എന്തുകൊണ്ട് ഇന്ത്യ തോറ്റു; ലളിതമായി പറയാവുന്ന മൂന്ന് കാരണങ്ങള്‍
World Test Championship
എന്തുകൊണ്ട് ഇന്ത്യ തോറ്റു; ലളിതമായി പറയാവുന്ന മൂന്ന് കാരണങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th June 2023, 8:08 am

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യ ഓസീസിനോട് പരാജയപ്പെട്ടിരുന്നു. 209 റണ്‍സിന്റെ പടുകൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. അവസാന ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 444 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് 234 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

അവസാന ദിവസം ഏഴ് വിക്കറ്റ് കയ്യിലിരിക്കെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. എന്നാല്‍ ആ ഏഴ് വിക്കറ്റും ആദ്യ സെഷനില്‍ തന്നെ വലിച്ചെറിഞ്ഞാണ് ഇന്ത്യ പരാജയം ചോദിച്ചുവാങ്ങിയത്.

അവസാന ദിവസത്തെ ആദ്യ സെഷനിലെ ആദ്യ നിമിഷങ്ങളില്‍ തന്നെ വിരാട് കോഹ്‌ലിയെ നഷ്ടമായ ഇന്ത്യക്ക് അതേ ഓവറില്‍ തന്നെ രവീന്ദ്ര ജഡേജയെയും നഷ്ടമായിരുന്നു. അവസാന പ്രതീക്ഷയായ അജിന്‍ക്യ രഹാനെയും പുറത്തായതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചിരുന്നു. ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയ ഷര്‍ദുല്‍ താക്കൂര്‍ രണ്ടാം ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ മുഹമ്മദ് സിറാജും ഉമേഷ് യാദവും ഓരോ റണ്‍സ് വീതം നേടി പുറത്തായി.

ഇന്ത്യയുടെ തോല്‍വി ആരാധകരിലുണ്ടാക്കിയ ഞെട്ടല്‍ ചില്ലറയല്ല. ഇന്ത്യ പരാജയപ്പെട്ടതിനേക്കാള്‍ 209 റണ്‍സിന്റെ പടുകൂറ്റന്‍ തോല്‍വിയേറ്റുവാങ്ങിയതാണ് ആരാധകരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിടുന്നത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യ പരാജയപ്പെടാനുള്ള മൂന്ന് കാരണങ്ങള്‍ പരിശോധിക്കാം.

 

1. വേണ്ടത്ര പ്രാക്ടീസ് ഇല്ലാതെ മത്സരത്തിനിറങ്ങി.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലാണ്, പത്ത് വര്‍ഷത്തിനിപ്പുറം ഒരു ഐ.സി.സി ട്രോഫി നേടാനുള്ള അവസരമാണ് എന്ന ബോധ്യമൊന്നും ഇന്ത്യന്‍ ടീമിനോ ബി.സി.സി.ഐക്കോ ഉണ്ടായിരുന്നില്ല. ക്രിക്കറ്റ് ബോര്‍ഡും താരങ്ങളും പണമുണ്ടാക്കേണ്ട തിരക്കില്‍ മുഴുകിയപ്പോള്‍ നഷ്ടപ്പെട്ടത് അര്‍ഹിച്ച കിരീടം കൂടിയായിരുന്നു.

ഈ ഫൈനലിനേക്കാള്‍ ഐ.പി.എല്ലിന് പ്രാധാന്യം കൊടുത്തത് തന്നെയാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ടി-20 ഫോര്‍മാറ്റിന്റെ അന്തരീക്ഷത്തില്‍ നിന്നും ലോങ്ങര്‍ ഫോര്‍മാറ്റിലേക്ക് അഡാപ്റ്റ് ചെയ്യാന്‍ സീനിയര്‍ താരങ്ങള്‍ക്ക് പോലും സാധിച്ചില്ല.

വിരാട് കോഹ്‌ലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമെല്ലാം തന്നെ ഐ.പി.എല്ലില്‍ തങ്ങളുടെ ടീം പുറത്തായതിന് ശേഷം മാത്രമാണ് ഈ ബിഗ് ഇവന്റിനെ കുറിച്ച് ആലോചിച്ചത് പോലും. ഇംഗ്ലണ്ട് സാഹചര്യങ്ങളില്‍ ഒരാഴ്ചത്തെ പരിശീലനം കൊണ്ട് ഒന്നും നേടാന്‍ സാധിക്കില്ല എന്ന ബോധ്യം ആരാധകര്‍ക്കുണ്ടായിട്ടും അത് താരങ്ങള്‍ക്കും കോച്ചിനും അപെക്‌സ് ബോര്‍ഡിനും ഇല്ലാതെ പോയി.

