അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ച ശ്രീനിവാസന് പിന്തുണയഭ്യര്‍ത്ഥിച്ച് ആം ആദ്മി പാര്‍ട്ടി
Daily News
അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ച ശ്രീനിവാസന് പിന്തുണയഭ്യര്‍ത്ഥിച്ച് ആം ആദ്മി പാര്‍ട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th August 2016, 4:49 pm

sreenivasan
എറണാകുളം: കേരള രാഷ്ട്രീയം അക്രമത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് അതിനെതിരെ ശക്തമായി പ്രതികരിച്ച നടന്‍ ശ്രീനിവാസന് സാംസ്‌കാരിക കേരളത്തിന്റെ മുഴുവന്‍ പിന്തുണയുണ്ടാകണമെന്ന അഭ്യര്‍ത്ഥനയുമായി ആം ആദ്മി പാര്‍ട്ടി.

കേരളത്തില്‍ ഹിംസയുടെ രാഷ്ട്രീയം വ്യാപിക്കുകയാണ്. പരസ്പരം കൊന്നൊടുക്കികൊണ്ട് മേല്‍ക്കൈ നേടാന്‍ ശ്രമിക്കുന്നത്തിനെ പരസ്യമായി ന്യായീകരിക്കുന്ന, ഹിംസയെ ന്യായീകരിക്കുന്ന രാഷ്ട്രീയം ശക്തമായി മുന്നേറുമ്പോള്‍ അതിനെതിരെ കേരളത്തിന്റെ മനസാക്ഷിയുടെ ശബ്ദമാണ് ശ്രീനിവാസന്റേതെന്ന് ആം ആദ്മി പാര്‍ട്ടി കേരള കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

രക്തസാക്ഷികളെ സൃഷ്ടിച്ചുകൊണ്ട് പാര്‍ട്ടികള്‍ വളര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ എതിര്‍ക്കപ്പെടേണ്ടത് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാധാരണ മനുഷ്യന്‍ ആഗ്രഹിക്കുന്നത് സമാധാനമാണ്. അത് തുറന്നു പറഞ്ഞ, രാജാവ് നഗ്‌നനാണെന്നു പറഞ്ഞ ശ്രീനിവാസനെതിരെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പ്രത്യേകിച്ചും ഇടതുപക്ഷ നേതാക്കള്‍ നടത്തുന്ന ആക്രമണം അപലപനീയമാണ്. സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ മണ്ഡലം ശുദ്ധീകരിക്കണമെങ്കില്‍ ശക്തമായ സാംസ്‌കാരിക ഇടപെടലുകള്‍ ആവശ്യമാണ്. സത്യം തുറന്നു പറഞ്ഞതിന് ശ്രീനിവാസനെതിരെ കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള ആളുകള്‍ നടത്തുന്ന ഹീനമായ അധിക്ഷേപങ്ങള്‍ സാംസ്‌കാരിക കേരളത്തിന് യോജിച്ചതല്ലെന്നും കേരളത്തിന്റെ മനസാക്ഷി ഇവിടെ ഉണരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതു പാര്‍ട്ടി ആയിരുന്നാലും അക്രമം ചെയ്യുന്നതിനെ ന്യായീകരിക്കാന്‍ ഒരാള്‍ക്കും ആവില്ല. മാത്രവുമല്ല ഭരിക്കുന്ന കക്ഷിയുടെ ഉന്നത നേതാവ് തന്നെ വരമ്പത്ത് കൂലിയുടെ ന്യായവും അടിച്ചാല്‍ തിരിച്ചടിക്കും എന്ന നിയമ വിരുദ്ധ മുദ്രാവാക്യവും ഒക്കെ ഉയര്‍ത്തി  സിനിമാ സ്‌റ്റൈലില്‍ ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോള്‍, എന്നും നീതിയുടെ ഒപ്പം നിന്നിട്ടുള്ള ശ്രീനിവാസന്‍ അതിനെതിരെ പ്രതികരിക്കുകയാണ് ഉണ്ടായതെന്ന് സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു.

ഇത് മാര്‍ക്‌സിസ്റ്റ് വിരുദ്ധതയായും അല്ലെങ്കില്‍ ഏതെങ്കിലും ഒരു കക്ഷിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതായും ആരോപിക്കുന്നത് സാമാന്യ ബുദ്ധിയുടെ നിഷേധമാണ്. അതുകൊണ്ടു തന്നെ ശ്രീനിവാസനെ പ്രതിരോധിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സുമനസ്സുകളായ എല്ലാവരും ശ്രീനിവാസന്‍ ഉന്നയിച്ച വിഷയത്തില്‍ സമാധാന രാഷ്ട്രീയമാണ് നമുക്ക് വേണ്ടത് എന്ന അര്‍ത്ഥത്തില്‍ അതിനു പിന്തുണ നല്‍കണമെന്നും ആംആദ്മി പാര്‍ട്ടി അഭ്യര്‍ത്ഥിച്ചു. ജനങ്ങളുടെ ശക്തമായ ഇടപെടല്‍ വഴി ഹിംസാ രാഷ്ട്രീയത്തിനെതിരായ മുന്നേറ്റത്തില്‍ ആംആദ്മി പാര്‍ട്ടി  എന്നുമുണ്ടാകും. മറ്റു രാഷ്ട്രീയ സാഹിത്യ പ്രമുഖരെല്ലാം ഇക്കാര്യത്തില്‍ തങ്ങളുടെ നിലപ്പാട് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നന്ദിഗ്രാമിലും സിങ്കൂരിലും ഉണ്ടായ തിരിച്ചടികള്‍ ഇടതുപക്ഷം മനസ്സിലാക്കേണ്ടതുണ്ട്. അവിടെ മഹാശ്വേതാദേവിയുടെയും മറ്റും നേതൃത്വത്തില്‍ ഒട്ടനവധി സാംസ്‌കാരിക നായകര്‍ ശക്തമായി പ്രതികരിക്കാന്‍ ഉണ്ടായി. മോദിക്കെതിരെയും ഇന്ത്യ ഒട്ടാകെ സാംസ്‌കാരിക നായകര്‍ പ്രതികരിച്ചു. രാഷ്ട്രീയത്തില്‍ ഇടപെടാന്‍ സാംസ്‌കാരിക നായകര്‍ക്ക്  അവകാശം ഉണ്ട് എന്ന് അംഗീകരിക്കാന്‍ ഇടതുപക്ഷം തയ്യാറാകണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.

തങ്ങള്‍ക്കെതിരാകുമ്പോള്‍ മാത്രം ആ വ്യക്തിക്കെതിരെ വ്യക്തിഹത്യയുടെ തലത്തിലേക്ക് താഴുന്നതരത്തില്‍ പ്രചരണം നടത്തുന്ന ഇടതുപക്ഷം അതില്‍ നിന്ന് പിന്തിരിയണം. തീര്‍ച്ചയായും ഇതിനെതിരെ ശക്തമായ ജനാഭിപ്രായം സൃഷ്ടിക്കാന്‍ ആം ആദ്മി പാര്ട്ടി  പ്രതിജ്ഞാബദ്ധമാണ്. ശക്തമായ പ്രചരണം ഇക്കാര്യത്തില്‍ ആം ആദ്മി പാര്‍ട്ടി നടത്തുന്നതാണെന്നും സി.ആര്‍ നീലകണ്ഠന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.