ആറ് വയസുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി
Kerala News
ആറ് വയസുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th June 2023, 11:59 pm

ആലപ്പുഴ: മാവേലിക്കരയില്‍ ആറ് വയസുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി.
മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയെയാണ് ശ്രീമഹേഷ് എന്നയാള്‍ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ഇയളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ബുധനാഴ്ച വൈകീട്ട് 7.30ഓടെയായിരുന്നു സംഭവം. കഴുത്തിനും നെഞ്ചിനുമാണ് കുട്ടിക്ക് വെട്ടേറ്റത്. അക്രമത്തില്‍ പ്രതിയുടെ മാതാവ് സുനന്ദക്ക്(62) ഗുരുതര പരിക്കേറ്റിട്ടുണ്ട്. സുനന്ദയുടെ കൈക്കാണ് വെട്ടേറ്റത്. സുനന്ദ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബഹളം കേട്ട് വന്ന സമീപവാസികളെ മഹേഷ് മഴുകാട്ടി ഭീഷണിപ്പെടുത്തുകയും അക്രമിക്കാന്‍ ശ്രമിച്ചെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് പൊലീസെത്തി ഇയാളെ കീഴ്‌പ്പെടുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

മാനസികവിഭ്രാന്തി പ്രകടിപ്പിക്കുന്ന പ്രതി പരസ്പര വിരുദ്ധമായാണ് മൊഴി നല്‍കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും പൊലീസ് ആരോപിക്കുന്നു.

അക്രമത്തിന്റെ കാരണം ഉള്‍പ്പടെ പൊലീസ് പരിശോധിച്ചുവരികയാണ്. ശ്രീമഹേഷിന്റെ ഭാര്യ നാല് വര്‍ഷമുമ്പ് ആത്മഹത്യ ചെയ്തിരുന്നുവെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് മഹേഷിന്റെ സംരക്ഷണത്തിലായിരുന്നു നക്ഷത്ര. അതേസമയം, നക്ഷത്രയുടെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.