തിരുവനനന്തപുരം: സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ ഹൈക്കമാന്റിന് പരാതി നല്‍കാന്‍ എ, ഐ ഗ്രൂപ്പുകള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വേണുഗോപാല്‍ കേരളത്തില്‍ സ്വന്തം ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കുകയെന്നാണ് അറിയുന്നത്.
അതേസമയം ശിവദാസന്‍ നായര്‍ക്ക് പിന്നാലെ കെ.പി.സി.സി നേതൃത്വം നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയുമായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍ കുമാര്‍ രംഗത്തെത്തി. തനിക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്നാണ് അനില്‍ കുമാര്‍ ആവശ്യപ്പെട്ടത്. അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നും അനില്‍ കുമാര്‍ പറഞ്ഞു.
ഡി.സി.സി പട്ടിക പുറത്തുവന്നതിന് തൊട്ടുമുന്‍പാണ് പട്ടികയ്‌ക്കെതിരെ അനില്‍ കുമാര്‍ ഗുരുതരമായ വിമര്‍ശനം നടത്തിയത്. ഇതിന് പിന്നാലെയാണ് പാര്‍ട്ടി അദ്ദേഹത്തിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചക്കിടെയായിരുന്നു ഡി.സി.സി പട്ടികയ്‌ക്കെതിരെ വിമര്‍ശനമവുമായി അനില്‍ കുമാര്‍ എത്തിയത്. എന്നാല്‍ ചാനല്‍ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് ആ സമയത്ത് വിലക്കുണ്ടായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നുമാണ് അനില്‍കുമാര്‍ പറഞ്ഞത്. അനില്‍ കുമാറിനെതിരെ കൂടുതല്‍ നടപടി വേണമോ അതോ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണോ എന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വം ഇനി തീരുമാനമെടുക്കും.
തനിക്കെതിരെയുള്ള നടപടി മാനദണ്ഡം പാലിക്കാതെയാണെന്ന് കെ.പി. അനില്‍ കുമാര്‍ നേരത്തെയും പ്രതികരിച്ചിരുന്നു. വി.ഡി. സതീശനും കെ. സുധാകരനും കാണിച്ച അച്ചടക്കരാഹിത്യം താന്‍ കാണിച്ചിട്ടില്ലെന്നും സതീശനും സുധാകരനും നേതൃത്വത്തെ വിമര്‍ശിച്ച അത്രയും താന്‍ പറഞ്ഞിട്ടില്ലെന്നും അച്ചടക്ക നടപടിക്ക് പിന്നിലെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ലെന്നുമായിരുന്നു അനില്‍ കുമാര്‍ പറഞ്ഞത്.
എ.ഐ.സി.സി അംഗത്തിനെതിരെ നടപടി എടുക്കുമ്പോള്‍ എ.ഐ.സി.സിയുടെ അനുമതി വേണം. അത് വാങ്ങിയിട്ടില്ല. ഫോണ്‍ കോളിലൂടെ പോലും വിശദീകരണം തേടിയില്ല. ഉള്ള കാര്യങ്ങള്‍ തുറന്നു പറഞ്ഞത് തെറ്റാണോയെന്നും രൂക്ഷമായി പ്രതികരിച്ച ഉമ്മന്‍ ചാണ്ടിയെ പുറത്താക്കുമോയെന്നും കെ.പി. അനില്‍ കുമാര്‍ ചോദിച്ചു. രണ്ട് തവണ സീറ്റ് നിഷേധിക്കപ്പെട്ടപ്പോഴും അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന് സുധാകരന്‍ ഓര്‍ക്കണമെന്നും അനില്‍ കുമാര്‍ പറഞ്ഞിരുന്നു.