Kerala News
എന്‍.എം.വിജയന്റെ ആത്മഹത്യ; ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ വീട്ടില്‍ പരിശോധന നടത്തി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 24, 04:07 pm
Friday, 24th January 2025, 9:37 pm

കല്‍പ്പറ്റ: വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ ആത്മഹത്യയില്‍ എം.എല്‍.എ ഐ.സി ബാലകൃഷ്ണന്റെ വീട്ടില്‍ പരിശോധന നടത്തി. ഐ.സി ബാലകൃഷ്ണനോടൊപ്പമാണ് അന്വേഷണ സംഘം ബത്തേരിയിലെ വീട്ടിലെത്തിയത്.

വീട്ടിലെത്തിയ അന്വേഷണ സംഘം ചില രേഖകള്‍ പരിശോധിച്ചു. മുക്കാല്‍ മണിക്കൂറോളം എം.എല്‍.എയുടെ വീട്ടിലെ രേഖകള്‍ പരിശോധിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സാമ്പത്തിക ഇടപാടുകളുമായി ബന്ധമില്ലെന്ന എം.എല്‍.എയുടെ മൊഴിയില്‍ എത്രത്തോളം കഴമ്പുണ്ടെന്നതാണ് അന്വേഷണ സംഘം പരിശോധിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്‍.എം. വിജയന്റെ മരണത്തെ തുടര്‍ന്ന് പുറത്തുവന്ന ആത്മഹത്യ കുറിപ്പ് അദ്ദേഹം തന്നെ എഴുതിയതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് വന്ന പശ്ചാത്തലത്തിലാണ് എം.എല്‍.എയെ കേസില്‍ പ്രതി ചേര്‍ത്തത്.

മുന്‍ ഡി.സി.സി പ്രസിഡന്റ് അടക്കമുള്ളവര്‍ പണം വാങ്ങിയെങ്കിലും ബാധ്യത മുഴുവന്‍ തന്റെ പേരിലായെന്നും കോണ്‍ഗ്രസിന് വേണ്ടി ജീവിച്ച് ജീവിതം നശിച്ചെന്നും എന്‍.എം. വിജയന്‍ കുറിപ്പില്‍ എഴുതിയിരുന്നു.

ആത്മഹത്യ കുറിപ്പില്‍ ഐ.സി. ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ സംബന്ധിച്ച വിവരങ്ങള്‍ എന്‍.എം. വിജയന്‍ പറയുന്നുണ്ട്. ബത്തേരി അര്‍ബന്‍ ബാങ്കിലെ നിയമനത്തിന്റെ പേരില്‍ പണം വാങ്ങിയത് എം.എല്‍.എയാണെന്നും പണം വാങ്ങിയവരില്‍ ഡി.സി.സി സെക്രട്ടറിയും പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.

Content Highlight: NM Vijayan’s suicide; Police conducted a search at IC Balakrishnan MLA’s house