മറയൂരിലെ മുനിയറകള്‍ തേടി. . . .
Travel Info
മറയൂരിലെ മുനിയറകള്‍ തേടി. . . .
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th June 2019, 2:39 pm
ഹൈസ്‌ക്കൂളിനു പുറകിലെ പാറയുടെ നെറുകയില്‍നിന്നും നോക്കിയാല്‍ പാമ്പാറൊഴുകുന്നതും കോവില്‍ കടവും തെങ്കാശിനാഥന്‍ കോവിലും കാണാം. ഒരു മുനിയറയുടെ മുകളിലെ കല്പാളികളില്‍ രണ്ടു വരകളുണ്ട്. പണ്ട് പാണ്ഡവന്മാരുടെ തേരുരുണ്ടാണ് ഈ പാടുണ്ടായത് എന്നാണ് ഐതിഹ്യം.

 

തിരക്കുകള്‍ക്കിടയില്‍ നിന്ന് ആളൊഴിഞ്ഞ ഗ്രാമത്തിന്റെ വശ്യതയും മലഞ്ചെരുവുകളിലെ പോക്കുവെയിലും ചന്ദനം മണക്കുന്ന സന്ധ്യകളും ആസ്വദിക്കോ? അതിന് പറ്റിയ ഇടമാണ് മറയൂര്‍. പരന്നു കിടക്കുന്ന കരിമ്പിന്‍ പാടങ്ങളും അരികിലൂടെ ഒഴുകുന്ന പാമ്പാറുമാണ് ഇവിടം സ്വര്‍ഗ്ഗമാക്കുന്നത്. ഗ്രാമത്തിന്റെ വിശുദ്ധിയുടെ വെണ്‍മ ഇവിടെ കരിമ്പു പൂക്കളായി ഇതള്‍ പൊഴിക്കുന്നു.

പച്ചക്കറിത്തോട്ടങ്ങള്‍, കാന്തല്ലൂരിലെ ആപ്പിള്‍ മരങ്ങള്‍, ചരിത്രമുറങ്ങുന്ന മുനിയറകള്‍. . . ഇവയെല്ലാം മറയൂരിലെ നിറക്കാഴ്ചകളാണ്.

മൂന്നാറില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണ് മറയൂര്‍. ചിന്നാര്‍ വന്യമൃഗസംരക്ഷണകേന്ദ്രവും കണ്ണന്‍ദേവന്‍ തേയിലത്തോട്ടങ്ങളും എല്ലാം കണ്ണുമിഴിയ്ക്കുന്ന കാഴ്ചയാണ്. നാലുവശവും മലകളാല്‍ ചുറ്റപ്പെട്ടതാണ് മറയൂര്‍ ഗ്രാമം. കേരളത്തിലെ മറ്റു പ്രദേശങ്ങളുമായി ഒരു സാമ്യവുമില്ലാത്തതാണ് ഈ മഴനിഴല്‍ താഴ്വര.

നിരവധി ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന പുണ്യസ്ഥലമാണിവിടം. തെങ്കാശിനാഥന്‍, അരുണാക്ഷിയമ്മ, മുരുകന്‍, ഗണപതി തുടങ്ങിയവരാണ് പ്രധാന പ്രതിഷ്ഠ.

 

മുനിയറകള്‍:

മഹാശിലായുഗസംസ്‌ക്കാരത്തിന്റെ തെളിവുകള്‍ അവശേഷിപ്പിക്കുന്ന ഇടങ്ങളാണ് മുനിയറകള്‍. അക്കാലത്ത് മരിച്ചവരെ മറവുചെയ്ത ശവക്കല്ലറകളാണെന്നും മുനിമാര്‍ തപസ്സുചെയ്തിരുന്ന സ്ഥലങ്ങളാണെന്നും വാദങ്ങളുണ്ട്. ഒരാള്‍ക്ക് നില്ക്കാനും കിടക്കാനും സാധിക്കുന്ന തരത്തിലാണ് ഓരോ മുനിയറയും. മറയൂര്‍ കോളനി കഴിഞ്ഞുള്ള ഹൈസ്‌കൂളിനരുകിലെ പാറയില്‍ ധാരാളം മുനിയറകളുണ്ട്.

