മിലന്റെ പാട്ട് കണ്ണ് നനയിപ്പിച്ചു, അടുത്ത ചിത്രങ്ങളില്‍ പാടാന്‍ അവസരം നല്‍കും; പ്രജേഷ് സെന്‍
Entertainment news
മിലന്റെ പാട്ട് കണ്ണ് നനയിപ്പിച്ചു, അടുത്ത ചിത്രങ്ങളില്‍ പാടാന്‍ അവസരം നല്‍കും; പ്രജേഷ് സെന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th July 2022, 3:14 pm

സോഷ്യല്‍ മീഡിയയില്‍ വൈറലായ തൃശൂരിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിലനെ അഭിനന്ദിച്ച് സംവിധായകന്‍പ്രജേഷ് സെന്‍.

പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം എന്ന ചിത്രത്തിലെ ‘ആകാശമായവളെ’ എന്ന ഗാനം ആലപിച്ച മിലന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗാനം ആലപിച്ച മിലനെ അദ്ദേഹം തന്നെ വിളിച്ച് അഭിനന്ദിക്കുകയും അടുത്ത ചിത്രത്തില്‍ പാടാന്‍ അവസരം നല്‍കുമെന്നും അറിയിച്ചിരിക്കുകയാണ്. പ്രജേഷിന്റെ സംവിധാനത്തില്‍ ജയസൂര്യ നായകനായി 2021ലാണ് വെള്ളം റീലീസ് ചെയ്തത്.

മിലന്റെ ശബ്ദം കണ്ണ് നനയിച്ചെന്നും അടുത്ത ചിത്രത്തില്‍ മിലന് പാടാന്‍ അവസരം നല്‍കും എന്നുമാണ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പ്രജേഷ് സെന്‍ പറയുന്നത്.

ആകാശമായവളേ പാടി പലരും അയച്ചു തരാറുണ്ട്, ഷഹബാസിന്റെ ശബ്ദത്തിന് പകരം വയ്ക്കാനാവില്ലെങ്കിലും എല്ലാവരും ആ പാട്ട് മൂളി നടക്കുന്നത് സന്തോഷമാണെന്നും, എന്നാല്‍ മിലന്റെ ശബ്ദം കണ്ണ് നനയിച്ചു എന്നും കുറിപ്പില്‍ അദ്ദേഹം പറയുന്നു.

വീഡിയോ പകര്‍ത്തിയ മിലന്റെ അധ്യാപകനെയും മിലനെയും വിളിച്ച് സന്തോഷം അറിയിച്ചു. അടുത്ത സിനിമയില്‍ മിലന് പാട്ട് പാടാന്‍ അവസരം നല്‍കുമെന്ന് അറിയിച്ചപ്പോള്‍ മിലന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു എന്നും പ്രജേഷ് കുറിപ്പില്‍ കൂടിച്ചേര്‍ക്കുന്നു.

പ്രജേഷ് സെന്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

ക്ലാസ് മുറിയില്‍ മനോഹരമായി പാട്ട് പാടുന്ന കുട്ടി കൂട്ടുകാരുടെ വീഡിയോ പലതും കാണാറുണ്ട്.
അത്തരത്തില്‍ കണ്ണൂരില്‍ നിന്നുള്ള ഒരു വിഡിയോ ശ്രദ്ധയില്‍പെടുത്തിയത് സുഹൃത്തും മാധ്യമ പ്രവര്‍ത്തകയുമായ വിനിതയാണ്. അങ്ങനെയാണ് അന്ധതയെ അതിജീവിച്ച അനന്യക്കുട്ടിയെക്കൊണ്ട് വെള്ളത്തിലെ പുലരിയിലച്ഛന്റെ എന്ന പാട്ട് പാടിക്കുന്നത്. എല്ലാവരും നെഞ്ചേറ്റിയ ഒരു പാട്ടായിരുന്നു അത്.

കഴിഞ്ഞ ദിവസം അതുപോലെ ക്ലാസ് മുറിയില്‍ പാട്ട് പാടുന്ന മിലന്‍ എന്ന കുട്ടിയുടെ വിഡിയോ അധ്യാപകന്‍ പ്രവീണ്‍ ഷെയര്‍ ചെയ്തത് ശ്രദ്ധയില്‍പെട്ടു. ആകാശമായവളേ പാടി പലരും അയച്ചു തരാറുണ്ട്.

ഷഹബാസിന്റെ ശബ്ദത്തിന് പകരം വയ്ക്കാനാവില്ലെങ്കിലും എല്ലാവരും ആ പാട്ട് മൂളി നടക്കുന്നതില്‍ പരം സന്തോഷമെന്താണ്. നിധീഷിന്റെ വരികളില്‍ ബിജിബാല്‍ ഈണമിട്ട് ആദ്യം പാടി തന്ന ആ നിമിഷത്തില്‍ തന്നെ എനിക്കേറ്റവും പ്രിയപ്പെട്ടതായി ആകാശമായവളേ മാറിയിരുന്നു.

സത്യത്തില്‍ കുഞ്ഞു മിലന്റെ പാട്ട് വല്ലാതയങ്ങ് കണ്ണു നനയിച്ചു. മിലന്റെ അധ്യാപകനെയും മില നെയും വിളിച്ചു. സന്തോഷം അറിയിച്ചു. അടുത്ത സിനിമകളില്‍ മിലന് പാട്ട് പാടാന്‍ അവസരം നല്‍കുമെന്ന് അറിയിച്ചു, മിലന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഇനിയും പാടട്ടെ ആഹ്ലാദിച്ചു പഠിച്ച് വളരെട്ടെ നമ്മുടെ കുട്ടികള്‍. എല്ലാം നന്നായി വരുമെന്ന് പ്രതീക്ഷിക്കുന്നു. മിലന് ആശംസകള്‍.

Content Highlight : aakashamayavale viral video star milan to sing in malayalam cinema appreciated by director Prajesh sen