Sports News
സൗദി പ്രോ ലീഗില്‍ റൊണാള്‍ഡോയുടെ ആറാട്ട്; സ്വന്തമാക്കിയത് വമ്പന്‍ റെക്കോഡ്!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 24, 03:45 pm
Friday, 24th January 2025, 9:15 pm

ഫുട്ബോള്‍ ലോകത്തെ ഇതിഹാസ താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നിലവില്‍ 919 കരിയര്‍ ഗോളുകളുമായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് റോണോ ഗോള്‍ സ്‌കോറിങ്ങില്‍ മുന്നിലാണ്.

സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ അല്‍ ഖലീജിനെതിരെ അല്‍ നസര്‍ തകര്‍പ്പന്‍ വിജയമാണ് നേടിയത്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് അല്‍ നസര്‍ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് റൊണാള്‍ഡോ കാഴ്ചവെച്ചത്.

65ാം മിനിട്ടില്‍ റൊണാള്‍ഡോ ആദ്യ ഗോള്‍ നേടിയാണ് ആരവം സൃഷ്ടിച്ചത്. ശേഷം 81ാം മിനിട്ടില്‍ സുല്‍ത്താന്‍ അല്‍ ഖന്നവും ഗോള്‍ നേടി ടീമിനെ ലീഡില്‍ എത്തിച്ചു. അവസാനഘട്ടത്തിലെ എക്‌സ്ട്രാ ടൈമിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടി ടീമിനെ തകര്‍പ്പന്‍ വിജയം ഉറപ്പിക്കുകയായിരുന്നു.

അല്‍ ഖലീജിന് വേണ്ടി കോസ്റ്റ്‌സ് ഫോര്‍ട്യൂണിസ് 80ാം മിനിട്ടില്‍ ഗോള്‍ നേടി. സൗദി പ്രോ ലീഗില്‍ അല്‍ നസറിന് വേണ്ടി 61 മത്സരങ്ങളില്‍ നിന്ന് 60 ഗോളുകള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയിട്ടുണ്ട്. മൊത്തത്തില്‍ ക്ലബ്ബിന് വേണ്ടി 90 മത്സരങ്ങളില്‍ നിന്ന് 80 ഗോളുകളാണ് റോണോയുടെ സമ്പാദ്യം.

തന്റെ പ്രകടങ്ങള്‍കൊണ്ട് ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിക്കുന്ന റോണോ ഇപ്പോള്‍ വമ്പന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. അല്‍ നസറിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന വിദേശ താരം എന്ന നേട്ടമാണ് റോണോയെ തേടിയെത്തിയിരിക്കുന്നത്.

92 മത്സരങ്ങളില്‍ നിന്ന് 83 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് ബ്രസീലിന്റെ താരം ആന്‍ഡേഴ്‌സന്‍ തലിസ്‌കയാണ്.108 മത്സരത്തില്‍ നിന്ന് 77 ഗോളുകളാണ് താരം നേടിയത്.

Content Highlight: Cristiano Ronaldo In Great Record Achievement