സൗബിൻ അടുത്ത സുഹൃത്ത്, അസിസ്റ്റന്റ് ഡയറക്ടർ ആയിട്ട് വർക്ക് ചെയ്തപ്പോൾ സൗബിന്റെ മറ്റൊരു വശം മനസിലായി: അഭിരാം രാധാകൃഷ്ണൻ
Entertainment
സൗബിൻ അടുത്ത സുഹൃത്ത്, അസിസ്റ്റന്റ് ഡയറക്ടർ ആയിട്ട് വർക്ക് ചെയ്തപ്പോൾ സൗബിന്റെ മറ്റൊരു വശം മനസിലായി: അഭിരാം രാധാകൃഷ്ണൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th June 2023, 5:14 pm

‘ചന്ദ്രേട്ടൻ എവിടെയാ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയെങ്കിലും പറവ എന്ന സൗബിൻ ഷാഹിർ ചിത്രത്തിലൂടെയാണ് അഭിരാം രാധാകൃഷ്ണൻ ജനശ്രദ്ധ നേടിയത്. സൗബിനോടൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് അഭിരാം.

സൗബിൻ വളരെ അടുത്ത സുഹൃത്താണെന്നും സൗബിന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടർ ആയി ജോലിചെയ്തപ്പോൾ കൂടുതൽ അറിയാൻ പറ്റിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ വിദ്യാഭ്യാസം സിനിമയാണെന്ന് സൗബിൻ പറഞ്ഞിട്ടുണ്ടെന്നും സിനിമയെക്കുറിച്ച് വളരെ വലിയ കാഴ്ചപ്പാടുകളുള്ള ആളാണ് സൗബിൻ എന്നും അദ്ദേഹം പറഞ്ഞു. വണ്ടർവാൾ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സൗബിൻ എന്റെ വളരെ അടുത്ത സുഹൃത്താണ്. നമ്മുടെ കാര്യങ്ങൾ പറയാതെ തന്നെ മനസ്സിലാക്കാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ട്. എന്താണ് എന്റെ മനസ്സിൽ എന്ന് ചിലപ്പോൾ സൗബിന് അറിയാമായിരിക്കും. ചോദിക്കാതെയും പറയാതെയും അദ്ദേഹം മനസിലാക്കും. ഞങ്ങളുടെ ഫ്രണ്ട്‌സ് സിർക്കിളിൽ ഉള്ള എല്ലാവരും അങ്ങനെ തന്നെയാണ്.

അസിസ്റ്റന്റ് ആയിട്ട് കൂടെ വർക്ക് ചെയ്തപ്പോഴാണ് സൗബിന്റെ മറ്റൊരു വശം മനസിലായത്. സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴചപ്പാടുകളൊക്കെ വ്യത്യസ്തമാണ്. സൗബിൻ ഇടക്കൊക്കെ പറയാറുണ്ട് അവന്റെ വിദ്യാഭ്യാസം സിനിമയാണെന്ന്. സിനിമയെക്കുറിച്ച് ഒത്തിരി കാഴ്ചപ്പാടുകളുള്ള വ്യക്തിയാണ്.
ഞാൻ ധാരാളം സംവിധായാകരുടെ കൂടെ വർക്ക് ചെയ്തിട്ടുണ്ട്. ഓരോരുത്തർക്കും പല രീതികളാണ്. അവരുടെയൊക്കെ അടുത്തുനിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ പറ്റിയിട്ടുണ്ട്. സൗബിന് ധാരാളം ക്വാളിറ്റികൾ ഉണ്ട്. വർക്കിൽ ധാരാളം ശ്രദ്ധ കൊടുക്കുന്ന ആളാണ്. സൗബിൻ നല്ലൊരു തമാശക്കാരനാണ്. ഒരു സഹോദരനോടെന്നപോലെ തോന്നാറുണ്ട്, സഹോദരൻ തന്നെയാണ്. ഞങ്ങൾ എല്ലാ കാര്യങ്ങളും തമ്മിൽ പങ്കുവെക്കാറുണ്ട്. ഞങ്ങൾ സുഹൃത്തുക്കൾ ഒക്കെ ഒരു കുടുംബം പോലെയാണ്,’ അഭിരാം പറഞ്ഞു.

അഭിമുഖത്തിൽ മാതൃകയാക്കാൻ ആഗ്രഹിക്കുന്നതും തനിക്ക് പ്രചോദനം നല്കിയതുമായ കലാകാരന്മാരെക്കുറിച്ചും അദ്ദേഹം പറഞ്ഞു. താൻ ഹിന്ദി നാടകം ചെയ്തിരുന്ന കാലഘട്ടത്തിൽ കുതിരവട്ടം പപ്പുവിനെയും മാമുക്കോയയെയും മാതൃകയാക്കാറുണ്ടെന്നും തനിക്ക് ഏറ്റവും കൂടുതൽ പ്രചോദനം നൽകുന്നത് മലയാള സിനിമയിലെ നടന്മാരൊക്കെയാണെന്നും അദ്ദേഹം പറഞ്ഞു.

‘മലയാളത്തിൽ സ്വഭാവ നടന്മാർ ധാരാളമുണ്ട്. ഇവരെയൊക്കെ ഞാൻ ശ്രദ്ധിക്കാറുണ്ട്. ഞാൻ ഹിന്ദിയിൽ നാടകം ചെയ്യുമ്പോഴും കുതിരവട്ടം പപ്പു, മാമുക്കോയ എന്നിവരെയൊക്കെയാണ് മാതൃകയാക്കിയിരുന്നത്. അവിടെയുള്ളവരൊന്നും ഇത് കണ്ടിട്ടില്ലല്ലോ. അതൊക്കെ അവിടെ വർക്ക് ആയിട്ടും ഉണ്ട്. അവരുടെ ടൈമിംഗ് ഒക്കെ വളരെ മികച്ചതാണ്. മലയാള സിനിമയിലെ നടന്മാരെയാണ് ഞാൻ ഏറ്റവും കൂടുതൽ പിന്തുടരുന്നത്. എനിക്ക് പ്രചോദനം നല്കിയിട്ടുള്ളതും മലയാള സിനിമയിലെ നടൻമാരാണ്,’ അഭിരാം പറഞ്ഞു.

Content Highlights: Abhiram Radhakrishnan on Saubin Shahir