'നായകന് ഹീറോയിസം കാട്ടാൻ ആഫ്രിക്കക്കാരെ വിഡ്ഢികളും ക്രൂരന്മാരുമായി ചിത്രീകരിക്കുന്നു': മമ്മൂട്ടി ചിത്രം 'അബ്രഹാമിന്റെ സന്തതികൾ'ക്കെതിരെ അരുന്ധതി റോയ്
malayalam movie
'നായകന് ഹീറോയിസം കാട്ടാൻ ആഫ്രിക്കക്കാരെ വിഡ്ഢികളും ക്രൂരന്മാരുമായി ചിത്രീകരിക്കുന്നു': മമ്മൂട്ടി ചിത്രം 'അബ്രഹാമിന്റെ സന്തതികൾ'ക്കെതിരെ അരുന്ധതി റോയ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th January 2019, 4:55 pm

കോഴിക്കോട്: മമ്മൂട്ടി ചിത്രമായ “അബ്രഹാമിന്റെ സന്തതികൾ” വംശീയത ഉപയോഗിച്ചാണ് നായകനെ ഉയർത്തിക്കാട്ടുന്നതെന്നും അതിനുവേണ്ടി ആഫ്രിക്കക്കാരെ ഇറക്കുമതി ചെയ്തുവെന്നും ബുക്കർ പ്രൈസ് ജേതാവും എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ അരുന്ധതി റോയ്. ബോസ്റ്റൺ റിവ്യൂ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അരുന്ധതി റോയ് ഇക്കാര്യം പറയുന്നത്. താൻ ഈയിടെ ഒരു മലയാള ചിത്രം കണ്ടുവെന്നും അതിൽ വംശീയമായി ആണ് ആഫ്രിക്കക്കാരെ ചിത്രീകരിച്ചിരിക്കുന്നതെന്നും ഇത് കേരള സംസ്ഥാനത്തിന്റെ പ്രശ്‌നമല്ലെന്നും സമൂഹത്തിന്റെ മനസ്ഥിതിയുടെ പ്രശ്നമാണെന്നും ചിത്രത്തിന്റെ പേരെടുത്ത് പറഞ്ഞുകൊണ്ട് അരുന്ധതി റോയ് പറയുന്നു.

Also Read ഒഡീഷ കൃഷി മന്ത്രി പ്രദീപ് മഹാരതി രാജിവെച്ചു; രാജി കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ അപമാനിച്ചുള്ള പരാമര്‍ശം വിവാദമായതിനു പിന്നാലെ

“ഞാനീയിടയ്ക്ക് “അബ്രഹാമിന്റെ സന്തതികൾ” എന്ന മലയാള ഭാഷയിലുള്ള ഒരു സിനിമ കണ്ടു. കേരളമെന്ന പുരോഗമന മനസ്ഥിതിയുള്ള സംസ്ഥാനത്താണ് ഈ ചിത്രം നിർമ്മിക്കപ്പെട്ടത്. ചിത്രത്തിൽ എടുത്തുപറയേണ്ട കാര്യം, ഇതിലെ ക്രൂരന്മാരും, വിഡ്ഢികളുമായ വില്ലന്മാരെയെല്ലാം അവതരിപ്പിച്ചിരിക്കുന്നത് ആഫ്രിക്കക്കാരാണ് എന്നുള്ളതാണ്. കേരളത്തിൽ ആഫ്രിക്കക്കാരില്ല. അപ്പോൾ അവരെ ഈവിധം വംശീയമായി ചിത്രീകരിക്കുന്നതിനു വേണ്ടി മാത്രം ഇറക്കുമതി ചെയ്തുവെന്നാണ് മനസിലാക്കേണ്ടത്. ഈ പ്രവൃത്തിക്ക് നമ്മുക്ക് സംസ്ഥാനത്തെ കുറ്റം പറയാൻ സാധിക്കില്ല. ഇത് സമൂഹമാണ്. ജനങ്ങളാണ്. കലാകാരന്മാർ, ചലച്ചിത്രകാരന്മാർ, നടീനടന്മാർ, എഴുത്തുകാർ, എന്നിവരെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഉത്തരേന്ത്യക്കാർ ദക്ഷിണേന്ത്യക്കാരെ തൊലിയുടെ നിറത്തിന്റെ പേരിൽ അപഹസിക്കുമ്പോൾ അവർ ആഫ്രിക്കക്കാരോട് അതേ കാര്യം തന്നെയാണ് ചെയ്യുന്നത്, കഷ്ടം തന്നെ!” അരുന്ധതി റോയ് പറഞ്ഞു.

Also Read എസ്.പി- ബി.എസ്.പി സഖ്യം പ്രഖ്യാപിച്ചതോടെ അഖിലേഷിനെതിരെ റെയ്ഡും തുടങ്ങി; ഇതാണ് ബി.ജെ.പി: കപില്‍ സിബല്‍

തന്റെ നോവലായ “അത്യാനന്ദത്തിന്റെ ദൈവവൃത്തി”യെക്കുറിച്ച് സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്. ഇന്ത്യയിൽ ഇപ്പോൾ നിലനിൽക്കുന്ന രാഷ്ട്രീയ സാമൂഹികാവസത്തെക്കുറിച്ച് ചോദ്യം വന്നപ്പോഴാണ് റോയ് ഇക്കാര്യം പറയുന്നത്. കഥപറച്ചിലിനെ സെൻസർ ചെയ്യുന്നത് ഭരണകൂടം മാത്രമല്ലെന്നും, നിലനിൽക്കുന്ന വ്യവസ്ഥിതിയും, അബദ്ധധാരണകളും, സമൂഹത്തിന്റെ മുൻവിധികളും അതിനു കാരണമാണെന്നും റോയ് പറയുന്നു. എല്ലാത്തരം മത, വംശീയ, ആശയ ഭ്രാന്തുകളും പൂർവാധികം ശക്തിയോടെ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും രാഷ്ട്രീയമോ, മതപരമായോ ഉള്ള പിന്തുണയില്ലാത്തവർ ഭീഷണിയിലാണെന്നും അരുന്ധതി റോയ് പറയുന്നു.