Cricket
പാകിസ്ഥാനെ അടിച്ചുതകർത്ത് ചരിത്രത്തിൽ ഒന്നാമൻ; കരീബിയൻ വെടിക്കെട്ട് വീരനെ വീഴ്ത്തിയ കനേഡിയൻ പവർ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jun 12, 10:13 am
Wednesday, 12th June 2024, 3:43 pm

ഐ.സി.സി ടി-20 ലോകകപ്പില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ കാനഡയെ ഏഴ് വിക്കറ്റുകള്‍ക്ക് പാകിസ്ഥാന്‍ പരാജയപ്പെടുത്തിയിരുന്നു. നസാവു കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത കാനഡ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ 15 പന്തുകളും ഏഴ് വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

കാനഡയുടെ ബാറ്റിങ്ങില്‍ 44 പന്തില്‍ 52 റണ്‍സ് നേടിയ ആരോണ്‍ ജോണ്‍സന്‍ ആണ് മികച്ച ചെറുത്തുനില്‍പ്പ് നടത്തിയത്. 118.18 സ്‌ട്രൈക്ക് റേറ്റില്‍ നാലു വീതം ഫോറുകളും സിക്സുകളും നേടിക്കൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.

ഇതിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് ആരോണ്‍ സ്വന്തമാക്കിയത്. ടി-20യില്‍ ഏറ്റവും കുറഞ്ഞ ഇന്നിങ്‌സില്‍ നിന്നും 50 സിക്‌സുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് ആരോണ്‍ ജോണ്‍സണ്‍ സ്വന്തം പേരിലാക്കി മാറ്റിയത്. 19 ഇന്നിങ്‌സില്‍ നിന്നുമാണ് താരം 50 സിക്‌സുകള്‍ നേടിയത്. 20 ഇന്നിങ്‌സില്‍ നിന്നും 50 സിക്‌സുകള്‍ നേടിയ വെസ്റ്റ് ഇന്‍ഡീസ് താരം എവിന്‍ ലൂയിസിനെ മറികടന്നു കൊണ്ടായിരുന്നു കാനഡ താരത്തിന്റെ മുന്നേറ്റം.

ടി-20യില്‍ ഏറ്റവും വേഗത്തില്‍ 50 സിക്‌സുകള്‍ നേടിയ താരം, ടീം, ഇന്നിങ്‌സുകളുടെ എണ്ണം എന്നീ ക്രമത്തില്‍

ആരോണ്‍ ജോണ്‍സ്-കാനഡ-19

എവിന്‍ ലൂയിസ്-വെസ്റ്റ് ഇന്‍ഡീസ്-20

മുഹമ്മദ് വസീം-യു.എ.ഇ-21

അസ്മത്തുള്ള ഒമര്‍ സായി- അഫ്ഗാനിസ്ഥാന്‍-22

സഭാര്‍ സാക്കില്‍- ബെല്‍ജിയം-22

കെന്റല്‍ കഡോവാക്കി ഫ്‌ലെമിങ്- ജപ്പാന്‍-22

അതേസമയം പാകിസ്ഥാന്‍ ബൗളിങ്ങില്‍ മുഹമ്മദ് ആമിര്‍, ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും ഷാഹിദ് അഫ്രീദി, നസീം ഷാ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തിയപ്പോള്‍ കാനഡയുടെ ഇന്നിങ്‌സ് 106 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

53 പന്തില്‍ പുറത്താവാതെ 53 റണ്‍സ് നേടിയ മുഹമ്മദ് റിസ്‌വാന്റെയും 33 പന്തില്‍ 33 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെയും കരുത്തിലാണ് പാകിസ്ഥാന്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയത്.

ജയത്തോടെ മൂന്നു മത്സരങ്ങളില്‍ നിന്ന് ഒരു വിജയവും രണ്ടു തോല്‍വിയും അടക്കം രണ്ടു പോയിന്റോടെ മൂന്നാം സ്ഥാനത്താണ് പാകിസ്ഥാന്‍. ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും ഒരു വിജയവുമായി രണ്ടു പോയിന്റോടെ നാലാം സ്ഥാനത്തുമാണ് കാനഡ. ജൂണ്‍ 15ന് ഇന്ത്യയ്‌ക്കെതിരെയാണ് കാനഡയുടെ അടുത്ത മത്സരം. ജൂണ്‍ 16 നടക്കുന്ന മത്സരത്തില്‍ അയര്‍ലാന്‍ഡാണ് പാകിസ്ഥാന്റെ എതിരാളികള്‍.

 

Content Highlight: Aaron Johnson Create a new record in T20