ഇസ്രഈല്‍ ക്യാബിനറ്റ് മന്ത്രിയുടെ മകനടക്കം 88 അധിനിവേശ സൈനികര്‍ ഗസയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
World News
ഇസ്രഈല്‍ ക്യാബിനറ്റ് മന്ത്രിയുടെ മകനടക്കം 88 അധിനിവേശ സൈനികര്‍ ഗസയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th December 2023, 8:11 am

ടെല്‍ അവീവ്: ഇസ്രഈല്‍ യുദ്ധ ക്യാബിനറ്റ് മന്ത്രിയുടെ മകനടക്കം അധിനിവേശ സേനയിലെ 88 സൈനികര്‍ ഗസയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 7ന് നടന്ന ഹമാസ് പ്രത്യാക്രമണത്തിന് ശേഷം 414 ഇസ്രഈല്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതില്‍ 88 സൈനികരും ഗസയിലെ ഏറ്റുമുട്ടലിലാണ് മരണപ്പെട്ടിട്ടുള്ളത്.

ഇസ്രഈല്‍ യുദ്ധ മന്ത്രിയായ ഗാഡി ഐസെന്‍കോട്ടിന്റെ മകന്‍ ഗാല്‍ മെയര്‍ ഐസെന്‍കോ വ്യാഴാഴ്ച വടക്കന്‍ ഗസയിലെ സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടതായി ഇസ്രഈല്‍ പ്രതിരോധ സേന അറിയിച്ചു. 551 റിസര്‍വ് കമാന്‍ഡോ ബ്രിഗേഡിന്റെ 699 ബറ്റാലിയനിലെ സൈനികനായിരുന്നു ഐസെന്‍കോ.

ഗാലിന്റെ ഓര്‍മകളാലും യുദ്ധത്തിലൂടെ ഗാല്‍ കടന്നു പോയ വഴികളാലും ഇസ്രഈല്‍ അനുഗ്രഹീതമാണെന്നും ഗാലിന്റെ പേരില്‍ ഗസയിലെ സൈനിക നടപടി തുടരുമെന്ന് പറഞ്ഞുകൊണ്ട് ഗാഡി ഐസെന്‍കോട്ട് ഗാലിന് ആദരാഞ്ജലി അര്‍പ്പിച്ചു.

ഇസ്രഈലും ഇസ്രഈല്‍ ജനതയും ഗാലിന്റെ വിയോഗത്തില്‍ വിലപിക്കുന്നുവെന്ന് പ്രധാനമന്ത്രി നെതന്യാഹു അനുശോചനം രേഖപ്പെടുത്തി.

ഗാഡി ഐസെന്‍കോട്ട് 2015 മുതല്‍ 2018 വരെ ഇസ്രഈല്‍ മിലിട്ടറിയുടെ ജനറല്‍ സ്റ്റാഫിന്റെ തലവനായിരുന്നു.

കൂടാതെ നാല് പതിറ്റാണ്ടിലേറെയായി സൈന്യത്തില്‍ സേവനമനുഷ്ഠിക്കുകയും 2022ല്‍ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നാഷണല്‍ യൂണിറ്റി പാര്‍ട്ടി അംഗം കൂടിയാണ് അദ്ദേഹം.

Content Highlight: 88 occupation soldiers were killed in Gaza, including the son of an Israeli cabinet minister