നടന്‍ മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവം പങ്കുവെച്ച് നടന്‍ ഗോകുല്‍ സുരേഷ്. കുഞ്ഞായിരിക്കുമ്പോള്‍ അച്ഛന്റെ കൂടെ മമ്മൂട്ടി സാറും മോഹന്‍ലാല്‍ സാറുമൊക്കെ പങ്കെടുത്ത ചടങ്ങില്‍ പോയിട്ടുണ്ടെങ്കിലും ഓര്‍മ വെച്ച ശേഷം 21ാമത്തെ വയസിലാണ് താന്‍ ആദ്യമായി മമ്മൂട്ടിയെ നേരിട്ടു കണ്ടതെന്നാണ് ഗോകുല്‍ പറയുന്നത്.
സിനിമയുടെ അനുഗ്രഹം വാങ്ങാനായിട്ടാണ് മമ്മൂക്കയുടെ അടുത്ത് പോയതെന്നും പത്തോ പതിനഞ്ചോ മിനുട്ടില്‍ കൂടുതല്‍ അദ്ദേഹം തനിക്കൊപ്പം സമയം ചിലവഴിക്കാന്‍ സാധ്യതയില്ലെന്ന് കരുതിയിരുന്നെന്നും എന്നാല്‍ ആറ് മണിക്കൂറോളം നേരം അന്ന് തനിക്കൊപ്പം ഇരുന്ന് അദ്ദേഹം സംസാരിച്ചെന്നും ഗോകുല്‍ പറയുന്നു.
‘വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലാല്‍ സാര്‍ അദ്ദേഹത്തിന്റെ സിനിമയിലെ 25ാമത്തെ വര്‍ഷം ആഘോഷിക്കുന്ന ചടങ്ങില്‍ മമ്മൂട്ടി സാര്‍ വന്നിട്ടുണ്ടായിരുന്നു. അന്ന് ആ ചടങ്ങില്‍ എന്നേയും എടുത്ത് അച്ഛനും വന്നിട്ടുണ്ട്. യൂട്യൂബിലാണ് ആ വീഡിയോ ഞാന്‍ കാണുന്നത്. ഇവരെയൊക്കെ ഞാന്‍ നേരത്തെ കണ്ടിട്ടുണ്ടെന്നും ഇടപെട്ടിട്ടുണ്ടെന്നുമൊക്ക അറിയുന്നത് അങ്ങനെയാണ്.
ഓര്‍മ വെച്ചതിന് ശേഷം ഞാന്‍ മമ്മൂട്ടി സാറിനെ കാണുന്നത് എന്റെ ആദ്യ സിനിമ ചെയ്യുന്നതിന് മുന്‍പാണ്. അന്ന് അനുഗ്രഹം വാങ്ങിക്കാനായി ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് പോയിട്ടുണ്ടായിരുന്നു. കേട്ടറിഞ്ഞ പ്രതീക്ഷ വെച്ചിട്ട് പത്തോ പതിനഞ്ചോ മിനുട്ട് അദ്ദേഹം ചിലപ്പോള്‍ തന്നേക്കാമെന്നാണ് കരുതിയത്.
അധികം സംസാരിക്കുമെന്നും കരുതിയിരുന്നില്ല. എങ്കിലും ആ വിഷ്വല്‍ ട്രീറ്റ് അനുഭവിച്ചിട്ട് പെട്ടെന്ന് സ്‌കൂട്ടാവാം എന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നത്. എന്നാല്‍ അവിടെ എത്തിക്കഴിഞ്ഞപ്പോള്‍ മമ്മൂട്ടി സാര്‍ എന്നെ അവിടെ ഇരുത്തി, ഏതാണ്ട് ആറ് മണിക്കൂറോളം സമയം എന്റെ അടുത്ത് സംസാരിച്ചു.