 

 

ഇക്കൂട്ടത്തില്‍ ചേതേശ്വര്‍ പൂജാരയെ മാത്രം ഒഴിച്ചുനിര്‍ത്താവുന്നതാണ്. മറ്റ് താരങ്ങള്‍ ഐ.പി.എല്‍ കളിക്കുമ്പോള്‍ അദ്ദേഹം കൗണ്ടിയില്‍ ടെസ്റ്റ് കളിക്കുന്ന തിരക്കിലായിരുന്നു. (ഐ.പി.എല്ലില്‍ തന്നെക്കൊണ്ട് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കില്ല എന്ന് മനസിലാക്കിയതോടെ ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയാണ് അദ്ദേഹം കൗണ്ടിയില്‍ കളിക്കാനിറങ്ങിയത്). എങ്കിലും കൗണ്ടിയിലെ മികവ് അദ്ദേഹത്തിന് കണ്‍ട്രിക്ക് വേണ്ടി പുറത്തെടുക്കാന്‍ സാധിക്കാതെ പോയി.

2. പ്രധാന താരങ്ങളുടെ പരിക്ക്.

പ്രധാന താരങ്ങളുടെ പരിക്കാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായ മറ്റൊരു ഫാക്ടര്‍. കെ.എല്‍. രാഹുല്‍, റിഷബ് പന്ത്, ജസ്പ്രീത് ബുംറ എന്നീ വലിയ പേരുകാരില്ലാതെയാണ് ഇന്ത്യ ഫൈനലിനിറങ്ങിയത്.

ഐ.പി.എല്ലിനിടെയാണ് രാഹുലിന് പരിക്കേറ്റത്. ഇതോടെ ഓപ്പണിങ്ങിലെ വിശ്വസ്തന്റെ സേവനം ഇന്ത്യക്ക് നഷ്ടമായി. മധ്യനിരയില്‍ റിഷബ് പന്തും ബൗളിങ്ങില്‍ ബുംറയുടെ അഭാവവും ടീമിന് തിരിച്ചടിയായി.

പ്യുവര്‍ ടെസ്റ്റ് പ്രൊഡക്ടായ പന്തിന്റെ അഭാവമാണ് ഇന്ത്യക്ക് ഏറ്റവും വലിയ തിരിച്ചടി നല്‍കിയത്. കഴിഞ്ഞ ഡിസംബറില്‍ അപകടത്തില്‍ പരിക്കേറ്റ പന്തിന് ഐ.പി.എല്ലും ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയും ഇതിനോടകം തന്നെ നഷ്ടമായിരുന്നു.

ഓസീസിനെതിരെ മികച്ച സ്റ്റാറ്റ്‌സ് ഉള്ള താരമാണ് പന്ത്. ഗാബ കീഴടക്കിയ ഇന്ത്യന്‍ ടീമിനെ നിര്‍ണായക സാന്നിധ്യവും പന്ത് തന്നെയായിരുന്നു. ഇതിന് പുറമെ വിക്കറ്റിന് പിന്നിലും പന്തിന്റൈ സേവനം ഇന്ത്യക്ക് നഷ്ടമായിരുന്നു.

പരിക്കിന്റെ വിവരങ്ങള്‍ മറച്ചുവെച്ച് കളിക്കാനിറങ്ങിയതാണ് ബുംറക്ക് തിരിച്ചടിയായിത്. ഇതോടെ പരിക്ക് വഷളാവുകയും ബുംറക്ക് കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമാവുകയുമായിരുന്നു.

 

3. ടീം സെലക്ഷനിലെ പോരായ്മകള്‍.

ഫൈനലിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ആരാധകരുടെ മുഖം ചുളിഞ്ഞിരുന്നു. പരിചയ സമ്പന്നരായ പല താരങ്ങളെയും പുറത്തിരുത്തിക്കൊണ്ടാണ് ഇന്ത്യ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. പരിചയ സമ്പന്നനായ വൃദ്ധിമാന്‍ സാഹയെ അടക്കം പുറത്ത് നിര്‍ത്തിക്കൊണ്ടാണ് അഞ്ച് മത്സരങ്ങള്‍ തികച്ച് കളിക്കാത്ത കെ.എസ്. ഭരത്തിനെ പോലുള്ള താരങ്ങളെ വിക്കറ്റ് കീപ്പറായി സ്‌ക്വാഡിന്റെ ഭാഗമാക്കിയത്. പ്രോപ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ അഭാവം ഈ ഫൈനലില്‍ നിഴലിക്കുകയും ചെയ്തിരുന്നു.

ഫൈനലിനുള്ള ഇലവനെ പ്രഖ്യാപിച്ചപ്പോഴും വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സൈക്കിളില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് നേടിയ, ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാമതുള്ള അശ്വിനെ പുറത്തിരുത്തിയ നടപടിയും ഏറെ ചോദ്യം ചെയ്യപ്പെട്ടതാണ്. ഫൈനലിലെ തോല്‍വിക്ക് പിന്നാലെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവര്‍ ഇതേ ചോദ്യം ആവര്‍ത്തിച്ചിരുന്നു.

 

 

Content Highlight: 3 reasons why India lost World Test Championship