ബാക്കിയുള്ളത് അഞ്ച് ദിവസത്തേക്കുള്ള വാക്‌സിന്‍; മഹാരാഷ്ട്രക്കു പിന്നാലെ ആശങ്കയറിയിച്ച് പഞ്ചാബും
India
ബാക്കിയുള്ളത് അഞ്ച് ദിവസത്തേക്കുള്ള വാക്‌സിന്‍; മഹാരാഷ്ട്രക്കു പിന്നാലെ ആശങ്കയറിയിച്ച് പഞ്ചാബും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th April 2021, 2:25 pm

ചണ്ഡീഗഡ്: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് വാക്സിന്റെ സ്റ്റോക്ക് സംബന്ധിച്ച് മഹാരാഷ്ട്രക്കു പിന്നാലെ ആശങ്കയറിയിച്ച് പഞ്ചാബും.

നിലവിലെ സാഹചര്യത്തില്‍ ആകെ അഞ്ച് ദിവസത്തേക്കുള്ള വാക്‌സിന്‍ മാത്രമാണ് തങ്ങളുടെ പക്കലുള്ളതെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ് ശനിയാഴ്ച അറിയിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് അമരീന്ദര്‍ ഇക്കാര്യം അറിയിച്ചത്. അടുത്ത ബാച്ച് വാകസിന്‍ ഉടന്‍ ലഭ്യമാക്കണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ആകെ 5.7 ലക്ഷം വാക്‌സിന്‍ മാത്രമാണ് നിലവില്‍ സംസ്ഥാനത്തിനനുവദിച്ചതില്‍ ബാക്കിയുള്ളത്. നിലവില്‍ ദിനേന 85000 മുതല്‍ 90000 വരെയാണ് സംസ്ഥാനത്ത് വാക്‌സിനേഷന്‍ നടത്തുന്നത്.

കേന്ദ്രം പുതിയ ബാച്ച് വാക്‌സിന്‍ ഉടന്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷ, അല്ലെങ്കില്‍ 5 ദിവസത്തിനുള്ളില്‍ വാക്‌സിനേഷന്‍ നിര്‍ത്തിവെക്കേണ്ടിവരുമെന്നും അമരീന്ദര്‍ മുന്നറിയിപ്പ് നല്‍കി.

ഇതുസംബന്ധിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധനും കത്തെഴുതുകയും ചെയ്തിട്ടുണ്ട്. കാര്‍ഷിക നിയമങ്ങളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത നിലപാടെടുത്തതിന്റ കാരണമായാണ് തങ്ങളോട് കേന്ദ്രം പക്ഷാഭേതം കാണിക്കുന്നതെന്നും അമരീന്ദര്‍ കുറ്റപ്പെടുത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: 5 Days Supply Left”: Punjab Joins Maharashtra In Row Over Vaccine Stocks