കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ രഘുനാഥ്പൂരില്‍ അഞ്ച് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ ബി.ജെ.പിയുടെ ടാഗുകള്‍ കണ്ടെത്തിയതായി ആരോപണം. അഖിലേന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദമായ അന്വേഷണം നടത്തണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
‘ബി.ജെ.പി തെരഞ്ഞടുപ്പില്‍ കൃത്രിമത്വം കാണിച്ചാണ് ജയിക്കുന്നതെന്ന് മമതാ ബാനര്‍ജി കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ഇപ്പോള്‍ രഘുനാഥ്പൂരിലെ അഞ്ച് വോട്ടിങ് മെഷീനുകളിലാണ് ബി.ജെപി യുടെ ടാഗ് കണ്ടെത്തിയത്. അന്വേഷണം നടത്തി എത്രയും വേഗം നടപടികള്‍ സ്വീകരിക്കണം,’ എന്നും തൃണമൂല്‍ കോണ്‍ഗ്രസ് എക്‌സില്‍ പ്രതികരിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന ഇ.വി.എമ്മുകള്‍ മാറ്റാന്‍ ബി.ജെ.പി പദ്ധതിയിട്ടതായി മെയ് ഒന്നിന് മമത ബാനര്‍ജി ആരോപിച്ചിരുന്നു. 2019ല്‍ കാണാതായ ഇ.വി.എമ്മുകള്‍ ബി.ജെ.പി നീക്കം ചെയ്തതാണെന്ന് മമത ബാനര്‍ജി പറഞ്ഞിരുന്നു.
‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ബി.ജെപിക്ക് വോട്ടിങ് കുറഞ്ഞ പ്രദേശങ്ങളിലും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിട്ടുണ്ട്. ഇത് എങ്ങനെ സാധ്യമാകും. ആരാണ് ഇ.വി.എം നിര്‍മിക്കുന്നതെന്നറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. 1.9 മില്യണ്‍ ഇ.വി.എം മെഷീനുകള്‍ കാണാതായിട്ട് കാലങ്ങളായി. ഇപ്പോള്‍ ഉപയോഗിക്കുന്ന ഇവി.എമ്മുകള്‍ 2019ലെതാണ് .ഇതില്‍ തെറ്റായ വിവരങ്ങള്‍ ബി.ജെപി നല്‍കിയിട്ടുമുണ്ട്,’ എന്നാണ് മമതാ ബാനര്‍ജി തെരഞ്ഞെടുപ്പ് റാലിക്കിടെ പറഞ്ഞത്.