ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ജഡ്ജിയുടെ ബെഞ്ചില്‍ നിന്ന് ടുജി കേസുകള്‍ മാറ്റി; പകരം ചിദംബരത്തെ തിഹാര്‍ ജയിലില്‍ അയച്ച ജഡ്ജിയുടെ ബെഞ്ച്
national news
ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ജഡ്ജിയുടെ ബെഞ്ചില്‍ നിന്ന് ടുജി കേസുകള്‍ മാറ്റി; പകരം ചിദംബരത്തെ തിഹാര്‍ ജയിലില്‍ അയച്ച ജഡ്ജിയുടെ ബെഞ്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th September 2019, 4:58 pm

ന്യൂദല്‍ഹി: ടുജി സ്‌പെക്ട്രം കേസുകള്‍ കോണ്‍ഗ്രസ് നേതാക്കളായ പി. ചിദംബരത്തിന്റെയും ഡി.കെ ശിവകുമാറിന്റെയും കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിയുടെ ബെഞ്ചിലേക്കു മാറ്റി. പ്രത്യേക സി.ബി.ഐ ജഡ്ജി ഒ.പി സെയ്‌നിയുടെ ബെഞ്ചില്‍ നിന്നാണ് ജസ്റ്റിസ് അജയ് കുമാര്‍ കുഹാറിന്റെ ബെഞ്ചിലേക്കു മാറ്റിയത്.

ഈ മാസം അവസാനം സെയ്‌നി വിരമിക്കുന്നതുകൊണ്ടാണ് ഈ തീരുമാനമെന്ന് ഉത്തരവ് പുറപ്പെടുവിച്ച ദല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ അടക്കമുള്ള ഹൈക്കോടതി ബെഞ്ചാണു നിര്‍ണായക തീരുമാനമെടുത്തത്.

ടുജി കേസുകളുടെ വിചാരണ കൈകാര്യം ചെയ്തിരുന്ന വ്യക്തിയാണ് സെയ്‌നി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ഈ മാസം മൂന്നിന് ചിദംബരത്തിനും മകന്‍ കാര്‍ത്തിക്കും എയര്‍സെല്‍-മാക്‌സിസ് കേസില്‍ സെയ്‌നി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.

കേസ് മാറ്റിവെയ്ക്കണമെന്ന് അന്വേഷണ ഏജന്‍സികളായ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) നിരന്തരം ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് ജാമ്യം അനുവദിച്ചത്.

അതേദിവസം തന്നെ കുഹാറിന്റെ ബെഞ്ച് ചിദംബരത്തെ ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ 15 ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടിരുന്നു. പൊലീസ് കസ്റ്റഡി അവസാനിക്കുന്ന ദിവസം തിഹാര്‍ ജയിലിലേക്ക് അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കു വിട്ടതും കുഹാറാണ്.

ശിവകുമാറിനെതിരായ ഇ.ഡിയുടെ കേസ് കൈകാര്യം ചെയ്യുന്നതും കുഹാറാണ്.

മുന്‍ ടെലികോം മന്ത്രി എ. രാജ, ഡി.എം.കെ നേതാവ് കനിമൊഴി എന്നിവരെ ടുജി കേസില്‍ 2017 ഡിസംബറില്‍ കുറ്റവിമുക്തരാക്കിയത് സെയ്‌നിയായിരുന്നു.

2011 ഏപ്രിലില്‍ സി.ബി.ഐ സമര്‍പ്പിച്ച ടുജി കേസിന്റെ കുറ്റപത്രത്തില്‍ 30,984 കോടി രൂപയുടെ നഷ്ടമാണ് സര്‍ക്കാര്‍ ഖജനാവിന് രാജയടക്കമുള്ളവര്‍ വരുത്തിയത്. ഇത് 2012 ഫെബ്രുവരി രണ്ടിന് സുപ്രീംകോടതി തള്ളിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

1981-ല്‍ ദല്‍ഹി പൊലീസ് സബ് ഇന്‍സ്‌പെക്ടറായാണ് സെയ്‌നിയുടെ കരിയര്‍ ആരംഭിക്കുന്നത്. ഹരിയാനക്കാരനായ സെയ്‌നി ആറുവര്‍ഷത്തിനു ശേഷമാണ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പരീക്ഷയെഴുതി പാസ്സായത്. ആ വര്‍ഷം പരീക്ഷ പാസ്സായ ഏക വ്യക്തിയും സെയ്‌നിയാണ്.

പിന്നീട് രണ്ടായിരത്തില്‍ ചെങ്കോട്ട ആക്രമണക്കേസില്‍ പോട്ട ജഡ്ജിയായി അദ്ദേഹം നിയമിതനായി. സൈനിക ക്യാമ്പ് ആക്രമിച്ചതിന് മുഹമ്മദ് ആരിഫിനെ വധശിക്ഷയ്ക്കും മറ്റ് ആറുപേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചത് സെയ്‌നിയാണ്.

ചിത്രത്തില്‍ ഇടത്തുനിന്ന് ആദ്യം: ഒ.പി സെയ്നി, രണ്ടാമത് അജയ് കുമാര്‍ കുഹാര്‍