national news
ഒഡീഷയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ 50% പേർക്കും ഹരിക്കാൻ അറിയില്ല, 30% പേർക്ക് കുറയ്ക്കാൻ അറിയില്ല; റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 15, 09:16 am
Saturday, 15th February 2025, 2:46 pm

ഭുവനേശ്വർ: ഒഡീഷയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ പകുതി പേർക്കും അടിസ്ഥാന ഗണിത ഹരിക്കൽ അറിയില്ലെന്നും ഏകദേശം 30 ശതമാനം പേർക്ക് കുറയ്ക്കൽ ബുദ്ധിമുട്ടാണെന്നും റിപ്പോർട്ട്. ആനുവൽ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷൻ റിപ്പോർട്ടിലാണ് വിദ്യാഭ്യാസ മേഖലയുടെ ശോചനീയാവസ്ഥ വിവരിച്ചിരിക്കുന്നത്.

നിയമസഭയിൽ ബലിഗുഡ എം.എൽ.എ ചക്രമണിയുടെ ചോദ്യത്തിന് ഉത്തരം നൽകിയ സംസ്ഥാന സ്കൂൾ, ബഹുജന വിദ്യാഭ്യാസ മന്ത്രി നിത്യാനന്ദ ഗോണ്ട് ആണ് ആനുവൽ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷൻ റിപ്പോർട്ടിലെ വിവരങ്ങൾ പറഞ്ഞത്.

‘ആനുവൽ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷൻ റിപ്പോർട്ട് (ASER) 2024 പ്രകാരം, എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ 50 ശതമാനം പേർക്ക് ഹരിക്കാൻ അറിയില്ല. 30% പേർക്ക് കുറയ്ക്കാനും അറിയില്ല. അതേസമയം കുറയ്ക്കൽ സംഖ്യകൾ ചെയ്യാൻ കഴിയുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ എണ്ണം കഴിഞ്ഞ ദശകത്തിൽ നിന്ന് (2014 മുതൽ 2024 വരെ) 6 ശതമാനം വർധിച്ചു. അതുപോലെ, ഹരിക്കൽ സംഖ്യകൾ ചെയ്യാൻ കഴിഞ്ഞ അത്തരം വിദ്യാർത്ഥികളുടെ ശതമാനവും ഈ കാലയളവിൽ 11 ശതമാനം വർധിച്ചു,’ നിത്യാനന്ദ ഗോണ്ട് പറഞ്ഞു,

ലേണിങ് എൻഹാൻസ്‌മെന്റ് പ്രോഗ്രാം (LEP) എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് പരിശീലനത്തിനായി സംസ്ഥാന സർക്കാർ ഒഡിയ, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഗണിതശാസ്ത്ര വർക്ക്ബുക്കുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കൂടാതെ, വിദ്യാർത്ഥികൾക്ക് അവരുടെ വിദ്യാഭ്യാസത്തിനാവശ്യമായ പഠനോപകരണങ്ങൾ നൽകാനും സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്.

അതനുസരിച്ച്, സമഗ്ര ശിക്ഷാ യോജനയുടെ വാർഷിക കർമ പദ്ധതിയിലും 2025-26 ബജറ്റിലും ഇത് ഉൾപ്പെടുത്തുന്നതിനുള്ള
നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒഡീഷയിലെ സ്കൂളുകളിലെ കൊഴിഞ്ഞുപോക്കിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ഗോദാവരിഷ് മിശ്ര ആദർശ പ്രൈമറി സ്കൂൾ (GMAPV) പദ്ധതി പ്രകാരം എല്ലാ പഞ്ചായത്തിലും ഒരു മാതൃകാ പ്രൈമറി സ്കൂൾ സ്ഥാപിക്കുക എന്നതാണ് ഇപ്പോഴത്തെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

ഈ പദ്ധതി പ്രകാരം, 2024-25 നും 2028-29 നും ഇടയിൽ (അഞ്ച് വർഷം) ഒഡീഷയിലെ 6,794 പഞ്ചായത്തുകളിലായി ഒരു ഗോദാവരിഷ് മിശ്ര മോഡൽ പ്രൈമറി സ്കൂൾ (GMAPV) സ്ഥാപിക്കുന്നതിന് 11,939.41 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ 100 ​​കോടി രൂപ നടപ്പ് സാമ്പത്തിക വർഷത്തേക്ക് നീക്കിവച്ചിട്ടുണ്ട്. അപ്ഗ്രേഡ് ചെയ്യേണ്ട സ്കൂളുകളുടെ പട്ടിക അന്തിമമാക്കിയിട്ടില്ല. പദ്ധതി നടപ്പിലാക്കുന്നതിന് സർക്കാരിന് പ്രത്യേക മാർഗനിർദേശങ്ങളുണ്ട്.

 

Content Highlight: 50% of Odisha’s class 8 students can’t do basic division, 30% struggle with subtraction: Data