Kerala News
ബാലരാമപുരത്ത് കാണാതായ രണ്ടുവയസുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 30, 03:16 am
Thursday, 30th January 2025, 8:46 am

ബാലരാമപുരം: തിരുവനന്തപുരം ബാലരാമപുരത്ത് കാണാതായ രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉറങ്ങിക്കിടന്ന കുഞ്ഞിനെ ഇന്ന് രാവിലെ കാണാതാവുകയായിരുന്നു. പിന്നാലെ ഫയര്‍ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കിണറ്റില്‍ കണ്ടത്.

കോട്ടുകാല്‍കോണത്താണ് സംഭവം. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവാണ് മരണപ്പെട്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് എം. വിൻസെന്റ് എം.എൽ.എ പറഞ്ഞു. സംശയിക്കുന്ന വ്യക്തിയെ ചോദ്യം ചെയ്ത് തുടങ്ങിയെന്ന് നെയ്യാറ്റിൻകര ഡി.വൈ.എസ്.പി പറഞ്ഞു.

ബാലരാമപുരം പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് രണ്ടു വയസുകാരിയെ കിണറ്റിൽ കണ്ടെത്തിയത്. ഫയര്‍ഫോഴ്സ് സംഘമെത്തി കിണറ്റിൽ പരിശോധന നടത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയെ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും തനിയെ കുട്ടി അവിടേ പോയി കിണറ്റിലേക്ക് വീഴാനുള്ള സാധ്യതയില്ലെന്നും ദുരൂഹതയുണ്ടെന്നും എം. വിന്‍സെന്‍റ് എം.എൽ.എ പറഞ്ഞു.

കൈവരികളുള്ള കിണറാണെന്നും കുട്ടി തനിയെ വീഴാൻ ഒരു സാധ്യതയില്ലെന്നും എം.എൽ.എ പറഞ്ഞു. രാവിലെ വിവരം അറിഞ്ഞ ഉടൻ ഇവിടെ എത്തുകയായിരുന്നു. ഡി.വൈ.എസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫയര്‍ഫോഴ്സുമെത്തി കിണറ്റിൽ പരിശോധന നടത്തുകയായിരുന്നു. കുട്ടിയെ കാണാതായെന്ന് പറയുന്ന സമയത്ത് അമ്മയുടെ സഹോദരൻ കിടന്നിരുന്ന മുറിയിൽ തീപിടിത്തമുണ്ടായിരുന്നു.

അതിനുശേഷം തീയണയ്ക്കാനായി വെള്ളം എടുത്ത് ഒഴിച്ചിരുന്നു. ഇതിനുശേഷമാണ് കുഞ്ഞിനെ കാണാതായ വിവരം അറിയുന്നതെന്നാണ് വീട്ടുകാര്‍ പറഞ്ഞതെന്നും എം. വിന്‍സെന്‍റ് എം.എൽ.എ പറഞ്ഞു.

പുലര്‍ച്ചെ 5.30ന് കുട്ടി കരഞ്ഞത് കേട്ടിരുന്നുവെന്നും അമ്മയുടെ  സഹോദരന്‍റെ മുറിയിലായിരുന്നു കുട്ടിയെന്നും അമ്മ പറഞ്ഞു.

 

വിന്‍സെന്‍റ് എം.എൽ.എ അടക്കമുള്ളവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ അടിമുടി ദുരൂഹതയുള്ളതിനാലാണ് പൊലീസ് സംശയിക്കുന്നയാളെ ചോദ്യം ചെയ്യുന്നത്.

സംഭവത്തിൽ വീട്ടുകാരുടേത് പരസ്പര ബന്ധമില്ലാത്ത മൊഴിയെന്ന് പൊലീസ്. രണ്ട് ദിവസം മുൻപ് ഇതേ വീട്ടുകാർ 30 ലക്ഷം നഷ്ടപ്പെട്ടെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ അന്നും സമാനമായ നിലയിൽ പരസ്പര ബന്ധമില്ലാത്ത മൊഴിയായതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല.

കുടുംബം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് സംഭവം നടന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന കുടുംബമാണിതെന്ന് നാട്ടുകാർ പറയുന്നു. കൊല്ലപ്പെട്ട കുഞ്ഞിൻ്റെ മുത്തശി നേരത്തെ രണ്ട് വട്ടം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇവർ ഞരമ്പ് മുറിക്കുകയും കിണറ്റിൽ ചാടുകയും ചെയ്തുവെന്നും നാട്ടുകാർ ആരോപിക്കുന്നു.

 

 

Content Highlight: A two-year-old child who went missing in Balaramapuram was found dead in a well