Entertainment news
പൊലീസ് ജീപ്പ് വന്നപ്പോള്‍ ഞങ്ങളെല്ലാവരും ഓടി; പിടിച്ചപ്പോള്‍ അമല പോളിന്റെ പേര് പറഞ്ഞു: അവരുടെ മറുപടി ഇതായിരുന്നു: ഹക്കിം ഷാ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 03, 04:56 am
Saturday, 3rd December 2022, 10:26 am

അതിരന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടീച്ചര്‍. അമല പോള്‍ നായകയായി എത്തുന്ന സിനിമയിലെ നായകന്‍ ഹക്കിം ഷായാണ്. അമലയുമൊത്തുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഹക്കിം ഷാ. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഞാനും അമലയും സഹപ്രവര്‍ത്തകര്‍ ആകുന്നതിന് മുമ്പ് തന്നെ സുഹൃത്തുക്കളായിരുന്നു. കാരണം ഞങ്ങള്‍ അടുത്താണ് താമസം. ലോക് ഡൗണ്‍ സമയത്ത് ക്രിക്കറ്റൊക്കെ ഒരുമിച്ച് കളിച്ചവരാണ് ഞങ്ങള്‍. അതുകൊണ്ട് തന്നെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്.

ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കോമണ്‍ ഫ്രണ്ട്‌സ് ഒരുപാട് പേരുണ്ട്. അതുകൊണ്ട് ഞങ്ങള്‍ എല്ലാവരും കൂടി ഗ്രൗണ്ടില്‍ പോയിരിക്കും. അതൊരു ചെറിയ സ്ഥലമാണ്. അവിടെ കളിക്കുമ്പോള്‍ വണ്‍ ടച്ച് ഒക്കെ ഔട്ടാണ്. വലിയ മഴയത്ത് ഒക്കെ ഞങ്ങള്‍ ഭയങ്കര കളിയായിരിക്കും. ലോക് ഡൗണ്‍ സമയമാണല്ലോ, പൊലിസ് ജീപ്പ് എവിടുന്നെങ്കിലും വരുന്നുണ്ടെങ്കില്‍ എല്ലാവരും ഓടും.

അതുവരെ വന്‍ കളിയായിരിക്കും. പൊലീസ് വന്ന് ആരാ കളിക്കുന്നത് എന്ന് ചോദിച്ചാല്‍ ഞങ്ങള്‍ പറയും, അമല പോളൊക്കെയാണെന്ന്(ചിരിക്കുന്നു). അപ്പോള്‍ വിശ്വസിക്കാന്‍ പറ്റാതെ പൊലീസ് പറയും, ഓ പിന്നെ അമല പോള്‍ നിങ്ങളുടെ കൂടെ കളിക്കാന്‍ എന്ന്. അങ്ങനെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു.

ടീച്ചറില്‍ അഭിനയിക്കുന്നതിന് മുമ്പ് ഞങ്ങള്‍ ആക്ടിങ് എക്‌സസൈസ് ചെയ്തിരുന്നു. ഞങ്ങള്‍ തമ്മിലുള്ള കെമിസ്ട്രി ആ ഒറ്റ ദിവസംകൊണ്ട് ഉണ്ടാക്കി എടുക്കണമായിരുന്നു. അതിന്റെ അവസാനം എത്തിയപ്പോള്‍ അമല ഇമോഷണല്‍ ആവാന്‍ തുടങ്ങി. ഞങ്ങള്‍ രണ്ടും പൊട്ടിക്കരയുകയൊക്കെ ചെയ്തു. കഥാപാത്രത്തിലേക്ക് വന്ന് വീഴുന്ന ഒരു അവസ്ഥയാണത്.

ഞാന്‍ ഭയങ്കര ഇന്‍സെക്വേഡായിട്ടുള്ള കഥാപാത്രമാണ് ചെയ്യുന്നത്. അമലയുടെ കഥാപാത്രം അതില്‍ നിന്നും വ്യത്യസ്തമാണ്. ഞങ്ങള്‍ക്ക് തമ്മില്‍ ഒരു കണക്ഷന്‍ കിട്ടുന്നത് അവിടെവെച്ചാണ്,’ ഹക്കിം പറഞ്ഞു.

ടെക്‌നോളജി വളരെ അപ്ഡേറ്റഡായ, എന്തും സംഭവിക്കാമെന്ന അവസ്ഥയുള്ള ഇക്കാലത്ത് നടക്കുന്ന കഥയാണ് ‘ടീച്ചറി’ന്റെ പ്രമേയമെന്നും, ഇമോഷണല്‍ ത്രില്ലര്‍ ഴോണറിലുള്ള ചിത്രമാണിതെന്നുമാണ സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ പറയുന്നത്. ഡിസംബര്‍ രണ്ടിനാണ് ചിത്രം തിയേറ്ററിലെത്തിയത്. മഞ്ജു പിള്ള, ചെമ്പന്‍ വിനോദ് തുടങ്ങിയവരും സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുന്നു.

content highlight: actor hakkim talks about his friendship with amala paul