ജോഹന്നാസ്ബര്‍ഗില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; 52 മരണം
ജോഹന്നാസ്ബര്‍ഗ്: സൗത്താഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 52 പേര്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തില്‍ 43 പേര്‍ക്ക് പരിക്കേറ്റതായും എമര്‍ജന്‍സി മാനേജ്‌മെന്റ് സര്‍വീസ് അറിയിച്ചതായി ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ കണ്ടെത്താനായുള്ള തെരച്ചില്‍ നടക്കുകയാണെന്നും മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും എമര്‍ജന്‍സി മാനേജ്‌മെന്റ് സര്‍വീസ് വക്താവ് റോബര്‍ട്ട് മുലൗദ്‌സി അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം അറിയിച്ചു. അഞ്ച് നിലകളുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. തീ അണക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും കെട്ടിടത്തില്‍ നിന്നും ഇപ്പോയും പുക ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
അടുത്തിടെ തീപിടിക്കുന്ന നാലാമത്തെ കെട്ടിടമാണിതെന്ന് പ്രദേശിക മാധ്യമമായ ടൈംസ് ലൈവ് റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റില്‍ യോവില്ലെയിലെ കെട്ടിടത്തിലെ മുകളിലെ നിലക്ക് തീപിടിച്ചിരുന്നു. ജൂണില്‍ ഹില്‍ബോയിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് കുട്ടികള്‍ മരണപ്പെട്ടിരുന്നു. ജൂലൈയില്‍ വാതക ചോര്‍ച്ചയെ തുടര്‍ന്ന് ഇവിടെ തീപിടുത്തം ഉണ്ടായിരുന്നു.
Content Highlights: 52 people killed in a fire in a multi-storey building in Johannesburg