'പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് അഥവാ 'പൊ ക'; ശ്വാസം മുട്ടിയും ന്യായീകരിക്കുന്നവരോട് അനുതാപം; ബ്രഹ്മപുരം വിഷയത്തില്‍ പിഷാരടി
Kerala News
'പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് അഥവാ 'പൊ ക'; ശ്വാസം മുട്ടിയും ന്യായീകരിക്കുന്നവരോട് അനുതാപം; ബ്രഹ്മപുരം വിഷയത്തില്‍ പിഷാരടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th March 2023, 4:51 pm

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ രമേശ് പിഷാരടി. ബ്രഹ്മപുരത്ത് തീ അണക്കാന്‍ ശ്രമിക്കുന്ന പൊതുപ്രവര്‍ത്തകരോടും സന്നദ്ധ സംഘടനകളോടും തനിക്ക് ആദരവുണ്ടെന്നും എന്നാല്‍ വിഷയത്തില്‍ ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സിനോട് തനിക്ക് അനുതാപമാണെന്നും പിഷാരടി പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു രമേശ് പിഷാരടിയുടെ പ്രതികരണം.

‘പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് അഥവാ ‘പൊ ക’. ബ്രഹ്മപുരത്ത് തീ
അണയ്ക്കാന്‍ ശ്രമിക്കുന്ന പൊതുപ്രവര്‍ത്തകരോടും സന്നദ്ധ സംഘടനകളോടും എനിക്ക് ആദരവുണ്ട്.

അഗ്‌നിശമന സേനാംഗങ്ങളോടും അവരുടെ ജീവന്‍ പണയം വെച്ചുള്ള ശ്രമങ്ങളോടും എനിക്ക് ആദരവുണ്ട്.

എന്നാല്‍ അനുതാപമുള്ളത് കണ്ണെരിഞ്ഞും, ചുമച്ചും ,ശ്വാസം മുട്ടിയും, ചൊറിഞ്ഞുതടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ
പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സിനോട്,’ രമേശ് പിഷാരടി എഴുതി.

സനിമാ മേഘലയില്‍ നിന്നുള്ള നിരവധി പ്രതികരണങ്ങളാണ് വിഷയത്തില്‍ വന്നിട്ടുള്ളത്. നേരത്തെ നടന്‍ ആന്റണി വര്‍ഗീസ് പെപ്പേയും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ബ്രഹ്മപുരത്തെ അഗ്‌നിബാധ നിലക്കാത്തതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം നല്‍കുന്ന ജാഗ്രത നിര്‍ദേശങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ആന്റണി വിഷയത്തില്‍ പ്രതികരിച്ചത്.

‘ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജീവിക്കാന്‍, ശ്വസിക്കാന്‍ നമ്മളായിട്ട് മുന്നിട്ട് ഇറങ്ങേണ്ട അവസ്ഥയായി’ എന്നാണ് നര്‍ദേശങ്ങള്‍ പങ്കുവെച്ച് ആന്റണി വര്‍ഗീസ് എഴുതിയത്.

സ്വസ്ഥ ജീവിതത്തിനുള്ള അവകാശം കവര്‍ന്നെടുക്കരുതേ എന്നാണ് ബിജിബാല്‍ എഴുതിയത്. അയല്‍വാസിയായ ബന്ധു പ്ലാസ്റ്റിക് കത്തിക്കുന്നത് കണ്ട് തടഞ്ഞ തനിക്ക് ഒരിക്കല്‍ അസഭ്യവും കേള്‍ക്കേണ്ടി വന്നുവെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ബിജിപാല്‍ പറഞ്ഞു.

ഞങ്ങള്‍ ജനങ്ങള്‍ പുക ശ്വസിക്കാനുള്ള ക്വട്ടേഷന്‍ കൈപ്പറ്റിയിട്ടില്ലെന്നാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് കുറിച്ചത്. കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളില്‍ ഒന്നായി പരിഗണിക്കാവുന്ന ഒരു ഇന്‍സിഡന്റ് ആണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.