ആധാര്‍ വിവരങ്ങള്‍ ക്രിമിനല്‍ കേസന്വേഷണത്തിന് ഉപയോഗിക്കുന്നത് അനുവദനീയമല്ല: യു.ഐ.ഡി.എ.ഐ
national news
ആധാര്‍ വിവരങ്ങള്‍ ക്രിമിനല്‍ കേസന്വേഷണത്തിന് ഉപയോഗിക്കുന്നത് അനുവദനീയമല്ല: യു.ഐ.ഡി.എ.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd June 2018, 11:29 pm

ന്യൂദല്‍ഹി: ക്രിമിനല്‍ കേസന്വേഷണത്തിന് ആധാര്‍ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിക്കുന്നത് ആധാര്‍ ആക്ട് പ്രകാരം അനുവദനീയമല്ലെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. ആധാറിലെ വിവരങ്ങള്‍ ഒരു കുറ്റാന്വേഷണ ഏജന്‍സിയുമായും പങ്കുവച്ചിട്ടില്ലെന്നും അതോറിറ്റി അറിയിച്ചു.

ആധാര്‍ വിവരങ്ങള്‍ പൊലീസിന് ചില അവസരങ്ങളില്‍ നിയന്ത്രണങ്ങളോടെ കൈമാറണം എന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡയറക്ടര്‍ ഈശ് കുമാര്‍ ശുപാര്‍ശ ചെയ്തതിനു പിന്നാലെയാണ് യു.ഐ.ഡി.എ.ഐ പ്രസ്താവനയിറക്കിയത്. തിരിച്ചറിയാന്‍ സാധിക്കാത്ത മൃതശരീരങ്ങള്‍ തിരിച്ചറിയാനും ആദ്യത്തെ തവണ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ പിടികൂടാനും പൊലീസിന് ആധാര്‍ വിവരങ്ങള്‍ ലഭ്യമാക്കണം എന്നായിരുന്നു ഈശ് കുമാറിന്റെ ആവശ്യം.

കുറ്റാന്വേഷണത്തിന് ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കുന്നത് ആധാര്‍ ആക്ടിന്റെ 29ാം വകുപ്പ് പ്രകാരം അനുവദനീയമല്ലെന്ന് അതോറിറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു. രാഷ്ട്ര സുരക്ഷയ്ക്ക് ഭീഷണി നേരിടുന്ന ഘട്ടങ്ങളില്‍, ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മറ്റി മുന്‍കൂട്ടി അധികാരപ്പെടുത്തിയാല്‍ മാത്രം ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കാമെന്നും പ്രസ്താവനയിലുണ്ട്.


Also Read: ഭൂമി കൈയേറ്റം തടഞ്ഞ ദളിത് കര്‍ഷകനെ ജീവനോടെ ചുട്ടുകൊന്നു


“ഇന്നേവരെ ഒരു കുറ്റാന്വേഷണ ഏജന്‍സിക്കും യു.ഐ.ഡി.എ.ഐ ബയോമെട്രിക് വിവരങ്ങള്‍ കൈമാറിയിട്ടില്ല. ഒരു കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സിക്ക് വിവരങ്ങള്‍ കൈമാറണമെന്ന് മുംബൈ ഹൈക്കോടതി ആവശ്യപ്പെട്ടെങ്കിലും ആ കേസ് സുപ്രീം കോടതിയിലേക്ക് നീങ്ങുകയായിരുന്നു. സുപ്രീം കോടതി ആ ഉത്തരവ് സ്‌റ്റേ ചെയ്യുകയും ചെയ്തിരുന്നു.” യു.ഐ.ഡി.എ.ഐ. പ്രസ്താവനയില്‍ വ്യക്തമാക്കി.

രാജ്യത്ത് പ്രതിവര്‍ഷം 50 ലക്ഷത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ടെന്നും, അതില്‍ മിക്കതും ആദ്യത്തെ തവണ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരാണെന്നും ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡയറക്ടര്‍ പറഞ്ഞിരുന്നു. പൊലീസ് റെക്കോര്‍ഡുകളില്‍ ലഭ്യമല്ലാത്ത അവരുടെ വിരലടയാളം തിരിച്ചറിയാന്‍ ആധാര്‍ വിവരങ്ങള്‍ സഹായകമാകും എന്നായിരുന്നു ഈശ് കുമാറിന്റെ പക്ഷം.