Advertisement
Cricket
ടി-20 ചരിത്രത്തിൽ ഇങ്ങനെയൊരു നേട്ടം ഇതാദ്യം; സൗത്ത് ആഫ്രിക്കയെ എറിഞ്ഞുവീഴ്ത്തി ഇവൻ നേടിയത് ലോകറെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Mar 19, 11:34 am
Tuesday, 19th March 2024, 5:04 pm

ആഫ്രിക്കന്‍ ഗെയിംസിലെ മെന്‍സ് ടി-20 ടൂര്‍ണമെന്റില്‍ കെനിയക്ക് തകര്‍പ്പന്‍ വിജയം. സൗത്ത് ആഫ്രിക്കയെ 70 റണ്‍സിനാണ് കെനിയ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ കെനിയയുടെ ബൗളിങ്ങില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് ആര്‍ണവ് പട്ടേല്‍ നടത്തിയത്. മൂന്ന് ഓവറില്‍ 15 റണ്‍സ് വിട്ടു നല്‍കിയാണ് താരം അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

ഇതിനുപിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ആര്‍ണവ് പട്ടേല്‍ സ്വന്തമാക്കിയത്. ഐ.സി.സിയുടെ മൂന്ന് ഫോര്‍മാറ്റുകളിലെയും പദവി ലഭിച്ച ഒരു ടീമിനെതിരെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ അഞ്ച് വിക്കറ്റുകള്‍ നേടുന്ന താരമായി മാറാനാണ് ആര്‍ണവിന് സാധിച്ചത്.

മറ്റൊരു തകര്‍പ്പന്‍ നേട്ടവും കെനിയന്‍ താരം സ്വന്തമാക്കി. ടി-20യില്‍ അഞ്ച് വിക്കറ്റുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും പട്ടേല്‍ സ്വന്തം പേരില്‍ കുറിച്ചു. തന്റെ പതിനെട്ടാം വയസിലാണ് താരം ഈ നേട്ടത്തിൽ എത്തിയത്.

അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കെനിയ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സാണ് നേടിയത്.

കെനിയന്‍ നിരയില്‍ കോളിന്‍സ് ഒബൂയ 47 പന്തില്‍ 58 റണ്‍സ് നേടി നിര്‍ണായകമായി. ഏഴ് ബോറുകളും രണ്ട് സിക്‌സുകളും ആണ് കോളിന്‍സിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 15 ഓവറില്‍ 71 റണ്‍സിന് പുറത്താവുകയായിരുന്നു. പട്ടേല്‍ അഞ്ച് വിക്കറ്റും ഷെ എന്‍കോച്ചെ രണ്ടു വിക്കറ്റും നേടി മിന്നും പ്രകടനം നടത്തിയപ്പോള്‍ സൗത്ത് ആഫ്രിക്ക തകര്‍ന്നടിയുകയായിരുന്നു.

22 പന്തില്‍ 22 റണ്‍സ് നേടിയ ജോര്‍ജ് ആന്‍ഡ് വാന്‍ ഹീര്‍ഡന്‍ ആണ് സൗത്ത് ആഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ബാക്കിയുള്ള താരങ്ങള്‍ക്ക് ഒന്നും 20ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

Content Highlight: Aarnav Patel create a new record in T20