എന്നേയും എന്റെ സുഹൃത്തിനേയും ഭക്ഷണം കഴിക്കാനായി ക്ഷണിക്കുകയും അദ്ദേഹം എനിക്ക് ഭക്ഷണം വിളമ്പിത്തരികയും ചെയ്തു. അതൊരു മാജിക്കലായിട്ടുള്ള അനുഭവമായിരുന്നു. ഭക്ഷണം കഴിച്ച് ഞാന്‍ കൈ കഴുകുമ്പോള്‍ എന്റെ സുഹൃത്ത് എന്റെ പിറകില്‍ നില്‍പ്പുണ്ട്. പുള്ളിയുടെ എക്‌സ്പ്രഷന്‍ കണ്ണാടിയില്‍ കൂടി കണ്ടപ്പോള്‍ എന്തുപറ്റിയെന്ന് ചോദിച്ചു. അവന്‍ പറഞ്ഞത് എല്ലാം ഒരു സ്വപ്‌നം പോലെ തോന്നുന്നു എന്നായിരുന്നു. എന്റെ 21ാമത്തെ വയസിലാണ് ഞാന്‍ ആ വാചകം കേള്‍ക്കുന്നത്. അതുപോലെ തന്നെ എന്നെ സംബന്ധിച്ച് അതൊരു സ്വപ്‌നമായിരുന്നു, ഗോകുല്‍ സുരേഷ് പറഞ്ഞു.
ആദ്യമായി ഒരു കോളേജില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥിക്ക് അവിടുത്തെ പ്രിന്‍സിപ്പാളിനോട് തോന്നുന്ന ആ ഒരു ബഹുമാനമില്ലേ അങ്ങനെയൊരു ഫീലാണ് എനിക്ക് മമ്മൂട്ടി സാറിനോടും ലാല്‍ സാറിനോടും എന്റെ അച്ഛനോടുമൊക്കെ. അവര്‍ എല്ലാം കണ്ട് വന്ന ആള്‍ക്കാരാണ്. അതുകൊണ്ട് തന്നെ നമ്മുടെ ആറ്റിറ്റിയൂഡ് മനസിലാക്കിയേ അവര്‍ പെരുമാറുകയുള്ളൂ. നമ്മളെ വളരെ കംഫര്‍ട്ടബിള്‍ ആക്കും.
ആ പ്രോസസ് എനിക്ക് ഭയങ്കര അത്ഭുതമായിരുന്നു. നമ്മള്‍ അത് പ്രതീക്ഷിക്കുന്നില്ല. അത്രയും വലിയ ആള്‍ക്കാരുടെ അടുത്ത് നിന്ന് ഇങ്ങനെയാരു ട്രീറ്റ്‌മെന്റ്. പിന്നെ എപ്പോള്‍ വേണമെങ്കിലും എനിക്ക് അവിടെ ചെല്ലാനുള്ള സ്വാതന്ത്ര്യം മമ്മൂട്ടി സാറായാലും ചാലുവായലും തന്നിട്ടുണ്ട്. പക്ഷേ ഞാന്‍ അവിടെ ഒരുപാട് തവണ ചെന്നു കഴിഞ്ഞാല്‍ അത് ദുരുപയോഗിക്കുന്നതുപോലെ തോന്നുമെന്നുള്ളതുകൊണ്ട് ഞാന്‍ വളരെ ചുരുക്കമേ അദ്ദേഹത്തെ അവിടെ പോയി കാണാറുള്ളൂ, ഗോകുല്‍ സുരേഷ് പറഞ്ഞു.
മമ്മൂട്ടി നായകനായ മാസ്റ്റര്‍ പീസില്‍ അഭിനയിക്കാന്‍ എടുത്ത തീരുമാനത്തെ കുറിച്ചും ഗോകുല്‍ പറഞ്ഞു. മാസ്റ്റര്‍ പീസില്‍ ചുരുങ്ങിയ സീനില്‍ മാത്രമേ ഉണ്ടാവുള്ളു എന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. എങ്കിലും മമ്മൂട്ടി സാറിന്റെ ഒരു സിനിമയില്‍ അഭിനയിക്കണം എന്നതുകൊണ്ടാണ് ആ സിനിമ കമ്മിറ്റ് ചെയ്തതെന്നും അദ്ദേഹവുമായി സ്‌ക്രീന്‍ സ്‌പേസ് ഷെയര്‍ ചെയ്യാന്‍ പറ്റിയില്ലെങ്കിലും സ്‌ക്രീന്‍ ഷെയര്‍ ചെയ്‌തെന്ന ഫീല്‍ തന്നെയായിരുന്നു തനിക്കെന്നും ഗോകുല്‍ പറഞ്ഞു.
Content Highlight: Actor Gokul Suresh about his Meeting with Mammootty