അനൂപ് മേനോനെ നായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ ചിത്രമാണ് 21 ഗ്രാംസ്. നിഗൂഢ സ്വഭാവമുള്ള ഒരു കുറ്റാന്വേഷണ കഥയാണ് ചിത്രം പറയുന്നത്. മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ചിത്രം.
ഒരു കൊലപാതകം അന്വേഷിക്കാന്‍ വരുന്ന ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ അനൂപ് മേനോന്‍ എത്തുന്നത്. ‘അഞ്ചാം പാതിര’യ്ക്കും ‘ഫോറന്‍സിക്’നും ‘ഓപ്പറേഷന്‍ ജാവ’യ്ക്കും ശേഷം ഈ ജോണറില്‍ ഇറങ്ങുന്ന ചിത്രം കൂടിയാണ് 21 ഗ്രാംസ്.
പുതുമുഖ സംവിധായകരോടൊപ്പം സിനിമ ചെയ്യാനുള്ള തന്റെ തീരുമാനത്തെ കുറിച്ച് പറയുകയാണ് അനൂപ് മേനോന്‍. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മലയാളത്തിലെ മുന്‍നിര സംവിധായകരുടെ ചിത്രങ്ങളില്‍ തന്നെ കാണാത്തതിനെ കുറിച്ച് അനൂപ് മേനോന്‍ പറയുന്നത്.
‘എന്നെ കൂടുതല്‍ വിളിക്കുന്നത് പുതുമുഖ സംവിധായകരാണ്. ലെജന്ററി ആയിട്ടുള്ള സംവിധായകരൊന്നും അവരുടെ സിനിമകളിലേക്ക് എന്നെ വിളിക്കാറില്ല. വളരെ കുറച്ചുപേര്‍ രഞ്ജിയേട്ടന്‍, വിനയന്‍ സാര്‍, ലാല്‍ജോസ്, പ്രിയദര്‍ശന്‍ ഇങ്ങനെ കുറച്ചുപേര്‍ മാത്രം വിളിക്കും. അല്ലാതെ മലയാളത്തിലെ മുന്‍നിര സംവിധായകരുടെ, മെയിന്‍ സ്ട്രീം എന്ന് പറയുന്ന സംവിധായകരുടെ, കൊമേഴ്‌സ്യല്‍ സംവിധായകരുടെ ഒന്നും സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല.
എന്റെ ലീഡ് റോള്‍, എന്റെ നായകവേഷം എല്ലാം പുതിയ പുതിയ കുട്ടികളുടെ കൂടെയാണ്. 1983 ചെയ്യുമ്പോള്‍ എബ്രിഡ് ഷൈനും പുതിയ ആളാണ്. വി.കെ.പി ബ്യൂട്ടിഫുള്‍ ചെയ്യുമ്പോള്‍ ആ സിനിമയാണ് അദ്ദേഹത്തിന്റെ ആദ്യത്ത കൊമേഴ്‌സ്യല്‍ ഹിറ്റ്.
എന്നെ തേടിവരുന്നതെല്ലാം പുതുമുഖ സംവിധായകരാണ്. ഞാന്‍ അവരില്‍ കംഫര്‍ട്ടിബിളും ആണ്. കാരണം അവര്‍ അവരുടെ ചോരയും നീരും കൊടുത്ത് ചെയ്യുന്ന സിനിമയായിരിക്കും അത്. 21 ഗ്രാംസിന്റെ തിരക്കഥ വായിച്ചപ്പോള്‍ ഇത് ഒരിക്കലും മിസ്സ് ചെയ്യരുതെന്ന് എനിക്ക് തോന്നി. അത് വിടാന്‍ പറ്റില്ലെന്ന ഉറച്ച ബോധ്യത്തിലാണ് സിനിമയുടെ ഭാഗമാകാന്‍ തീരുമാനിക്കുന്നത്, അനൂപ് മേനോന്‍ പറഞ്ഞു.
