മരണപ്പെട്ട ഗായകരായ ബംബ ബക്യയുടെയും ഷാഹുല്‍ ഹമീദിന്റെയും ശബ്ദം പുനഃസൃഷ്ടിച്ച് എ.ആര്‍. റഹ്‌മാന്‍. എ.ഐയുടെ സഹായത്തോടെയാണ് ഇരുവരുടെയും ശബ്ദത്തില്‍ പുതിയ ഗാനം പുറത്തുവിട്ടത്.
രജിനികാന്തിന്റെ ‘ലാല്‍ സലാം’ എന്ന ചിത്രത്തിലെ ‘തിമിരി യെഴുദാ’ എന്ന ഗാനത്തിന് വേണ്ടിയാണ് എ.ഐ ഉപയോഗിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സോണി മ്യൂസിക് സൗത്ത് ഈകാര്യം തങ്ങളുടെ എക്‌സ് അകൗണ്ടിലൂടെ പുറത്തുവിട്ടത്.
‘ലാല്‍ സലാമിലെ തിമിരി യെഴുദയില്‍ ബംബ ബാക്യയുടെയും ഷാഹുല്‍ ഹമീദിന്റെയും മാസ്മരിക ശബ്ദങ്ങള്‍ timelessvoicesx AI വോയ്സ് മോഡല്‍സ് വഴി സാധ്യമാക്കി. അന്തരിച്ച ഇതിഹാസങ്ങളുടെ ശബ്ദം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് ഇന്‍ഡസ്ട്രിയില്‍ ആദ്യമായാണ്,’ എന്നാണ് സോണി മ്യൂസിക് സൗത്ത് അവരുടെ എക്‌സില്‍ കുറിച്ചത്.
പിന്നാലെ അതിനെ സപ്പോര്‍ട്ട് ചെയ്തു കൊണ്ടും വിമര്‍ശിച്ചും ആളുകള്‍ മുന്നോട്ടുവന്നു. തങ്ങള്‍ക്ക് എസ്.പി.ബിയുടെ ശബ്ദവും ഇത്തരത്തില്‍ കേള്‍ക്കണമെന്ന് ധാരാളം കമന്റുകള്‍ വന്നപ്പോള്‍ ചിലര്‍ എസ്.പി.ബിയുടെ ശബ്ദത്തെ തൊട്ടുപോകരുത് എന്ന രീതിയില്‍ കമന്റുകളിട്ടു.
സംഗീതത്തില്‍ എ.ഐ ഉപയോഗിക്കുന്നതിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നു. ഇത് ഒരു അനാദരവുള്ള കാര്യമാണെന്നും ഒന്നിനും അതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും ചിലര്‍ പറഞ്ഞു. പാടാന്‍ ഇഷ്ടപെടുന്ന ഗായകരുടെ കാര്യമെന്താവും, എല്ലാ സംഗീത സംവിധായകരും എ.ഐ ഉപയോഗിച്ച് ഒരോ പാട്ടുകള്‍ ചെയ്താല്‍ അവര്‍ എന്തുചെയ്യുമെന്നുമുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു.
സംഗീത ലോകത്തിന് നഷ്ടമായ രണ്ട് പ്രതിഭകളുടെ ശബ്ദം വീണ്ടും കേള്‍ക്കാന്‍ കഴിഞ്ഞതില്‍ ചിലര്‍ സന്തോഷം പങ്കുവെച്ചപ്പോള്‍ മറ്റു ചിലര്‍ ഈകാര്യം ഇരുവരുടെയും കുടുംബത്തിന്റെ അനുവാദത്തോടെയാണോ ചെയ്തത് എന്നായിരുന്നു അറിയിച്ചിരുന്നോ എന്നായിരുന്നു ചോദിച്ചത്.
പിന്നാലെ എ.ആര്‍. റഹ്‌മാന്‍ സോണി മ്യൂസിക് സൗത്തിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് എക്‌സില്‍ പോസ്റ്റിട്ടു. ‘ഞങ്ങള്‍ അവരുടെ കുടുംബാംഗങ്ങളില്‍ നിന്ന് അനുവാദം വാങ്ങിയിരുന്നു. അവരുടെ വോയിസ് അല്‍ഗോരിതം ഉപയോഗിച്ചതിന് അര്‍ഹമായ പ്രതിഫലവും നല്‍കിയിട്ടുണ്ട്. ടെക്‌നോളജി ശരിയായി ഉപയോഗിച്ചാല്‍ അത് ഒരു ഭീഷണിയും ശല്യവുമല്ല,’ എന്നായിരുന്നു അദ്ദേഹം എക്‌സില്‍ കുറിച്ചത്.
We took permission from their families and sent deserving remuneration for using their voice algorithms ..technology is not a threat and a nuisance if we use it right…#respect#nostalgia 🙏 https://t.co/X2TpRoGT3l
ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലാല്‍ സലാം’. വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവര്‍ നായകന്മാരായി എത്തുന്ന ഈ ചിത്രത്തില്‍ ‘മൊയ്ദീന്‍ ഭായ്’ എന്ന കഥാപാത്രത്തെയാണ് രജിനികാന്ത് അവതരിപ്പിക്കുന്നത്. ചിത്രത്തിന് എ.ആര്‍. റഹ്‌മാനാണ് സംഗീതം പകരുന്നത്. വിഷ്ണു രംഗസ്വാമിയുടേതാണ് കഥയും സംഭാഷണങ്ങളും.
Content Highlight: A.R. Rahman react to the criticism of A.I song in Rajinikanth’s film