Entertainment news
ജയിലര്‍ മികച്ചത്; പക്ഷെ കുഞ്ഞുങ്ങളെ തിയേറ്ററില്‍ കൊണ്ട് വരുന്നത് ഉത്തരവാദിത്തമില്ലായ്മ: അഭിനവ് സുന്ദര്‍ നായക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 10, 05:36 pm
Thursday, 10th August 2023, 11:06 pm

കൊച്ചു കുട്ടികളെ തിയേറ്ററില്‍ കൊണ്ട് വരുന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്തമില്ലായ്മ ആണെന്ന് അഭിനവ് സുന്ദര്‍ നായക്. വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് അഭിനവ്.

രജിനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലിപ് കുമാര്‍ സംവിധാനം ചെയ്ത ജയിലര്‍ കാണാന്‍ പോയ ശേഷമുള്ള തന്റെ അഭിപ്രായം പറഞ്ഞ കൂട്ടത്തിലാണ് തിയേറ്ററില്‍ കുട്ടി കരഞ്ഞത് ആസ്വാദനത്തെ ബാധിച്ചു എന്ന് അഭിനവ് പറഞ്ഞത്.

തിയേറ്ററില്‍ കുട്ടികളെ കൊണ്ട് വരുന്നത് ഉത്തരവാദിതമില്ലായിമ ആണെന്നും കരയുന്നതിന് കുട്ടികളെ കുറ്റം പറയാന്‍ സാധിക്കില്ല പക്ഷെ കുട്ടികളെ കൊണ്ട് വരണോ എന്ന തീരുമാനമെടുക്കാന്‍ മാതാപിതാക്കള്‍ക്ക് ചോയ്‌സ് ഉണ്ടെന്നും, നിരവധി പേരുടെ ആസ്വാദനം ഇത് കാരണം നഷ്ടപ്പെടുമെന്നും അഭിനവ് കുറിപ്പില്‍ പറയുന്നു.

താനും ഒരു അച്ഛന്‍ ആണെന്നും തന്റെ കുട്ടിയെ നാലു വയസുവരെ തിയേറ്ററില്‍ കൊണ്ടുപോകില്ല എന്ന തീരുമാനം എടുത്തിട്ടുണ്ടെന്നും അഭിനവ് കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ഉത്തരവാദിതമുള്ള സാമൂഹിക ജീവിയാകു തിയേറ്ററില്‍ നിങ്ങളുടെ വീട് അല്ല എന്ന് പറഞ്ഞു കൊണ്ടാണ് അഭിനവ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

അതേസമയം ജയിലര്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. വമ്പന്‍ പ്രതികരണമാണ് ചിത്രത്തിന് ലോകമെമ്പാടുനിന്നും ലഭിക്കുന്നത്.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലര്‍. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.

തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ്, വിനായകന്‍, മോഹന്‍ലാല്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Abhinav sundhar nayak is saying that coming with toddler baby in  theatres is parents irresponsibility