Sports News
ദുബായ് പിച്ചില്‍ നാല് സ്പിന്നര്‍മാര്‍ ഉണ്ടായിട്ടും കാര്യമില്ല; പേസ് ബൗളറെ ഉള്‍പ്പെടുത്താത്തതില്‍ ഇര്‍ഫാന്‍ പത്താന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 24, 05:18 pm
Friday, 24th January 2025, 10:48 pm

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന 2025 ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് നടക്കുക. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഒരുക്കത്തിലാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍.

രോഹിത് ശര്‍മയെ നായകനാക്കിയും ശുഭ്മന്‍ ഗില്ലിനെ രോഹിത്തിന്റെ ഡെപ്യൂട്ടിയാക്കിയും 15 അംഗ സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഫസ്റ്റ് ഓപ്ഷന്‍ വിക്കറ്റ് കീപ്പറായി കെ.എല്‍ രാഹുലിനെയും ബാക് അപ് ഓപ്ഷനായി റിഷബ് പന്തിനെയുമാണ് തെരഞ്ഞെടുത്തത്.

സ്‌ക്വാഡില്‍ നിന്ന് ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ താരത്തെ ഉള്‍പ്പെടുത്താത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ദുബായിലും പാകിസ്ഥാനിലുമായി നടക്കുന്ന ടൂര്‍ണമെന്റില്‍ പേസ് ബൗളര്‍മാരായ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും പിരിക്കില്‍ നിന്ന് വരുന്നതിനാല്‍ ഇന്ത്യയ്ക്ക് സിറാജിന്റെ സേവനം ആവശ്യമായിരുന്നെന്നാണ് പത്താന്‍ പറഞ്ഞത്. മാത്രമല്ല ദുബായിലെ പിച്ചില്‍ മൂന്ന് സ്പിന്നര്‍മാരുടെ ആവശ്യമില്ലെന്നും താരം പറഞ്ഞു.

ഓള്‍ഡ് ബോളില്‍ സിറാജ് മികച്ച പ്രകടനം കാണിക്കുന്നതില്‍ വിജയിച്ചിരുന്നു. താരത്തിനെ തിരഞ്ഞെടുക്കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍.

‘ചാമ്പ്യന്‍സ് ട്രോഫിയില്‍ സിറാജ് ഒരു മികച്ച ഓപ്ഷന്‍ ആയിരുന്നു. ദുബായി പിച്ചില്‍ നാല് സ്പിന്നര്‍മാര്‍ ടീമില്‍ ഉണ്ടായിട്ടും കാര്യമില്ല. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവര്‍ പരിക്കില്‍ നിന്ന് മുക്തരായി വരുന്നവരാണ്, അത് കൊണ്ട് അവരെ നമുക്ക് അത്രയും ആശ്രയിക്കാനാകില്ല. അതിനാല്‍ സിറാജിനെ ഉള്‍പെടുത്തണമായിരുന്നു,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത്, രവീന്ദ്ര ജഡേജ.

Content Highlight: Irfan Pathan Talking About Mohammad Siraj