പത്തനാപുരം: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിയുകയാണെന്ന് അറിയിച്ചതിന് പിന്നാലെ സംഘടന രൂപീകരണ സമയത്ത് നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് തുറന്നുപറഞ്ഞ് നടനും എം.എല്‍.എയുമായ ഗണേഷ് കുമാര്‍.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരുടെ സൂപ്പര്‍ സ്റ്റാര്‍ഡം ഉപയോഗിച്ചാണ് അമ്മ സമ്പന്നമായതെന്നും നിരവധി നടന്മാര്‍ അമ്മയുടെ വളര്‍ച്ചയില്‍ സഹായിച്ചിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
‘അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് ഇനി ഇല്ല. സംഘടന ഉണ്ടാക്കിയ കാലം മുതല്‍ ഒപ്പം നിന്നു. ഇതിനു രൂപം കൊടുക്കാന്‍ ഏറ്റവുമധികം പ്രയത്‌നിച്ചത് ഞാനും മണിയന്‍പിള്ള രാജുവും ആണ്. പക്ഷേ, ‘അമ്മ’ എഴുതുന്ന ചരിത്രത്തില്‍ എന്തെഴുതും എന്ന് എനിക്കറിയില്ല.
അന്ന് ഞാനും മണിയന്‍പിള്ളയും സ്വന്തം കാറെടുത്ത് എല്ലാ നടീനടന്മാരുടെയും വീട്ടില്‍ പോയി കണ്ടു സംസാരിച്ചാണ് അവരെ അംഗങ്ങളാക്കിയത്. 2500 രൂപയായിരുന്നു അന്നത്തെ അംഗത്വ ഫീസ്. ഞങ്ങളെ അന്നു ചിലര്‍ പുച്ഛത്തോടെയാണ് മടക്കി അയച്ചത്. പിന്നീട് അവരെല്ലാം സംഘടനയില്‍ അംഗങ്ങളായി. അമ്മയില്‍ നിന്ന് കൈനീട്ടം വാങ്ങുന്നവരായി.
വേണു നാഗവള്ളി, എം.ജി സോമന്‍ ഇവരെല്ലാം ആത്മാര്‍ഥമായി സഹകരിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി ഇവരുടെ സൂപ്പര്‍ സ്റ്റാര്‍ഡം ഉപയോഗിച്ചാണ് അമ്മ സമ്പന്നമായത്. പലരും പറയാറുണ്ട് മമ്മൂട്ടിക്കും മോഹന്‍ലാലിനും ഇനി മാറി നിന്നുകൂടേ എന്ന്. ഒരിക്കലും കഴിയില്ല, അവരില്ലാതെ അമ്മയില്ല. അവരുടെ തണലിലാണു സംഘടന ഉണ്ടായത്.
ഇതിനുവേണ്ടി ഞങ്ങളെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാലും ഞങ്ങള്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ ഇങ്ങനെ ഒരു സംഘടന ഉണ്ടാകില്ല. സൂപ്പര്‍താരങ്ങള്‍ക്കു കോടിക്കണക്കിനു രൂപ കിട്ടേണ്ട പരിപാടികളും, സിനിമയും സൗജന്യമായി ചെയ്തു തന്നത് സംഘടനയെ വളര്‍ത്താന്‍ വേണ്ടിയായിരുന്നു.
അമ്മയ്ക്കുള്ള ആദ്യ പ്രവര്‍ത്തന മൂലധനം തന്നത് മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയുമാണ്. അരലക്ഷം രൂപ വീതം മൂന്നുപേരും തന്നു. ഇതാണ് സത്യം. ഞാനും മണിയന്‍പിള്ളയും പണം ചെലവാക്കി തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ യാത്ര ചെയ്തു. വിലാസം കണ്ടു പിടിച്ച് ഓരോരുത്തരെയും പോയി കണ്ടു സംസാരിച്ചു. അങ്ങനെയാണ് അംഗത്വം ചേര്‍ത്തത്,’ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ഗണേഷ് കുമാര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക