national news
പഞ്ചാബില്‍ മത്സരത്തിനിടെ വാക്ക് തര്‍ക്കം; തമിഴ്‌നാട് വനിതാ കബഡിതാരങ്ങള്‍ക്കുനേരെ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 24, 04:58 pm
Friday, 24th January 2025, 10:28 pm

ചെന്നൈ: പഞ്ചാബില്‍ അന്തര്‍സര്‍വകലാശാല മത്സരത്തിനിടെ തമിഴ്‌നാട് കബഡി താരങ്ങള്‍ ആക്രമണം നേരിട്ടതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ ബത്തിന്‍ഡയില്‍ നടന്ന മത്സരത്തിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്തര്‍ സര്‍വകലാശാല മത്സരത്തില്‍ പങ്കെടുത്ത തമിഴ്‌നാട്ടിലെ വിവിധ വനിതാ കബഡി വിദ്യാര്‍ത്ഥിനികള്‍ക്കും അത്‌ലറ്റുകള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. മത്സരത്തിനിടെ അത്‌ലറ്റുകളെ എതിര്‍ ടീമിലെ അംഗങ്ങള്‍ ആക്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിന്നാലെ കുട്ടികള്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും റഫറിയെ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുകയും ചെയ്തതോടെ ടീമുകള്‍ തമ്മില്‍ പരസ്പരം ആക്രമണമുണ്ടാവുകയായിരുന്നു.

പിന്നാലെ അധ്യാപകരും ആക്രമണത്തില്‍ ഉള്‍പ്പെചുകയും കസേരകള്‍ വലിച്ചെറിയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുകയായിരുന്നു. ആക്രമണത്തില്‍ അത്‌ലറ്റുകള്‍ക്ക് ചെറിയ പോറലുകള്‍ ഉണ്ടായിട്ടുള്ളതായും ഗുരുതരമായി പരിക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സംഭവത്തില്‍ സ്ഥിരീകരണവുമായി കായിക മന്ത്രിയും തമിഴ്‌നാട് ഉപമുഖമന്ത്രിയുമായ ഉദയനിധി സ്റ്റാലിനും രംഗത്തെത്തിയി. ഇത്തരമൊരു സംഭവമുണ്ടായത് നിര്‍ഭാഗ്യകരമാണെന്നും ഗുരുതര പരിക്കുകളൊന്നും ആര്‍ക്കും പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിനിടെ പോയിന്റുകളെ ചൊല്ലിയായിരുന്നു പ്രശ്‌നമെന്നും താരങ്ങളെല്ലാം സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.

2024-25 നോര്‍ത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി, ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി കബഡി, ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ മദര്‍ തെരേസ യൂണിവേഴ്‌സിറ്റി, പെരിയാര്‍ യൂണിവേഴ്‌സിറ്റി, അളഗപ്പ യൂണിവേഴ്‌സിറ്റി, ഭാരതീയാര്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയ സര്‍വകലാശാലകളില്‍ നിന്നുള്ള വനിതാ താരങ്ങളാണ് പഞ്ചാബില്‍ മത്സരത്തിനായി എത്തിയത്.

Content Highlight: Verbal altercation during match in Punjab; Tamil Nadu women kabaddi players attacked