Entertainment
25 നടീനടന്‍മാര്‍ ലോഞ്ച് ചെയ്ത ആ ഗാനം; വടം വലിച്ച് ഇന്ദ്രജിത്തും പാട്ടു പാടി അര്‍ജുന്‍ അശോകും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Dec 17, 06:30 am
Thursday, 17th December 2020, 12:00 pm

സാസ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാം നിര്‍മിച്ച് ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ‘ആഹാ’യുടെ തീം സോങ്ങിന് താര നിബിഡമായ ലോഞ്ച്. സയനോര ഫിലിപ്പ് സംഗീത സംവിധാനം നിര്‍വഹിച്ച് നടന്‍ അര്‍ജുന്‍ അശോകന്‍ പാടിയ ഗാനമാണ് നിരവധി സിനിമാ നടന്‍മാര്‍ സോഷ്യല്‍മീഡിയ പേജുകള്‍ വഴി ലോഞ്ച് ചെയ്തത്. വടം വലി പ്രധാന പ്രമേയമായ സിനിമയാണ് ഇന്ദ്രജിത്ത് സുകുമാരന്‍ നായകനാകുന്ന ആഹാ.

ജുബിത് നമ്രടത്ത് ആണ് തീം സോങ്ങിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. സയനോര ഫിലിപ്പ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ആഹാ. വ്യത്യസ്തമായ നാല് ഗാനങ്ങളാണ് ആഹായ്ക്ക് വേണ്ടി സയനോര ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ടോവിനോ തോമസ്, മഞ്ജു വാരിയര്‍, ആസിഫ് അലി, വിജയ് സേതുപതി, കാര്‍ത്തി, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ് , ജോജു ജോര്‍ജ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, ദിലീഷ് പോത്തന്‍, സാനിയ ഇയ്യപ്പന്‍, ആന്റണി പെപെ, ലാല്‍, ബാലു വര്‍ഗീസ്, ലെന, ദുര്‍ഗ എന്നിവരാണ് ലോഞ്ചിന്റെ ഭാഗമായത്. പുറത്തിറങ്ങി അല്പസമയത്തിനകം തന്നെ ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഗാനം ഇന്ദ്രജിത്തിന്റെ ജന്മദിനത്തിലാണ് പുറത്തിറങ്ങിയത്.

ആഹായുടെ സംഗീത സംവിധാനത്തിലൂടെ മലയാള സിനിമാ ലോകത്ത് ഒന്നാം നിര സംഗീത സംവിധായകരുടെ ഇടയിലേക്ക് സയനോരയും എത്തുകയാണ്.

84 ഇല്‍ അധികം ലൊക്കേഷനുകളിലായി ആറായിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അണിനിരത്തി 62 ദിവസങ്ങള്‍ കൊണ്ടാണ് ആഹായുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. കുറച്ച് മാസങ്ങള്‍ക്ക് മുന്നേ ഇറങ്ങിയ ആഹായുടെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.

സിനിമയ്ക്കുവേണ്ടി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ടോബിത് ചിറയത് ആണ്. ബോളിവുഡിലും മറ്റും നിരവധി ചിത്രങ്ങളുടെ ഭാഗമായ രാഹുല്‍ ബാലചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ ശാന്തി ബാലചന്ദ്രന്‍ ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍, മനോജ് കെ ജയന്‍, സിദ്ധാര്‍ത്ഥ ശിവ, ജയശങ്കര്‍ എന്നിങ്ങനെ നിരവധി അഭിനേതാക്കള്‍ അണിനിരക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:Aaha movie theme song released by 25 actors