പ്രതീക്ഷ തകര്‍ക്കാത്ത ആബ്രഹാമിന്റെ സന്തതികള്‍
Film Review
പ്രതീക്ഷ തകര്‍ക്കാത്ത ആബ്രഹാമിന്റെ സന്തതികള്‍
അശ്വിന്‍ രാജ്
Saturday, 16th June 2018, 10:43 pm

ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥ രചിക്കുന്നു, ഹിറ്റ് ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ഷാജി പാടുര്‍ സംവിധാനം, ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറുകളും ട്രെയിലറുകളും തന്ന ആവേശം ഇത്രയും മതിയായിരുന്നു ആദ്യ ദിവസം തന്നെ അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രം കാണാന്‍.

ഒരു പൊലീസ് ചിത്രമാണെന്ന സൂചനകള്‍ ടീസറുകളും പോസ്റ്ററും തന്നിരുന്നെങ്കിലും അതിനുമപ്പുറം ഒരു ഇമോഷണല്‍ ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം എന്ന് തന്നെ പറയേണ്ടി വരും അബ്രഹാമിന്റെ സന്തതികളെ കുറിച്ച്.

പൂര്‍ണമായി ഒരു മമ്മൂട്ടി ചിത്രം എന്ന് തന്നെ പറയാം. മമ്മൂട്ടി ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഘടകങ്ങള്‍ എല്ലാം തന്നെ ചിത്രത്തില്‍ ഉണ്ട്. ചിത്രത്തിന്റെ പേര് നല്‍കുന്ന സൂചന പോലെ ബൈബിള്‍ പശ്ചാത്തലത്തില്‍ തന്നെയാണ് കഥ മുന്നോട്ട് പോകുന്നത്. പ്രണയവും, പ്രതികാരവും, സസ്‌പെന്‍സും എല്ലാം ചിത്രത്തില്‍ കടന്ന് വരുന്നുണ്ട്.

ചിത്രത്തില്‍ ഡെറിക് അബ്രഹം എന്ന സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടിയും അനിയന്‍ ഫിലിപ് അബ്രഹാമായി ആന്‍സണ്‍ പോളും എത്തുന്നു. കനിഹ, രഞ്ജി പണിക്കര്‍, ഷാജോണ്‍, സിദ്ധിഖ്, സുരേഷ് കൃഷ്ണ, സുദേവ്, സിജോയ് വര്‍ഗീസ്, മഖ്ബൂല്‍ സല്‍മാന്‍, ശ്യാമപ്രസാദ് , ഐ.എം വിജയന്‍ തുടങ്ങി വന്‍ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ആദ്യ പതിനഞ്ച് മിനിറ്റ് പ്രേക്ഷകരെ സിനിമയുടെ ത്രില്ലര്‍ സ്വഭാവത്തിലേക്ക് നേരിട്ട് കൊണ്ട് പോകുന്നുണ്ടെങ്കിലും പിന്നീട് അങ്ങോട്ട് കഥയും പശ്ചാത്തലവും പൂര്‍ണമായി മാറുകയാണ്. ഒരു സീരിയല്‍ കില്ലര്‍ നടത്തുന്ന കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ ഡെറിക് എത്തുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. 2.30 മണിക്കൂറില്‍ താഴേ മാത്രമുള്ളതാണ് ചിത്രമെങ്കിലും അദ്യ പകുതിയില്‍ ഇമോഷണല്‍ രംഗങ്ങളും മറ്റും കൊണ്ട് കഥയുടെ ത്രില്ലര്‍ സ്വഭാവത്തിന് ചിലയിടത്തെങ്കിലും തടസമുണ്ടാക്കുന്നുണ്ട്.

രണ്ടാം പകുതിയോടെ ചിത്രം വീണ്ടും ട്രാക്കിലേക്ക് വരുന്നു. ഇടയ്ക്ക് ചിത്രത്തിന്റെ അവസാന ഭാഗമെത്തുന്നതിന് മുമ്പ് പടം കൈവിട്ടു പോകുമോ എന്ന ചിന്തയുണ്ടായെങ്കിലും അവസാനത്തെ ഇരുപത് മിനിറ്റ് ആ ധാരണകളെ പൊളിച്ചു കളഞ്ഞു. ചിലയിടങ്ങളിലെങ്കിലും മുന്നോട്ടേക്കുള്ള കഥ പ്രവചിക്കാന്‍ കഴിയുമായിരുന്നു എന്നത് ചിത്രത്തിന്റെ വലിയ ഒരു പോരായ്മ തന്നെയാണ്.

ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. പശ്ചാത്തല സംഗീതവും യേശുവേ എന്ന് ഗാനവുമൊഴിച്ച് മറ്റൊന്നും എടുത്ത് പറയാനുണ്ടായില്ല എന്നതാണ് സത്യം. ചിത്രത്തിന്റെ ഛായാഗ്രഹണം എടുത്ത് പറയേണ്ട ഒന്നാണ്. ആല്‍ബിയുടെ ദൃശ്യങ്ങള്‍ എല്ലാം മികച്ച് നിന്നു. ചിത്രത്തിന്റെ മൂഡിനനുസരിച്ച് ദൃശ്യങ്ങളിലും മാറ്റങ്ങളുണ്ടായിരുന്നു. മഹേഷ് നാരായണന്റെ എഡിറ്റിംഗും ചിത്രത്തിന്റെ ത്രില്ലര്‍ സ്വഭാവത്തെ സഹായിച്ചിട്ടുണ്ട്.

എന്നാല്‍ ചിത്രത്തിലെ ചില സീനുകള്‍ അതീവ നാടകീയത തോന്നി. പ്രത്യേകിച്ച് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെ നിലത്തിട്ട് ചവിട്ടുന്ന സീനുകളും മറ്റും. ചിത്രത്തില്‍ ഷാജോണിന്റെ കഥാപാത്രത്തിന്റെ പ്രകടനവും മികച്ച് നിന്നു. എന്നാല്‍ സിദ്ധിഖ്, സുരേഷ് കൃഷ്ണ എന്നിവര്‍ക്ക് ചിത്രത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു.

ചിത്രം കണ്ടിറങ്ങി വരുമ്പോഴും സീരിയല്‍ കില്ലറെ എങ്ങിനെയാണ് ഡെറിക് കണ്ടെത്തുന്നത് എന്ന സംശയം കില്ലറെ പോലെ തന്നെ പ്രേക്ഷകനുമുണ്ടാകും. ചില പോരായ്മകള്‍ ഉണ്ടായിരുന്നെങ്കിലും തന്റെ ആദ്യ ചിത്രം ഷാജി മോശമാക്കിയില്ല എന്ന് തന്നെ പറയാം.

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.