Advertisement
Entertainment news
'പഴയത് പുതിയത് എന്നൊന്നുമില്ല, നിങ്ങള്‍ ധൈര്യമായി ചെയ്യൂ'; ലാല്‍ സിങ് ചദ്ധയിലെ പാട്ടിന് നിര്‍ദ്ദേശവുമായി ആമിര്‍ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 22, 03:59 pm
Wednesday, 22nd June 2022, 9:29 pm

ചിത്രത്തിന്റെ ട്രെയ്ലര്‍ ഐ.പി.എല്‍ ഫൈനല്‍ മത്സര വേദിയിലായിരുന്നു റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ട്രെയ്ലറിന് ലഭിച്ചത്. ആഗസ്റ്റ് 11 നാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിലെ ഒരു ഗാനം മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ അടുത്ത ഗാനം റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ജൂണ്‍ 24ന് 11 മണിക്കാണ് ‘ഫിര്‍ നാ ആസി’ എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്യുന്നത്. ഗാനത്തിന്റെ റിലീസിന് മുന്‍പായി പാട്ട് ചിട്ടപെടുത്തുന്ന വേളയില്‍ ആമിര്‍ഖാന്‍ സംഗീത സംവിധായകന്‍ പ്രീതം ചക്രബര്‍ത്തിക്ക് നിര്‍ദ്ദേശം നല്‍കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

‘നോക്കു പ്രീതം എനിക്ക് തോന്നുന്നു ഈ പാട്ട് കുറച്ച് പഴയ സ്‌റ്റൈല്‍ ആണെന്ന് കരുതി നിങ്ങള്‍ പേടിക്കുന്നുണ്ടെന്ന്. അങ്ങനെയുള്ള പേടിയൊന്നും വേണ്ട, പഴയ പാട്ട്, പുതിയ പാട്ട് എന്നൊന്നുമില്ല. നല്ല പാട്ട് മോശം പാട്ട് എന്ന് മാത്രമാണുള്ളത്. അതുകൊണ്ട് നിങ്ങള്‍ പാട്ടില്‍ ശ്രദ്ധിക്കു’; ആമിര്‍ ഖാന്‍ വിഡിയോയില്‍ പറയുന്നു.

ട്വിറ്ററിലൂടെ ആമിര്‍ഖാന്‍ പ്രൊഡക്ഷന്‍സ് തന്നെയാണ് വീഡിയോ പുറത്തുവിട്ടത്. പാട്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ പറയുന്നുണ്ടെങ്കിലും ആരാണ് പാട്ട് പാടുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല.


1994 ല്‍ ടോം ഹാങ്ക്സ് പ്രധാനവേഷത്തില്‍ എത്തിയ അമേരിക്കന്‍ ചലച്ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ അഡാപ്റ്റേഷനായിട്ടാണ് ലാല്‍ സിംഗ് ചദ്ധ ഒരുങ്ങുന്നത്. 2017ല്‍ ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ നിര്‍മാണത്തില്‍ എത്തിയ സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച അദ്വൈത് ചന്ദ്രനാണ് ലാല്‍ സിംഗ് ചദ്ധയുടെയും സംവിധായകന്‍. ചിത്രത്തില്‍ ആമിര്‍ ഖാന്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.

അതുല്‍ കുല്‍ക്കര്‍ണിയാണ് തിരക്കഥ. കരീന കപൂര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനും അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2018 ലാണ് ഫോറസ്റ്റ് ഗമ്പിന്റെ റീമേക്ക് അവകാശം ആമിര്‍ ഖാന്‍ സ്വാന്തമാക്കിയത്.

Content Highlight :  Aamir Khan with the suggestion for the song in Lal Singh Chadha