ന്യൂദല്‍ഹി: രാജ്യത്തുടനീളം ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ പിന്തുണച്ച് ആം ആദ്മി പാര്‍ട്ടി. എല്ലാ മതങ്ങളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും സംഘടനകളുമായും വിപുലമായ കൂടിയാലോചന നടത്തുകയും സമവായം ഉണ്ടാക്കുകയും വേണമെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് സന്ദീപ് പഥക് പറഞ്ഞു.
‘രാജ്യത്ത് ഏക സിവില്‍ കോഡ് ഉണ്ടായിരിക്കണമെന്ന് ആര്‍ട്ടിക്കിള്‍ 44 പറയുന്നത് പോലെ, ആം ആദ്മി പാര്‍ട്ടി ഏക സിവില്‍ കോഡിനെ തത്വത്തില്‍ പിന്തുണക്കുന്നു. എല്ലാ വിഭാഗങ്ങളുമായി കൂടിയാലോചിച്ച് വിശാലമായ സമവായം ഉണ്ടാക്കിയ ശേഷം മാത്രമെ നിയമം നടപ്പാക്കാവൂ.
അതിനാല്‍, എല്ലാ മതങ്ങളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും സംഘടനകളുമായും വിപുലമായ കൂടിയാലോചന നടത്തുകയും സമവായം ഉണ്ടാക്കുകയും വേണം,’ എ.എ.പി നേതാവ് പറഞ്ഞു.
രാജ്യത്തിന് രണ്ട് നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനാകില്ലെന്നും ഏകീകൃത സിവില്‍ കോഡ് ഭരണഘടനയുടെ ഭാഗമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് രാജ്യവ്യാപക ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരുന്നു.
‘ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ളതാണ്. ഒരു കുടുംബത്തിലെ ഓരോരുത്തര്‍ക്കും വ്യത്യസ്ത നിയമം ശരിയാണോ? കൂടാതെ മുത്തലാഖ് മൂലം കുടുംബങ്ങള്‍ ദുരിതത്തിലാകുന്നു.
ഇസ്‌ലാമിക രാജ്യങ്ങള്‍ പോലും മുത്തലാഖിന് എതിരാണ്. മുസ്‌ലിം സ്ത്രീകള്‍ തനിക്കൊപ്പമാണ്. തെറ്റിദ്ധരിപ്പിക്കുന്നതും ഭിന്നിപ്പുണ്ടാക്കുന്നതും ആരാണെന്ന് മുസ്‌ലിം സമുദായം തിരിച്ചറിയണം.
പ്രതിപക്ഷം വോട്ട് ബാങ്കിന് വേണ്ടി മുസ്‌ലിം സ്ത്രീകളോട് അനീതി കാണിക്കുകയാണ്. ഭയം കൊണ്ടാണ് പ്രതിപക്ഷം ഒന്നിക്കുന്നത്.
അഴിമതിക്കെതിരായ നടപടിയില്‍ നിന്ന് രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാക്കളുടെ ശ്രമം. എല്ലാവരുടെയും വികസനമാണ് ബി.ജെ.പി സര്‍ക്കാരിന്റെ നയം,’ മോദി പറഞ്ഞു.
അതേസമയം, ഏക സിവില്‍ കോഡിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ മാറ്റുകയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് പ്രധാനമന്ത്രി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പ്രധാനമന്ത്രി ആദ്യം രാജ്യത്തെ ദാരിദ്ര്യം, വിലക്കയറ്റം, തൊഴിലില്ലായ്മ, പട്ടിണി എന്നിവയെക്കുറിച്ചാണ് പ്രതികരിക്കേണ്ടതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു.
‘മണിപ്പൂരിനെ കുറിച്ച് മോദി ഒരക്ഷരം പോലും മിണ്ടുന്നില്ല. കഴിഞ്ഞ 60 ദിവസത്തോളമായി ഒരു സംസ്ഥാനമാകെ നിന്ന് കത്തുകയാണ്. ഈ വിഷയങ്ങളില്‍ നിന്നെല്ലാം ജനശ്രദ്ധ മാറ്റിനിര്‍ത്തുകയാണ് മോദിയുടെ ലക്ഷ്യം,’ വേണുഗോപാല്‍ പറഞ്ഞു.
ഏകീകൃത സിവില്‍ കോഡ് ആദ്യം ഹിന്ദു മതത്തില്‍ കൊണ്ടുവരണമെന്ന് ഡി.എം.കെ നേതാവ് ടി.കെ.എസ് ഇളങ്കോവന്‍ പറഞ്ഞു. ‘രാജ്യത്തെ ഏത് ക്ഷേത്രത്തിലും എസ്.സി-എസ്.ടി ഉള്‍പ്പെടെയുള്ള എല്ലാവരെയും പൂജ ചെയ്യാന്‍ അനുവദിക്കണം.
ഭരണഘടന എല്ലാ മതങ്ങള്‍ക്കും സംരക്ഷണം നല്‍കിയതുകൊണ്ട് മാത്രം ഞങ്ങള്‍ക്ക് ഏകീകൃത സിവില്‍ കോഡ് ആവശ്യമില്ല. ഇതൊരു സര്‍ക്കാര്‍ ചെയ്യാന്‍ പാടില്ലാത്ത മൗലികാവകാശങ്ങളുടെ ലംഘനമാണ്,’ ഇളങ്കോവന്‍ പറഞ്ഞു.