ഹൈസ്‌ക്കൂളിനു പുറകിലെ പാറയുടെ നെറുകയില്‍നിന്നും നോക്കിയാല്‍ പാമ്പാറൊഴുകുന്നതും കോവില്‍ കടവും തെങ്കാശിനാഥന്‍ കോവിലും കാണാം. ഒരു മുനിയറയുടെ മുകളിലെ കല്പാളികളില്‍ രണ്ടു വരകളുണ്ട്. പണ്ട് പാണ്ഡവന്മാരുടെ തേരുരുണ്ടാണ് ഈ പാടുണ്ടായത് എന്നാണ് ഐതിഹ്യം.

മുനിയറയുടെ താഴെയാണ് കോവില്‍ക്കടവ്. ഇവിടെ നിന്നും പാമ്പാറിലേക്കിറങ്ങുന്നത് ദുഷ്‌ക്കരമാണ്. നല്ല വഴുക്കലുള്ള പാറകളാണ് ഇവിടെ മുഴുവനും.

 

തെങ്കാശിനാഥന്‍ ക്ഷേത്രം

പാണ്ഡവര്‍ വനവാസക്കാലത്ത് ഒറ്റക്കല്ലില്‍ പണിതതാണ് ഈ ക്ഷേത്രം എന്നതാണ് ഒരു വാദം. പാമ്പാറിന്റെ തീരത്താണ് ക്ഷേത്രം. കല്ലില്‍ പ്രാചീനലിപികളില്‍ എന്തൊക്കെയോ കൊത്തിവെച്ചിട്ടുളള ഒരു ഗുഹാമുഖമുണ്ട് ഇവിടെ. ഇതു വായിക്കാനാന്‍ സാധിച്ചാല്‍ ഗുഹാമുഖം തുറക്കും എന്നാണ് വിശ്വാസം. ഗുഹ അവസാനിക്കുന്നത് പഴനിമലയിലാണെന്നും നാട്ടുകാര്‍ വിശ്വസിക്കുന്നു. വലിയ അപകടങ്ങളാണ് തെങ്കാശിക്കോവിലിന്റെ കുത്തില്‍ സംഭവിക്കാറുള്ളത്.

 

കാലാവസ്ഥ

മൂന്നാറിലേതിന് സമാനമായ കാലവസ്ഥയാണ് മറയൂരില്‍ ഉള്ളത്. മഴ വളരെ കുറവാണ്. പെയ്യുന്നത് അധികവും നൂര്‍മഴയാണ്. വര്‍ഷത്തില്‍ 50 സെമി താഴെയാണ് മഴ ലഭിക്കുന്നത്. നാലു വശവുമുള്ള മലകള്‍ മഴയെ തടഞ്ഞു നിര്‍ത്തും. കേരളത്തില്‍ ഇടവപ്പാതി പെയ്യുന്ന സമയത്ത് മറയൂരില്‍ വലിയ കാറ്റു വീശും. തുലാമഴ ഇവിടെ കൂടുതലായി ലഭിക്കുന്നു.

വര്‍ഷത്തില്‍ അധികവും ഇവിടെ മഞ്ഞാണ്. അതിനാല്‍, ശീതകാല പച്ചക്കറിക്കളായ കാരറ്റ്, ബീറ്റ് റൂട്ട്, കാബേജ്, കോളിഫ്‌ളവര്‍, ഉരുളക്കിഴങ്ങ്, ഉള്ളി തുടങ്ങിയവ പ്രധാന കൃഷികളാണ്. കേരളത്തില്‍ ആപ്പിള്‍ വിളയുന്ന ഏക സഥലമാണ് കാന്തല്ലൂര്‍.

റോഡുമാര്‍ഗ്ഗം മാത്രമേ മറയൂരിലേയ്ക്ക് യാത്ര പറ്റൂ. താമസിക്കാന്‍ ധാരാളം ഹോട്ടലുകള്‍ ലഭ്യമാണ്.

തൂവാനം വെള്ളച്ചാട്ടവും രാജീവ്ഗാന്ധി ദേശീയപാര്‍ക്കും മറയൂരില്‍ നിന്ന് അധികം ദൂരത്തല്ല. സുഖകരമായ കാലാവസ്ഥ കൊണ്ടും ഗ്രാമത്തിന്റെ ഏറ്റവും ഗംഭീരമായ അനുഭവങ്ങള്‍ കൊണ്ടും ഐതിഹ്യങ്ങളും വിശ്വാസങ്ങളും കൊണ്ടും ഇവിടം ഒരു പറുദീസയാണ്.