5,04,313 അധിക വോട്ടുകൾ; മഹാരാഷ്ട്രയിൽ പോൾ ചെയ്തതും എണ്ണിയതുമായ വോട്ടുകൾ തമ്മിലുള്ള ഡാറ്റയിൽ വൻ പൊരുത്തക്കേട്
national news
5,04,313 അധിക വോട്ടുകൾ; മഹാരാഷ്ട്രയിൽ പോൾ ചെയ്തതും എണ്ണിയതുമായ വോട്ടുകൾ തമ്മിലുള്ള ഡാറ്റയിൽ വൻ പൊരുത്തക്കേട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th November 2024, 8:35 am

പൂനെ: മഹാരാഷ്ട്രയിൽ പോൾ ചെയ്തതും എണ്ണിയതുമായ വോട്ടുകൾ തമ്മിലുള്ള ഡാറ്റയിൽ വൻ പൊരുത്തക്കേട് കണ്ടെത്തിയതായി ദി വയർ റിപ്പോർട്ട്. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് (ഇ.സി.ഐ) പ്രകാരം ആകെ പോൾ ചെയ്തത് 6,40 ,88,195 വോട്ടുകളാണ്. അതായത് 66.05 ആയിരുന്നു അന്തിമ വോട്ടിങ് ശതമാനം. എന്നാൽ എണ്ണപ്പെട്ട വോട്ടുകളുടെ ആകെ എണ്ണം 6,45,92,508 ആണ്. ഇത് മൊത്തം പോൾ ചെയ്ത വോട്ടുകളേക്കാൾ 5,04,313 എണ്ണം അധികമാണ്.

എട്ട് മണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടുകളേക്കാൾ കുറവായിരുന്നു എണ്ണിയതെങ്കിൽ, ബാക്കിയുള്ള 280 മണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടുകളേക്കാൾ കൂടുതൽ വോട്ടുകളാണ് എണ്ണിയത്. പോൾ ചെയ്തതിനേക്കാൾ 4,538 വോട്ടുകൾ കൂടുതൽ എണ്ണപ്പെട്ട അഷ്തി മണ്ഡലത്തിലും 4,155 വോട്ടുകളുടെ വ്യത്യാസമുള്ള ഒസ്മാനാബാദ് മണ്ഡലത്തിലുമാണ് ഏറ്റവും വലിയ പൊരുത്തക്കേടുകൾ രേഖപ്പെടുത്തിയത്.

ഈ പൊരുത്തക്കേടുകൾ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ, പ്രത്യേകിച്ച് കടുത്ത മത്സരങ്ങൾ നടന്ന മണ്ഡലങ്ങളിലുള്ള പോളിങ് സ്വാധീനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു. നൂറോ ആയിരമോ വോട്ടുകളുടെ വ്യത്യാസം വലിയ പ്രശ്നങ്ങളാണ് കാണിക്കുന്നതെന്നും ഒന്നിലധികം നിയോജക മണ്ഡലങ്ങളിൽ ഇത്തരം പൊരുത്തക്കേടുകൾ നിലനിൽക്കുന്നുവെന്നതിനാൽ ഫലങ്ങളുടെ കൃത്യത ഉറപ്പാക്കാൻ കൂടുതൽ സൂക്ഷ്മമായ പരിശോധന ആവശ്യമാണെന്നും ദി വയർ റിപ്പോർട്ട് ചെയ്തു.

മൊത്തത്തിൽ, എണ്ണിയ വോട്ടുകളും പോൾ ചെയ്ത വോട്ടുകളും തമ്മിലുള്ള ശരാശരി വ്യത്യാസം ഏകദേശം 1,751 വോട്ടുകളാണ്.

2024 മെയ് ലോക്‌സഭാ തെരഞ്ഞെടുപ്പിലും വോട്ടർമാരുടെ പോളിങ് ഡാറ്റയും ഓരോ പോളിങ് സ്‌റ്റേഷനിലും പോൾ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തുന്ന ഫോം 17 സിയും തമ്മിൽ വ്യത്യാസമുള്ളതായി ആശങ്കകൾ ഉയർന്നിരുന്നു. അന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) 48 മണിക്കൂറിനുള്ളിൽ പോളിങ് സ്റ്റേഷൻ തിരിച്ചുള്ള വോട്ടർ പോളിങ് ഡാറ്റ പുറത്തുവിടാൻ സുപ്രീം കോടതിയിൽ അപേക്ഷിച്ചിരുന്നു. തുടർന്നുള്ള റിപ്പോർട്ടിൽ പോളിങ് കണക്കുകൾ തമ്മിൽ 5-6% പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു.

 

Content Highlight: 5,04,313 ‘Additional’ Votes? Maharashtra Data Mismatch Between Votes Polled and Counted