ്യലുകളെയും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടന്‍ ഹരീഷ് പേരടി. നാടകം കൊണ്ടും ജീവിക്കാം എന്ന് എല്ലാവര്‍ക്കും തെളിയിച്ചു കൊടുക്കണം എന്നായിരുന്നു ആഗ്രഹമെന്നും അതൊക്കെ പോരാട്ടമായിരുന്നെന്നും ഹരീഷ് പേരടി പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒപ്പം കുട്ടിക്കാലത്തെ ചില അനുഭവങ്ങളെ കുറിച്ചും രാഷ്ട്രീയ നിലപാടുകളെ കുറിച്ചുമൊക്കെ ഹരീഷ് പേരടി സംസാരിക്കുന്നുണ്ട്.

എന്റേത് ഒരു കോണ്‍ഗ്രസ് കുടുംബം ആയിരുന്നല്ലോ. ചെറുപ്പത്തില്‍ വീട്ടില്‍ പാര്‍ട്ടിയുടെ മീറ്റിങ്ങുകളൊക്കെ കാണും. ഞാന്‍ ഒരു ട്രൗസറൊക്കെയിട്ട് കസേരയില്‍ കാലില്‍ കാല്‍ കയറ്റിവച്ച് ഇരിക്കും. ഗോപിയേട്ടാ ഇവന്‍ മറ്റേ കക്ഷി(സി.പി.ഐ.എം) ആണോ എന്ന് സംശയം ഉണ്ടെന്ന് ആരെങ്കിലും പറയും. അച്ഛനപ്പോള്‍ തിരുത്തും ‘ഏയ്… അതല്ല… ഇവന്‍ നക്‌സലൈറ്റ് ആണെന്ന് എനിക്ക് ഉറപ്പാ’ എന്ന് പറഞ്ഞ് ചിരിക്കും.

അഭിപ്രായ സ്വാതന്ത്ര്യത്തിന് വില തരുന്ന ആളായിരുന്നു അച്ഛന്‍. അച്ഛനോട് രാഷ്ട്രീയം പറഞ്ഞ് തര്‍ക്കിക്കാം വിയോജിക്കാം. ഞാനങ്ങനെ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ച് ജീവിച്ച ആളാണ്. കലയ്‌ക്കൊപ്പം ജീവിച്ച ആളായത് കൊണ്ടു കൂടിയാവാം എനിക്കെപ്പോഴും ചരിവ് ഇടത്തേക്കായിരുന്നു.

ഇപ്പോഴത്തെ സമൂഹം നിമിഷനേരം കൊണ്ട് നമ്മളെ സംഘിയും അന്തംകമ്മിയും സുഡാപ്പിയും ഒക്കെയായി ചാപ്പകുത്തും. ജീവിതം എനിക്കൊരു ധൈര്യം തന്നിട്ടുണ്ട്. ഇഷ്ടമില്ലാത്തത് എവിടെ കണ്ടാലും പ്രതികരിക്കാനുള്ള ധൈര്യം. അമ്മ സംഘടനയില്‍ നിന്ന് ഇറങ്ങിപ്പോരാനും കാരണമായത് അതേ ധൈര്യം തന്നെയാണ്. എന്നെ സംബന്ധിച്ച് ജീവിതം വിലപ്പെട്ടതാണ്. നിലപാടുകളെടുത്ത് ജീവിക്കുക എന്നു തന്നെയാണ് അതില്‍ ഞാന്‍ പിന്തുടരുന്ന രാഷ്ട്രീയം, ഹരീഷ് പേരടി പറഞ്ഞു.

എല്ലാവരും പോകുന്ന വഴിയിലൂടെ ആയിരുന്നില്ല ജീവിതമെന്നതിനാല്‍ എതിര്‍പ്പുകളെ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതൊന്നും ശരിയല്ല. നാടകം കൊണ്ടിങ്ങനെ നടന്നാല്‍ ജീവിതം കുളമാകും എന്ന് അമ്മ പറയും. പക്ഷേ, പുറത്തുള്ളവരോട് അമ്മ അങ്ങനെയാവില്ല പറയുന്നത്. ഇന്നലെ ടൗണ്‍ഹാളില്‍ നാടകമുണ്ടായിരുന്നു. ‘എന്തായിരുന്നു കയ്യടി’ എന്നൊക്കെ അമ്മ പലരോടും അടക്കത്തില്‍ പറയുന്നത് കേട്ട് ഞാന്‍ രസിച്ചിട്ടുണ്ട്. അതായിരുന്നു പ്രോത്സാഹനം, ഹരീഷ് പേരടി പറഞ്ഞു.

തമിഴ് സിനിമകളില്‍ തനിക്ക് ലഭിക്കുന്ന അവസരങ്ങളെ കുറിച്ചും ഹരീഷ് പേരടി അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ‘കാക്കമുട്ട’യുടെ സംവിധായകന്‍ മണികണ്ഠന്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയിലെ ഒരു രംഗം കണ്ട് എന്നെ വിളിച്ചു. ആണ്ടവന്‍ കട്ടലൈ എന്ന ചിത്രം. വിജയ് സേതുപതി നായകന്‍. ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. വിജയ് സേതുപതി തന്നെയാണ് വിക്രം വേദയുടെ തിരക്കഥ വന്നപ്പോള്‍ സേട്ട എന്ന കഥാപാത്രത്തിന് എന്നെ നിര്‍ദേശിക്കുന്നത്.

തമിഴ്നാട്ടില്‍ ആ കഥാപാത്രത്തിന്റെ പേരിലാണ് ആളുകള്‍ എന്നെ വിളിക്കുന്നത് എന്നത് ഒരു സന്തോഷം. പിന്നാലെ വിജയ്‌ക്കൊപ്പം മെര്‍സല്‍. കൈതിയും വിക്രവും ഉള്‍പ്പെടെ കുറേയേറെ തമിഴ് ചിത്രങ്ങള്‍. തെലുങ്കിലും അവസരങ്ങള്‍ ലഭിച്ചു. തമിഴില്‍ നാല്പത് സിനിമകളില്‍ അഭിനയിച്ചു, ഹരീഷ് പേരടി പറഞ്ഞു.

Content Highlight: Actor Hareesh Peradi remembered his childhood and struggles