ന്യൂദല്‍ഹി: 2 ജി അഴിമതി കേസില്‍ പ്രതികള്‍ക്കെതിരെ നിയമപരമായി നിലനില്‍ക്കുന്ന തെളിവുകള്‍ക്കുവേണ്ടി എഴുവര്‍ഷം കാത്തിരുന്നിട്ടും അതെല്ലാം വെറുതെയായെന്ന് പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ഒ.പി. സെയ്നി. കേസില്‍ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധിയിലാണ് ജഡ്ജി ഏഴു വര്‍ഷം കാത്തിരുന്നിട്ടും സി.ബി.ഐ തെളിവുകള്‍ ഹാജരാക്കിയില്ലെന്ന് പറഞ്ഞത്.
“കഴിഞ്ഞ ഏഴുവര്‍ഷം, എല്ലാ അവധി ദിനങ്ങളിലും, എല്ലാ പ്രവൃത്തി ദിനങ്ങളിലും, വേനല്‍ അവധിക്കാലത്തുപോലും കേസില്‍ തെളിവിനുവേണ്ടി താന്‍ ക്ഷമയോടെ കാത്തിരുന്നു. എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ രാജ കുറ്റക്കാരനെന്ന് സ്ഥാപിക്കാന്‍ സാധിക്കുന്ന നിയമപരമായി സാധുതയുള്ള തെളിവിനുവേണ്ടി കാത്തിരുന്നിട്ടുണ്ട്. ആരെങ്കിലും തെളിവുനല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതെല്ലാം വെറുതെയായി” ജഡ്ജി ഒ.പി. സെയ്നി വിധിന്യായത്തില്‍ പറയുന്നു.
കെ. രാജ, കനിമൊഴി തുടങ്ങി കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവര്‍ക്കെതിരായ കേസുകളെല്ലാം കിംവദന്തികളുടെയും ഊഹത്തിന്റെയും അടിസ്ഥാനത്തിലാണെന്നും ജഡ്ജി വിധിന്യായത്തില്‍ പറയുന്നു.
പൊതുജനങ്ങളുടെ വിലയിരുത്തലുകള്‍ക്ക് കോടതി നടപടികളില്‍ സ്ഥാനമില്ലെന്ന് പറയുന്ന ജഡ്ജ് തെറ്റായ വിവരങ്ങള്‍ അടിസ്ഥാനമാക്കി വിദഗ്ധമായി സംവിധാനം ചെയ്തതാണ് സി.ബി.ഐയുടെ കുറ്റപത്രമെന്നും വിധിയില്‍ പറയുന്നു.
കേസില്‍ കുറ്റാരോപിതര്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന നിരീക്ഷണത്തോടെയായിരുന്നു കോടതി എല്ലാവരെയും കുറ്റവിമുക്തരാക്കിയിരുന്നത്. ഡി.എം.കെ നേതാക്കളായ രാജയും കനിമൊഴിയും അടക്കം 19 പ്രതികളാണ് കേസിലുണ്ടായിരുന്നത്. സി ബി ഐ പ്രത്യേക കോടതി ജസ്റ്റിസ് ഒ പി സെയ്നിയായിരുന്നു വിധി പുറപ്പെടുവിച്ചത്.
മുന്‍ ടെലികോം മന്ത്രിയായിരുന്ന എ.രാജ, കരുണാനിധിയുടെ മകളും ഡി.എം.കെ എം.പിയുമായ കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ് ബറുവ, ബോളിവുഡ് നിര്‍മാതാവ് കരീം മൊറാനി, വ്യവസായിയായ ഷാഹിദ് ബല്‍വ, അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ ഗൗതം ജോഷി എന്നിവരെയുള്‍പ്പെടെയായിരുന്നു കോടതി വെറുതെ വിട്ടത്.
2007-08 കാലയളവില്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ടെലികോം കമ്പനികള്‍ക്ക് 2 ജി സ്‌പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിരൂപയുടെ അഴിമതി നടന്നതായാണ് സി.എ.ജി വിനോദ് റായ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. അഴിമതി തെളിഞ്ഞതോടെ 2012 ഫെബ്രുവരിയില്‍ കമ്പനികള്‍ക്ക് അനുവദിച്ച ലൈസന്‍സുകളെല്ലാം സുപ്രീംകോടതി റദ്ദാക്കിയിരുന്നു.