വി.കെ.പിയുമായി നിരന്തരം സിനിമകളുടെ ചര്‍ച്ച നടക്കാറുണ്ടെങ്കിലും പലതും സിനിമയായി പുറത്തുവരാറില്ലെന്നും അനൂപ് മേനോന്‍ പറഞ്ഞു. ഞാന്‍ കുറേ സിനിമകള്‍ ആലോചിട്ടുണ്ട്. അദ്ദേഹം മികച്ച ഡയരക്ടറാണ്. പദ്മ വി.കെ.പി ചെയ്യേണ്ട സിനിമയാണ്. അതുപോലെ മെഴുകുതിരി അത്താഴങ്ങളും അദ്ദേഹം ചെയ്യേണ്ടിയിരുന്ന സിനിമയാണ്. പക്ഷേ എന്തുകൊണ്ടോ അതൊക്കെ മാറിപ്പോയി, അനൂപ് മേനോന്‍ പറഞ്ഞു.
21 ഗ്രാംസില്‍ തനിക്കൊപ്പം അഭിനയിച്ച ഓരോ താരങ്ങളും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തില്‍ നടത്തിയിട്ടുള്ളതെന്നും അനൂപ് മേനോന്‍ പറഞ്ഞു.
ഈ സിനിമയില്‍ ഉള്ള ജീവ, അനു, വിവേക് ഇവരൊക്കെ വളരെ പ്രോമിസിങ് ആയിട്ടുള്ള ടാലന്റാണ്. എന്റെ ആദ്യത്തെ സിനിമയിലോ രണ്ടാമത്തെ സിനിമയിലോ പത്താമത്തെ സിനിമയിലോ ഇവര്‍ക്ക് ഇപ്പോള്‍ ഉള്ള ഈ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ല, അനൂപ് മേനോന്‍ പറഞ്ഞു.
ചിത്രത്തിന് 21 ഗ്രാം എന്ന പേര് നിര്‍ദേശിച്ചത് താനാണെന്നും അത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെന്നും അനൂപ് മേനോന്‍ പറഞ്ഞു. ഒരു ദിവസം ഷൂട്ട് കഴിഞ്ഞ് നില്‍ക്കുമ്പോള്‍ എല്ലാവരും, സിനിമയുടെ പേര് ആലോചിക്കുകയാണ്. പലരും പല പേരുകളും പറഞ്ഞു. എല്ലാവരും ഗ്രേ എന്ന പേരിലെത്തി. ഇതൊരു മര്‍ഡര്‍ ഹിസ്റ്ററിയാണ്. അങ്ങനെ ഞാന്‍ 21 ഗ്രാംസ് എന്ന പേര് പറഞ്ഞു. അത് എല്ലാവര്‍ക്കും ഇഷ്ടമായി, അനൂപ് പറഞ്ഞു.
മര്‍ഡര്‍ മിസ്റ്ററി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍ അനൂപ് മേനോനെ കൂടാതെ ലിയോണ ലിഷോയ്, അനു മോഹന്‍, രണ്‍ജി പണിക്കര്‍, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, മറീന മൈക്കിള്‍, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.
അതേസമയം, അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന പദ്മയും കിംഗ് ഫിഷും റിലീസിനൊരുങ്ങുന്നത്. രചനയ്ക്കും സംവിധാനത്തിനുമൊപ്പം അനൂപ് മേനോന്‍ തന്നെ നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് പദ്മ. സുരഭി ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. അനൂപ് മേനോന്‍ സ്റ്റോറീസ് എന്ന ബാനറിലാണ് നിര്‍മ്മാണം.
കിംഗ് ഫിഷില്‍ അനൂപിനൊപ്പം സംവിധായകന്‍ രഞ്ജിത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് അനൂപ് മേനോന്‍ തന്നെയാണ്. അനൂപ് മേനോന്‍ തന്നെ തിരക്കഥയൊരുക്കുന്ന വരാല്‍ എന്ന ചിത്രവും പുറത്തിറങ്ങാനുണ്ട്. കണ്ണന്‍ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Content Highlight: Actor Anoop menon About his Movie with Legendary Directors