സൗദിയില്‍ വര്‍ഷത്തില്‍ 700,000 ടണ്ണോളം അരി പാഴാക്കുന്നു
Pravasi
സൗദിയില്‍ വര്‍ഷത്തില്‍ 700,000 ടണ്ണോളം അരി പാഴാക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th January 2016, 2:34 pm

saudirice

ജിദ്ദാ: രണ്ട് ബില്ല്യണ്‍ സൗദി റിയാല്‍ ചിലവുവരുന്ന 70000ത്തോളം ടണ്‍ അരി സൗദിയില്‍ പ്രതിവര്‍ഷം പാഴാകുന്നു എന്നു റിപ്പോര്‍ട്ടുകള്‍.

ആഘോഷങ്ങള്‍ക്കും വിരുന്നുകള്‍ക്കും അഥിതികളെ സത്കരിക്കാനും മറ്റുമാണ് ഏറെയും പാഴാക്കുന്നത്. ഈസ്‌റ്റേഷ്യന്‍ രാജ്യങ്ങള്‍ക്കു പുറമെ ലോകത്ത് ഏറ്റവുംകൂടുതല്‍ അരി സംഭരിക്കുന്നത് സൗദി അറേബ്യയാണ് 5ബില്ല്യണ്‍ സൗദി റിയാല്‍ വരുന്ന 1.4 മില്ല്യണ്‍ ടണ്‍ അരി. സൗദിയിലേക്ക് ഏറ്റവും കൂടുതല്‍ അരി കയറ്റിയയക്കുന്നത് ഇന്ത്യയാണ്.

ഈ വര്‍ഷം അരിക്ക് 5% വര്‍ധിച്ച് റെക്കോര്‍ഡ് വിലയായി. നീതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കച്ചവടക്കാര്‍, പാഴ്ചിലവാക്കുന്ന ഉപഭോക്താക്കള്‍, കുത്തവാകാശം എന്നിവയാണ് വില വര്‍ദ്ധനവിന് കാരണമെന്ന് സൗദി കണ്‍സ്യൂമര്‍ പ്രൊക്ടക്ഷന്‍  അസ്സോസിയേഷന്‍ മുന്‍ ചെയര്‍മാന്‍ നാസര്‍ അല്‍ ത്വയിം പറയുന്നു.

ഭക്ഷണപദാര്‍ത്ഥങ്ങള്‍ അമിതമായി പാഴാക്കുന്നത് രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ മോശമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ദന്‍ ഒസാമ ഫിലാലി പറയുന്നു.

ബുസ്സാമ യൂത്ത് വളണ്ടിയര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ചടങ്ങുകളില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ കൂടുതലായി അവശേഷിപ്പിക്കുന്നവരെ നിയന്ത്രിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്ന്് സംഘത്തലവന്‍ ഹസ്സന്‍ അഹമ്മദ് പറയുന്നു. ഭക്ഷണം കൂടുതല്‍ എടുത്ത് പാഴാക്കുന്നത് നിയന്ത്രിച്ച് അവ ശേഖരിച്ച് പാവപ്പെട്ടവര്‍ക്കും വേണ്ട ആള്‍ക്കാര്‍ക്കും വിതരണം ചെയ്യുക എന്നതാണ് പദ്ധതി.

സൗദി കുടുംബങ്ങളുടെ മുഖ്യാഹാരമാണ് അരി. ഡിമാന്‍ഡു കൂടുമ്പോള്‍ വിലയും വര്‍ദ്ധിക്കുന്നു, യുക്തിപരമായ ഉപഭോഗമാണ് വില വര്‍ധനവ് തടയുന്നതിനുള്ള പോംവഴി, ഇതിനു ആളുകളെ ബോധവല്‍ക്കരിക്കണമെന്നും സാമ്പത്തിക വിദഗ്ദന്‍ ഫറൂഖ് അല്‍ ഖത്തിബ് പറയുന്നു.