ഹിന്ദി ദേശീയ ഭാഷയല്ലെങ്കില്‍ എന്തിനാണ് സിനിമകള്‍ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുന്നത്; പ്രതിഷേധത്തിന് പിന്നാലെ വിശദീകരണവുമായി അജയ് ദേവ്ഗണ്‍
Entertainment news
ഹിന്ദി ദേശീയ ഭാഷയല്ലെങ്കില്‍ എന്തിനാണ് സിനിമകള്‍ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുന്നത്; പ്രതിഷേധത്തിന് പിന്നാലെ വിശദീകരണവുമായി അജയ് ദേവ്ഗണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th April 2022, 8:02 pm

ഹിന്ദി ദേശീയ ഭാഷയെന്ന ട്വീറ്റിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായതിന് പിന്നാലെ വിശദീകരണവുമായി നടന്‍ അജയ് ദേവ്ഗണ്‍. നേരത്തെ ഹിന്ദി ദേശീയ ഭാഷയല്ലെന്ന കിച്ച സുദീപിന്റെ അഭിപ്രായത്തോട് പ്രതികരിച്ചാണ് അജയ് ദേവ്ഗണ്‍ ഹിന്ദി ട്വീറ്റുമായി എത്തിയത്.

‘താങ്കള്‍ പറഞ്ഞത് പ്രകാരം ഹിന്ദി ദേശീയ ഭാഷയല്ലെങ്കില്‍ താങ്കളുടെ മാതൃഭാഷയിലുള്ള ചിത്രങ്ങള്‍ എന്തിനാണ് ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുന്നത്. ഹിന്ദി എല്ലായ്‌പ്പോഴും നമ്മുടെ മാതൃഭാഷയും ദേശീയ ഭാഷയുമായിരിക്കും,’ എന്നാണ് അജയ് ദേവ്ഗണ്‍ സുദീപിന് മറുപടി നല്‍കിയത്.

എന്നാല്‍ ഇതിന് പിന്നാലെ അജയ് ദേവഗണിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഹിന്ദി ദേശീയ ഭാഷയല്ലെന്നും 23 ഔദ്യോഗിക ഭാഷകളിലൊന്ന് മാത്രമാണെന്നും വ്യക്തമാക്കി നിരവധി പേരാണ് രംഗത്ത് വന്നത്. ഇതോടെ അജയ് ദേവ്ഗണിന്റെ വിശദീകരണവും എത്തി.

‘കിച്ച സുദീപ്, നിങ്ങള്‍ എന്റെ സുഹൃത്താണ്. തെറ്റിദ്ധാരണ നീക്കിയതിന് നന്ദി. ഞാന്‍ എപ്പോഴും സിനിമാ വ്യവസായത്തെ ഒന്നായിട്ടാണ് കരുതിയിരുന്നത്. ഞങ്ങള്‍ എല്ലാ ഭാഷകളെയും ബഹുമാനിക്കുന്നു, എല്ലാവരും നമ്മുടെ ഭാഷയെയും ബഹുമാനിക്കണമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒരുപക്ഷേ, വിവര്‍ത്തനത്തില്‍ എന്തെങ്കിലും വിട്ടുപോയതായിരിക്കാം,’ അജയ് ദേവ്ഗണ്‍ കുറിച്ചു. എങ്കിലും പഴയ ട്വീറ്റ് നീക്കം ചെയ്യാന്‍ അദ്ദേഹം തയാറായിട്ടില്ല.

നേരത്തെ ഹിന്ദി ഔദ്യോഗിക ഭാഷയാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത് വിവാദമായിരുന്നു.

ഇംഗ്ലീഷിന് ബദലായി ഉപയോഗിക്കേണ്ടത് പ്രാദേശിക ഭാഷകളല്ല, ഹിന്ദിയാണെന്നും ഇതിന് വേണ്ടി മറ്റ് പ്രാദേശിക ഭാഷകളില്‍ നിന്നും ഹിന്ദിയിലേക്ക് വാക്കുകള്‍ കടമെടുത്ത് ഹിന്ദിയെ കൂടുതല്‍ ഫ്ളെക്സിബിള്‍ ആക്കണമെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്.

Content Highlight: Actor Ajay Devgn has come out with an explanation after the protest intensified following a tweet that Hindi is the national language