'ഇ.ഡി ഒരു എന്റര്‍ടെയ്‌മെന്റായി, ഭാര്യക്ക് 10,000 എന്തിന് കൊടുത്തു, അമ്മക്ക് പൈസ കൊടുത്തോ എന്നൊക്കെയാണ് ചോദിക്കുന്നത്'
national news
'ഇ.ഡി ഒരു എന്റര്‍ടെയ്‌മെന്റായി, ഭാര്യക്ക് 10,000 എന്തിന് കൊടുത്തു, അമ്മക്ക് പൈസ കൊടുത്തോ എന്നൊക്കെയാണ് ചോദിക്കുന്നത്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th October 2023, 9:42 am

ന്യൂദല്‍ഹി: എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ഒരു വിനോദ വകുപ്പായി മാറിയിരിക്കുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിങ് കോടതിയില്‍. തന്റെ ഭാര്യക്ക് 10,000 രൂപ താന്‍ അയച്ചത് എന്തിനാണെന്നും അമ്മക്ക് എന്തിനാണ് പണം നല്‍കിയത് തുടങ്ങിയ ബാലിശമായ ചോദ്യങ്ങളാണ് ചോദ്യം ചെയ്യലില്‍ ഇ.ഡിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹി മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് ശേഷം റോസ് അവന്യു കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്ന സഞ്ജയ് സിങ്ങ് കോടതിയില്‍ ഇക്കാര്യം പറഞ്ഞത്. അദാനിക്കെതിരെ നല്‍കിയ പരാതിയില്‍ ഇ.ഡി. നടപടിയെടുത്തില്ലെന്നും
സഞ്ജയ് സിങ് ആരോപിച്ചു. ഈ സമയം കോടതി മുറിയില്‍ രാഷ്ട്രീയ പ്രസംഗം നടത്തരുതെന്നായിരുന്നു കോടതി പറഞ്ഞത്.

ദല്‍ഹി മദ്യനയ രൂപീകരണത്തിനായി രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയതില്‍ സഞ്ജയ് സിങ്ങിന് നേരിട്ട് ബന്ധമുണ്ടെന്ന് ഇ.ഡി ആരോപിച്ചു. കുറ്റാരോപിതനായ ദിനേഷ് അറോറയില്‍ നിന്നാണ് സഞ്ജയ് സിങ് പണം കൈപ്പറ്റിയതെന്നും അന്വേഷണ ഏജന്‍സി കോടതിയില്‍ അറിയിച്ചു.

നിലവില്‍ സഞ്ജയ് സിങ്ങിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അതിനിടെ സഞ്ജയ് സിങ് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ടാണ് സിങ് ഹൈകോടതിയെ സമീപിച്ചത്. വിചാരണക്കോടതി നല്‍കിയ റിമാന്‍ഡിനെയും സഞ്ജയ് സിങ് ചോദ്യം ചെയ്തു.

മദ്യനയക്കേസില്‍ ഒരു വര്‍ഷത്തിനിടെ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്യുന്ന മൂന്നാമത്തെ എ.എ.പി നേതാവാണ് സഞ്ജയ് സിങ്. അദ്ദേഹത്തിന് പുറമെ മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും മറ്റ് കേസുകളില്‍ ഇപ്പോള്‍ ജയിലിലാണ്.

Content Highlight: Aam Aadmi Party MP Sanjay Singh courted that Enforcement Directorate (ED) has become an entertainment department