ബേസില്‍ ജോസഫിന്റെയും ടൊവിനോയുടെയും സൗഹൃദം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്. ഇരുവരും തമ്മില്‍ നടത്തുന്ന രസകരമായ കൊടുക്കല്‍ വാങ്ങലുകള്‍ പ്രേക്ഷകരെ ചിരിപ്പിക്കാറുണ്ട്. സ്‌ക്രീനിലും പുറത്തും ഇവര്‍ തമ്മിലുള്ള കെമിസ്ട്രി പലര്‍ക്കും ഇഷ്ടമാണ്. ബേസില്‍ നായകനായ ഏറ്റവും പുതിയ ചിത്രം മരണമാസിന്റെ നിര്‍മാതാവ് ടൊവിനോയാണ്.
ബേസിലിന്റെ പഴയകാല ചരിത്രം പറയുകയാണ് ടൊവിനോ തോമസ്. ഇപ്പോള്‍ എല്ലാവര്‍ക്കും ഫണ്ണിയായിട്ടുള്ള ബേസിലിനെ മാത്രമേ പരിചയമുള്ളൂവെന്ന് ടൊവിനോ പറഞ്ഞു. എന്നാല്‍ കുട്ടിക്കാലത്ത് ആശ്വമേധം എന്ന ചാനല്‍ പരിപാടിയില്‍ വിജയിച്ചിട്ടുള്ള ആളാണ് ബേസിലെന്നും വിജയിച്ചതിന്റെ ഭാഗമായിട്ട് ബേവാച്ചില്‍ പോകാന്‍ അവസരം കിട്ടിയിട്ടുണ്ടെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.
സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് മന്ത്രിയുമായി മുഖാമുഖം എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയിട്ടുണ്ടെന്ന് ബേസില്‍ പറഞ്ഞു. വയനാട്ടിലെ ലോക്കല്‍ ചാനലില്‍ അതിന്റെ വാര്‍ത്ത വന്നിരുന്നെന്നും അന്ന് വാര്‍ത്ത വായിച്ചത് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസായിരുന്നെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. അന്നൊക്കെ കുറച്ച് സീരിയസായിട്ടുള്ള ആളായിരുന്നെന്നും സിനിമയിലെത്തിയപ്പോഴാണ് ആ ഇമേജ് മാറിയതെന്നും ബേസില്‍ പറയുന്നു. അനന്തുവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
‘ഇപ്പോള്‍ ചിരിച്ചുകളിച്ച് ഫണ്ണിയായി നടക്കുന്ന ബേസിലിനെ മാത്രമേ നമുക്ക് അറിയുള്ളൂ. എന്നാല്‍ നല്ല വിവരമുള്ള വലിയ പുള്ളിയായിരുന്നു പണ്ട് ഇവന്‍. അശ്വമേധം പരിപാടിയുണ്ടല്ലോ. അതില്‍ പോയി വിജയിച്ചിട്ട് ബേ വാച്ചിലൊക്കെ പോയിട്ടുള്ള ആളാണ്. സ്‌കൂളില്‍ പഠിക്കുന്ന സമയത്തായിരുന്നു ഇത് നടന്നത്. സെറ്റില്‍ ഷൂട്ടൊന്നും ഇല്ലാത്ത സമയത്തായിരുന്നു ബേസില്‍ ഇത് എന്നോട് പറഞ്ഞത്,’ ടൊവിനോ പറയുന്നു.
‘അത് മാത്രമല്ല, സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് മന്ത്രിയുമായിട്ട് സംസാരിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. അന്ന് സ്‌കൂള്‍ കുട്ടികള്‍ക്ക് മന്ത്രിയുമായി മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരുന്നു. അങ്ങനെ സംസാരിച്ചത് നാട്ടിലെ ലോക്കല്‍ ചാനലില്‍ വന്നിട്ടുണ്ട്. അന്ന് വാര്‍ത്ത വായിച്ചത് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസായിരുന്നു. അന്ന് സീരിയസ് ഇമേജുള്ള ആളായിരുന്നു. സിനിമയില്‍ വന്നപ്പോഴാണ് ഈ ഇമേജ് മാറിയത്,’ ബേസില്‍ ജോസഫ് പറഞ്ഞു.
ബേസില്‍ നായകനായെത്തിയ മരണമാസിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഡാര്‍ക്ക് ഹ്യൂമറിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തില്‍ ബേസിലിന് പുറമെ വന്‍ താരനിര അണിനിരക്കുന്നുണ്ട്. സുരേഷ് കൃഷ്ണ, രാജേഷ് മാധവന്‍, സിജു സണ്ണി, അനിഷ്മ അനില്‍ കുമാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. നവാഗതനായ ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്തത്.
Content Highlight: Tovino Thomas shares Basil Joseph’s school life incidents