'ജോലിയില്ല, വിവാഹം നടക്കുന്നില്ല'; ദയാവധം ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് യുവാവിന്റെ കത്ത്
national news
'ജോലിയില്ല, വിവാഹം നടക്കുന്നില്ല'; ദയാവധം ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് യുവാവിന്റെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th May 2019, 12:55 pm

പൂനെ: ദയാവധം അനുവധിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന് യുവാവിന്റെ കത്ത്. പൂനെ സ്വദേശിയായ 35 വയസ്സുകാരനാണ് ദയാവധം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചത്.

സ്ഥിരം ജോലിയില്ലാത്തതും വിവാഹം നടക്കാത്തതും മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ തനിക്ക് ദയാവധം അനുവദിക്കണമെന്നാണ് യുവാവ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ടാഴ്ച്ച മുമ്പാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ യുവാവിന്റെ കത്ത് ലഭിച്ചത്. മാതാപിതാക്കള്‍ക്ക് വേണ്ടി ഒന്നും ചെയ്യാനാവാത്തതില്‍ താന്‍ കടുത്ത നിരാശയിലാണെന്ന് യുവാവ് കത്തില്‍ പറയുന്നു.

സ്ഥിരം ജോലിയില്ലാത്തത് വലിയ ബുദ്ധിമുട്ടാണ്. വിവാഹാലോചനകള്‍ വന്നെങ്കിലും ജോലിക്കാര്യം പറഞ്ഞത് അതെല്ലാം ഒഴിവായിപ്പോയി. കടുത്ത മാനസികസംഘര്‍ഷത്തിലാണ്. അതുകൊണ്ട് ദയാവധത്തിന് അനുമതി നല്‍കണം എന്നായിരുന്നു കത്തിലെ ഉള്ളടക്കം.

യുവാവിന്റെ അമ്മയ്ക്ക് 70 വയസ്സും അച്ഛന് 83 വയസ്സുമുണ്ട്. അവര്‍ക്ക് വേണ്ടി തനിക്ക് ഒന്നും ചെയ്യാനാവുന്നില്ലെന്ന കുറ്റബോധമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് യുവാവിനെ എത്തിച്ചതെന്ന് പൊലീസ് അറിയിച്ചു.

കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസും ഇടപെടുകയും യുവാവിന് കൗണ്‍സലിംഗ് അടക്കമുള്ള സഹായം നല്‍കുകയും ചെയ്തതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.