തൃശൂര്‍: സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ അധ്യാപകന്‍ എസ്. സുനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. അധ്യാപകന് ക്യാമ്പസില്‍ പ്രവേശിക്കുന്നതിനും വിലക്കിയിട്ടുണ്ട്.
സംഭവത്തില്‍ അധ്യാപകനെതിരെ കേസെടുത്തിട്ടുണ്ട്. സ്‌കൂള്‍ ഓഫ് ഡ്രാമ ഡീന്‍ എസ്. സുനില്‍കുമാറിനെതിരെ വെസ്റ്റ് പൊലീസ് ബലാല്‍സംഗ കുറ്റം ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നുണ്ട്.
ഓറിയന്റേഷന്‍ ക്ലാസിനിടെ താല്‍ക്കാലിക അധ്യാപകന്‍ രാജ വാര്യര്‍ പരാതിക്കാരിയായ കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നു. ഇതിനെതുടര്‍ന്ന് സ്‌കൂള്‍ ഓഫ് ഡ്രാമ ഗ്രീവന്‍സ് സെല്ലില്‍ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു.
ഇതിനുപിന്നാലെ പെണ്‍കുട്ടിക്ക് ധാര്‍മിക പിന്തുണയുമായി എത്തിയ സുനില്‍കുമാര്‍ സൗഹൃദം മുതലെടുത്ത് പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് പീഡന വിവരം പുറത്തുവന്നത്.
അതേസമയം, ആരോപണവിധേയനായ എസ് സുനില്‍കുമാറിനെ അറസ്റ്റ് ചെയ്യുകയും സ്ഥാപനത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്യും വരെ പഠിപ്പുമുടക്കുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. പരാതി നല്‍കാന്‍ എത്തിയപ്പോള്‍ വിദ്യാര്‍ഥിനിയോട് സ്റ്റേഷന്‍ എസ്.ഐ മോശമായി പെരുമാറിയെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നുണ്ട്.