World News
ആകാശ ദുരന്തം മരണം 67; അപകടത്തിൽ ബൈഡൻ ഭരണകൂടത്തെ പഴിചാരി ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 31, 04:07 am
Friday, 31st January 2025, 9:37 am

വാഷിങ്ടൺ: ഇന്നലെ വാഷിങ്ടണിൽ ഉണ്ടായ വിമാനാപകടത്തിൽ 67 പേർ മരണപ്പെട്ടതായി സ്ഥിരീകരിച്ച് ഭരണകൂടം. മൃതദേഹങ്ങൾ പൊട്ടൊമാക് നദിയിൽ നിന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനകം 40 മൃതദേഹങ്ങൾ കരക്കെത്തിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്നും അമേരിക്കൻ ഏജൻസികൾ അറിയിക്കുന്നു.

ഹെലികോപ്റ്ററിലെയും വിമാനത്തിലെയും ബ്ലാക് ബോക്സ് പൊട്ടൊമാക് നദിയിൽ നിന്ന് കണ്ടെടുത്തു. മുങ്ങൽ വിദഗ്ധർ തത്കാലത്തേക്ക് തിരച്ചിൽ നിർത്തിയിട്ടുണ്ട്. അപകടത്തെ തുടർന്ന് അടച്ചിട്ട വാഷിങ്ടണിലെ റെയ്‌ഗൻ നാഷണൽ എയർപോർട്ട് പ്രവ‍ർത്തനം പുനരാരംഭിച്ചു.

അപകടത്തിൽ മരിച്ചവരിൽ 14 സ്കേറ്റിങ് താരങ്ങളും ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. സ്‌കേറ്റിങ് മുന്‍ ലോക ജേതാക്കളായ യെവ്ജീനിയ ഷിഷ്‌കോവയും വാദിം നൗമോവും മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്കേറ്റിങ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ക്യാമ്പിൽ നിന്ന് മടങ്ങുകയായിരുന്നു സംഘം. യു.എസിലെ വിചിറ്റയിലെ നാഷണൽ ഡെവലപ്മെന്റ് ക്യാമ്പിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവരെന്നാണ് വിവരം.

അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് ദേശീയ ഗതാഗത സുരക്ഷാ ഏജൻസി അറിയിച്ചു. ഒരു തെറ്റ് സംഭവിച്ചുവെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രതികരിച്ചു. അതിനിടെ അപകടത്തിൽ ബൈഡൻ സർക്കാരിനെ പഴിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. മുൻ സ‍ർക്കാരിൻ്റെ ഡൈവേർസിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ നടപടികളാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ജനുവരി 29ന് യു.എസ് സമയം രാത്രി ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. ആകാശത്ത് യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. 60 വിമാനയാത്രക്കാര്‍ , നാല് ക്രൂ അംഗങ്ങള്‍, മൂന്ന് സൈനികര്‍ എന്നിവരാണ് അപകടത്തിൽ പെട്ടത്. കൂട്ടിയിടിച്ച ശേഷം വിമാനം സമീപത്തെ പൊട്ടോമാക് നദിയില്‍ വീഴുകയായിരുന്നു.

65 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള വിമാനമാണ് കാന്‍സാസില്‍ നിന്ന് വാഷിങ്ടണിലേക്ക് വരുമ്പോൾ അപകടത്തൽപ്പെട്ടത്. അപകടം ഉണ്ടായ ഉടൻ തന്നെ അധികൃതർ എയർപോർട്ട് അടയ്ക്കുകയും വിമാനങ്ങൾ വഴിതിരിച്ച് വിടുകയും ചെയ്തിരുന്നു. നിലവിൽ എയർപോർട്ട് പ്രവർത്തനസജ്ജമാണ്.

 

Content Highlight: 67 killed in air disaster; 40 dead bodies were recovered; Trump says everything is the fault of the Biden administration