തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് പ്രധാന സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരില്ലെന്ന് റിപ്പോര്‍ട്ടുകള്‍. വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നില്ലെന്നാണ് പ്രധാന ആരോപണം.
കേരള സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല, വെറ്റിനറി സര്‍വകലാശാല എന്നിവയ്ക്കാണ് കഴിഞ്ഞ മൂന്ന് മാസങ്ങളായി വൈസ് ചാന്‍സലര്‍മാര്‍ ഇല്ലാത്തത്. ഈ മൂന്നിടത്തും പകരം ചുമതലക്കാരെ നിയമിച്ചിരിക്കുകയാണ്.
വൈസ് ചാന്‍സലര്‍മാരെ കണ്ടെത്താനുള്ള കമ്മിറ്റികള്‍ നിയമനം നടത്താതെ നീട്ടിക്കൊണ്ടുപോകുന്നുവെന്ന ആരോപണവും നിലവിലുണ്ട്.
കേരള സര്‍വകലാശാലയില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് വി.സി സ്ഥാനമൊഴിഞ്ഞത്. അതിനുശേഷം കണ്ണൂര്‍ വി.സിക്കായിരുന്നു ചുമതല.
പുതിയ വി.സിയെ തെരഞ്ഞെടുക്കാന്‍ സേര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചിരുന്നതാണ്. എന്നാല്‍ ആരെയും ഇതേവരെ വി.സി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാന്‍ കമ്മിറ്റിയ്ക്കായിട്ടില്ല.
ആദ്യത്തെ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് രണ്ടാമതും സേര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചു. എന്നാല്‍ ഇതില്‍ നിന്നും നിര്‍ദ്ദേശങ്ങളൊന്നും ഇതേവരെ വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.