പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.വി ഗോപിനാഥ്. സ്ഥാനാര്‍ത്ഥിയാകാന്‍ താനില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘നിയമസഭാ സീറ്റ് വേണ്ട. തന്നെ സ്ഥാനാര്‍ത്ഥി ആക്കുന്നതിലൂടെ പരിഹരിക്കാവുന്നതല്ല വിഷയം. പാര്‍ട്ടിക്ക് ഗുണകരമായ നേതൃത്വം വരട്ടെ. മത്സരിക്കാന്‍ മനസില്ലെന്ന് പറയുന്ന എന്നില്‍ എന്തിനാണ് സ്ഥാനാര്‍ത്ഥിത്വം അടിച്ചേല്‍പ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്റെ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചപ്പോഴും എന്നോടാലോചിച്ചില്ല,’ എ.വി ഗോപിനാഥ് പറഞ്ഞു.
നേരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് എ.വി ഗോപിനാഥ് വിമര്‍ശനമുയര്‍ത്തി രംഗത്തെത്തിയിരുന്നു.
പാലക്കാട് നിയോജക മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ പേര് ഉയര്‍ന്നു വന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉയര്‍ന്നത്. ഷാഫി പറമ്പിലിനെതിരെ എ. വി ഗോപിനാഥ് മത്സരിച്ചേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
മത്സരിക്കാനായി ഷാഫി പറമ്പിലിന്റെ പേര് ഉയര്‍ന്നു വന്നതിന് പിന്നാലെ പരസ്യ വിമര്‍ശനവുമായി എ.വി ഗോപിനാഥ് മുന്നോട്ട് വന്നിരുന്നു. ആലത്തൂര്‍ എം.എല്‍.എ ആയിരുന്ന എ.വി ഗോപിനാഥ് ഇപ്പോള്‍ പെരിങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്ത് അംഗം കൂടിയാണ്.
കഴിഞ്ഞ ദിവസം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച്, അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തിന് വെല്ലുവിളിയുയര്‍ത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക