അബുദാബി: ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ച രണ്ട് മലയാളികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് 10 ലക്ഷം രൂപ വീതം സമ്മാനം നല്‍കി ദുബായ് ഭരണാധികാരി. മലയാളികളായ മുഹമ്മദ് റാഷിദ്, നാസര്‍ ശിഹാബ്, ഒരു പാകിസ്ഥാന്‍ സ്വദേശി, ഒരു മൊറോക്ക സ്വദേശി എന്നിവര്‍ക്കാണ് പാരിതോഷികം നല്‍കിയത്.
കഴിഞ്ഞ ദിവസം ദുബായിലെ കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍നിന്ന് താഴേക്കു വീണ ഗര്‍ഭിണിയായ പൂച്ചയെ തുണി വിരിച്ച് രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇവരെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
‘മനോഹരമായ നമ്മുടെ നഗരത്തില്‍ സംഭവിച്ച ദയാപരമായ പ്രവൃത്തിയില്‍ ഞാന്‍ സന്തോഷിക്കുന്നു. അറിയപ്പെടാത്ത ഈ ഹീറോകളെ തിരിച്ചറിഞ്ഞാല്‍ നന്ദി പറയുക,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ആഗസ്റ്റ് 24 ന് രാവിലെ എട്ടിന് ദേയ്‌റ ഫ്രിജ് മുറാജിലായിരുന്നു യു.എ.ഇയുടെ ശ്രദ്ധ പിടിച്ചുപറ്റിയ സംഭവം. കടയ്ക്ക് മുന്‍പിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ബാല്‍ക്കണിയിലായിരുന്നു പൂച്ച കുടുങ്ങിയത്.
Proud and happy to see such acts of kindness in our beautiful city.
Whoever identifies these unsung heroes, please help us thank them. pic.twitter.com/SvSBmM7Oxe
അകത്തേയ്ക്കും പുറത്തേയ്ക്കും വരാനാകാതെ കുടുങ്ങിയ പൂച്ചയെ കണ്ട അതുവഴി പോവുകയായിരുന്ന വഴിയാത്രക്കാരില്‍ ചിലര്‍ തുണി വിടര്‍ത്തിപ്പിടിച്ച് ചാടിക്കുകയായിരുന്നു. പൂച്ച സുരക്ഷിതമായി താഴെ എത്തി.